വിദ്യാഭ്യാസ വാർത്തകൾ
മിലിട്ടറി കോളേജ് യോഗ്യതാ പരീക്ഷ
ഡെറാഡൂണിലെ രാഷ്ട്രീയ ഇൻഡ്യൻ മിലിട്ടറി കോളേജിലേക്ക് (RIMC) 2027 ജൂലൈ മാസത്തിൽ നടക്കുന്ന 8-ാം ക്ലാസ് പ്രവേശനത്തിനുള്ള യോഗ്യതാപരീക്ഷ തിരുവനന്തപുരം, പൂജപ്പുര, പരീക്ഷാ കമ്മീഷണറുടെ ഓഫീസിൽ വച്ച് ഡിസംബർ 6ന് നടക്കും. 02/07/2013 നും 01/01/2015 നും ഇടയിൽ ജനിച്ച പെൺകുട്ടികൾക്കും, ആൺകുട്ടികൾക്കും അപേക്ഷിക്കാം. ഓൺലൈനായി അപേക്ഷിക്കുന്നതിനും വിശദവിവരങ്ങൾക്കും https://exams.nta.nic.in/RIMCEE സന്ദർശിക്കണം.
സർട്ടിഫിക്കറ്റ് വിതരണം
2025 ഡിസംബർ വിജ്ഞാപന പ്രകാരം കെ-ടെറ്റ് പരീക്ഷയെഴുതി വിജയിച്ച വിദ്യാർഥികളുടെ അസ്സൽ സർട്ടിഫിക്കറ്റ് സെപ്റ്റംബർ 22, 23, 24 (കാറ്റഗറി- 2, 3) 25, 26 (കാറ്റഗറി- 1, 4) എന്നീ ക്രമത്തിൽ തിരുവനന്തപുരം ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ കാര്യാലയത്തിൽ നിന്നും വിതരണം ചെയ്യും. ഉദ്യോഗാർഥികൾ അസ്സൽ ഹാൾടിക്കറ്റ് നിർബന്ധമായും ഹാജരാക്കണം.
മേഴ്സി ചാൻസ്
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിൽ വിവിധ പോളിടെക്നിക് കോളേജുകളിൽ 2010 റിവിഷൻ പ്രകാരം പഠനം നടത്തിയ വിദ്യാർഥികൾക്ക് സപ്ലിമെന്ററി പരീക്ഷ എഴുതുന്നതിന് മേഴ്സി ചാൻസ് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. 2010 റിവിഷൻ സ്കീമിൽ പ്രവേശനം നേടിയവരും അതിന് മുമ്പുള്ള റിവിഷനിൽ നിന്നും 2010 റിവിഷനിലേക്ക് മാറ്റം നേടിയവരുമായ വിദ്യാർഥികളിൽ ഇതുവരെ ഡിപ്ലോമ വിജയിക്കാത്തവർക്ക് മേഴ്സി ചാൻസ് പരീക്ഷ എഴുതാം. വിവരങ്ങൾക്ക്: www.sbte.kerala.gov.in.
എൻ.ആർ.ഐ. സീറ്റ് അലോട്ട്മെന്റ് ഓപ്ഷൻ സമർപ്പണം
2026-27 വർഷത്തെ ബി.എസ്‌സി. നഴ്‌സിങ് ആന്റ് അലൈഡ് ഹെൽത്ത് സയൻസസ് കോഴ്‌സുകളുടെ എൻ.ആർ.ഐ. സീറ്റുകളിലേക്ക് സെപ്റ്റംബർ 24ന് നടക്കുന്ന അലോട്ട്മെന്റിന് ഓൺലൈനായി 22നും 23നും www.lbscentre.kerala.gov.in മുഖേന ഓപ്ഷൻ സമർപ്പിക്കാം. വിവരങ്ങൾക്ക്: 0471-2560361, 2560362, 2560363, 2560364.


