പുതിയ ബിസിനസ്സ് അവസരങ്ങൾ തുറന്നുകാട്ടി അക്ഷയ ന്യൂസ് കേരള ബിസിനസ് മീറ്റ് സമാപിച്ചു
അക്ഷയ സംരംഭകർക്ക് പുതിയ പ്രതീക്ഷകളും ബിസിനസ് സാധ്യതകളും സമ്മാനിച്ചുകൊണ്ട് ഇ-വോയ്സ് ഇൻഫോ പ്രൈവറ്റ് ലിമിറ്റഡിന്റെയും അക്ഷയ ന്യൂസ് കേരളയുടെയും ആഭിമുഖ്യത്തിൽ തൃശ്ശൂർ ഹോട്ടൽ പേൾ റീജൻസിയിൽ സംഘടിപ്പിച്ച ബിസിനസ് മീറ്റ് സമാപിച്ചു. അക്ഷയ സംരംഭകരുടെ വരുമാന വർധനവും ബിസിനസ് വിപുലീകരണവും ലക്ഷ്യമിട്ട് പുതിയ സേവന മേഖലകളും സംരംഭക സാധ്യതകളും പരിചയപ്പെടുത്തുന്നതിനാണ് മീറ്റ് സംഘടിപ്പിച്ചത്. സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ നിന്നായി 70 അക്ഷയ സംരംഭകർ പരിപാടിയിൽ പങ്കെടുത്തു. ബിസിനസ് മീറ്റിന്റെ ഉദ്ഘാടന സമ്മേളനത്തിൽ കേരള സംഗീത നാടക അക്കാദമി സെക്രട്ടറി എൻ.വി. പ്രദീപ്കുമാർ മുഖ്യാതിഥിയായി. ഇ-വോയ്സ് ഇൻഫോ പ്രൈവറ്റ് ലിമിറ്റഡ് മാനേജിങ് ഡയറക്ടർ ജഫേഴ്സൻ മാത്യു ബിസിനസ് മീറ്റ് ഉദ്ഘാടനം ചെയ്തു. അക്ഷയ ന്യൂസ് കേരള ചീഫ് എഡിറ്റർ സോജൻ ജേക്കബ് അധ്യക്ഷത വഹിച്ചു. അക്ഷയ ന്യൂസ് കേരള മാനേജിങ് എഡിറ്റർ പ്രമോദ് കെ. റാം സ്വാഗതം ആശംസിച്ചു. അക്ഷയ സംരംഭകർക്ക് നിലവിലുള്ള സേവനങ്ങൾക്കപ്പുറം പുതിയ വരുമാന മാർഗങ്ങൾ കണ്ടെത്താനും മാറിവരുന്ന ബിസിനസ് സാഹചര്യങ്ങൾക്കനുസരിച്ച് പ്രവർത്തനങ്ങൾ വിപുലീകരിക്കാനും സഹായിക്കുന്ന വിവിധ ആശയങ്ങളും സാധ്യതകളും മീറ്റിൽ ചർച്ചയായി. രാജേഷ് ചാത്തമംഗലം, മനോജ് കോട്ടയം, സൂരജ് കോഴിക്കോട്, നിഷാന്ത് ഇടുക്കി, പ്രജീഷ് വടകര, റാഷിക്ക് പൂക്കോം, സിമി ഇരിഞ്ഞാലക്കുട എന്നിവർ സംസാരിച്ചു. പുതിയ ബിസിനസ് സാധ്യതകൾ പരിചയപ്പെടാനും പരസ്പര ആശയവിനിമയത്തിലൂടെ സംരംഭക കൂട്ടായ്മ ശക്തിപ്പെടുത്താനും അവസരമൊരുക്കിയ ബിസിനസ് മീറ്റ് അക്ഷയ സംരംഭകർക്ക് പുതിയ പ്രതീക്ഷകളും മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്ക് ഊർജവും പകർന്നുനൽകി.


