അക്ഷയ സിൽവർ ജൂബിലി ആഘോഷങ്ങൾക്ക് വിപുലമായ ഒരുക്കങ്ങൾ; നവംബർ 18ന് സംസ്ഥാനതല ഉദ്ഘാടനം

അക്ഷയ ദിനാഘോഷവും സിൽവർ ജൂബിലി ആഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനവും നവംബർ 18ന് തിരുവനന്തപുരത്തെ ലെമൺ ട്രീ ഹോട്ടലിൽ നടത്താൻ തീരുമാനിച്ചു. അന്നേദിവസം എല്ലാ അക്ഷയ സംരംഭകരെയും ഉൾപ്പെടുത്തി വിപുലമായ പരിപാടി സംഘടിപ്പിക്കും. സംസ്ഥാനത്തെ 200 അക്ഷയ സംരംഭകരെ പങ്കെടുപ്പിക്കാനും യോഗം തീരുമാനിച്ചു

Nov 11, 2026
അക്ഷയ സിൽവർ ജൂബിലി ആഘോഷങ്ങൾക്ക് വിപുലമായ ഒരുക്കങ്ങൾ; നവംബർ 18ന് സംസ്ഥാനതല ഉദ്ഘാടനം

തിരുവനന്തപുരം: അക്ഷയ കേന്ദ്രങ്ങളുടെ സിൽവർ ജൂബിലി ആഘോഷങ്ങൾ വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കാൻ തീരുമാനം. അക്ഷയ കേന്ദ്രങ്ങളുടെ 25 വർഷത്തെ സേവനപാരമ്പര്യം ആഘോഷിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം വിവിധ പരിപാടികൾ സംഘടിപ്പിക്കും. ഇതുസംബന്ധിച്ച് നവംബർ 5ന് രാവിലെ 10.20ന് സി-ഡിറ്റിന്റെ പട്ടം ഓഫീസിൽ അക്ഷയ ഡയറക്ടർ ഡോ. എം. അബ്ദുൽ റഹിമാന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു.

അക്ഷയ ദിനാഘോഷവും സിൽവർ ജൂബിലി ആഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനവും നവംബർ 18ന് തിരുവനന്തപുരത്തെ ലെമൺ ട്രീ ഹോട്ടലിൽ നടത്താൻ തീരുമാനിച്ചു. അന്നേദിവസം എല്ലാ അക്ഷയ സംരംഭകരെയും ഉൾപ്പെടുത്തി വിപുലമായ പരിപാടി സംഘടിപ്പിക്കും. സംസ്ഥാനത്തെ 200 അക്ഷയ സംരംഭകരെ പങ്കെടുപ്പിക്കാനും യോഗം തീരുമാനിച്ചു.
നവംബർ 30ന് മലപ്പുറം ജില്ലയിലെ റോസ് ലോഞ്ച് ഓഡിറ്റോറിയത്തിൽ മറ്റൊരു പ്രധാന പരിപാടിയും സംഘടിപ്പിക്കും. പ്രാദേശിക തലത്തിൽ എല്ലാ അക്ഷയ സംരംഭകരുടെയും പങ്കാളിത്തം ഉറപ്പാക്കുന്നതിനും ഓരോ ജില്ലയിലും പ്രത്യേക സംഘാടക സമിതികൾ രൂപീകരിക്കുന്നതിനും തീരുമാനമായി.

വിവിധ നിർദേശങ്ങളുമായി പ്രതിനിധികൾ

യോഗത്തിൽ പങ്കെടുത്ത പ്രതിനിധികൾ അക്ഷയ കേന്ദ്രങ്ങളുടെ പ്രവർത്തനം കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി വിവിധ നിർദേശങ്ങൾ മുന്നോട്ടുവച്ചു.

അക്ഷയ സംരംഭകരുടെ ഫോറത്തെ പ്രതിനിധീകരിച്ച് സ്റ്റീഫൻ ജോൺ, പ്രവീൺ കുമാർ എ.വി. എന്നിവർ പങ്കെടുത്തു. അസോസിയേഷൻ ഓഫ് ഐ.ടി. എംപ്ലോയീസിനെ പ്രതിനിധീകരിച്ച് എ.ഡി. ജയൻ, അനീഷ് ബി. എന്നിവരും അക്ഷയ വെൽഫെയർ അസോസിയേഷനെ പ്രതിനിധീകരിച്ച് ചാക്കോച്ചൻ എം.പി., അരവിന്ദ് പി.വി. എന്നിവരും പങ്കെടുത്തു.


സ്റ്റേറ്റ് ഐ.ടി. എംപ്ലോയീസ് യൂണിയൻ (SITeU-STU) പ്രതിനിധികളായി ഷാജഹാൻ ടി.എ., അൻവർ സാദിഖ് എ., ശ്യാം സുന്ദർ എന്നിവരും യോഗത്തിൽ പങ്കെടുത്തു.അക്ഷയ ഡയറക്ടർ ഡോ. എം. അബ്ദുൽ റഹിമാൻ യോഗത്തിലെ തീരുമാനങ്ങൾക്ക് നേതൃത്വം നൽകി.

അക്ഷയയുടെ 25 വർഷത്തെ സേവനപാരമ്പര്യം അടയാളപ്പെടുത്തുന്നതിനൊപ്പം വരുംകാലത്ത് കൂടുതൽ ആധുനികവും ജനസൗഹൃദപരവുമായ സേവനകേന്ദ്രങ്ങളായി അക്ഷയയെ മാറ്റുന്നതിനുള്ള പ്രവർത്തനങ്ങൾക്കാണ് സിൽവർ ജൂബിലി ആഘോഷങ്ങൾ വഴി ലക്ഷ്യമിടുന്നത്.

Prajeesh N K MADAPPALLY