ആവേശം കണ്ട് ഫഹദിന് അഭിനന്ദനവുമായി വിഘ്നേഷ് ശിവൻ
ഫഹദ് ഫാസിൽ-ജിത്തു മാധവൻ ടീം ഒന്നിച്ച ആവേശം അമ്പതുകോടി കളക്ഷനും പിന്നിട്ട് കുതിക്കുന്ന ചിത്രത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് തമിഴ് സംവിധായകനായ വിഘ്നേഷ് ശിവൻ
ചരിത്രം രചിച്ച് മുന്നേറുകയാണ് ഫഹദ് ഫാസിൽ-ജിത്തു മാധവൻ ടീം ഒന്നിച്ച ആവേശം. അമ്പതുകോടി കളക്ഷനും പിന്നിട്ട് കുതിക്കുന്ന ചിത്രത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് തമിഴ് സംവിധായകനായ വിഘ്നേഷ് ശിവൻ. ഗംഭീര സിനിമാനുഭവമാണ് ആവേശമെന്ന് ഇൻസ്റ്റാഗ്രാം സ്റ്റാറ്റസിൽ വിഘ്നേഷ് കുറിച്ചു.ആവേശം അതിശയിപ്പിച്ചെന്നും ചിത്രം കണ്ട് ഞെട്ടിയെന്നും വിഘ്നേഷ് ശിവൻ സ്റ്റാറ്റസിൽ കുറിച്ചു. നിങ്ങൾ ഈ ഭൂമിയിലൊന്നുമുള്ളയാളല്ല എന്നാണ് ഫഹദിനെ അദ്ദേഹം സ്റ്റാറ്റസിൽ അഭിനന്ദനസൂചകമായി വിശേഷിപ്പിച്ചിരിക്കുന്നത്. ഭ്രാന്തമായി എഴുതുകയും അതിശയകരമായി നടപ്പാക്കുകയും ചെയ്ത സിനിമയാണിതെന്നും അദ്ദേഹം പറഞ്ഞു. സംവിധായകൻ ജിത്തു മാധവനേയും സംഗീത സംവിധായകൻ സുഷിൻ ശ്യാമിനേയും മലയാള സിനിമയെ മൊത്തത്തിലും വിഘ്നേഷ് അഭിനന്ദിക്കുന്നു.കഴിഞ്ഞദിവസം നടി നയൻതാരയും മലയാളസിനിമയെ സോഷ്യൽ മീഡിയയിലൂടെ അഭിനന്ദിച്ചിരുന്നു. പ്രേമലു കണ്ട് ഇഷ്ടപ്പെട്ടെന്നാണ് താരം ഇൻസ്റ്റാഗ്രാം സ്റ്റാറ്റസിട്ടത്. നല്ല ചിത്രങ്ങൾ തന്നെ സന്തോഷിപ്പിക്കുമെന്നാണ് പ്രേമലുവിലെ ഒരു രംഗത്തിന്റെ സ്ക്രീൻഷോട്ടിനൊപ്പം നയൻതാര എഴുതിയത്.ഈ വർഷം മികച്ച കളക്ഷൻ ലഭിച്ച മലയാളചിത്രങ്ങളിൽപ്പെട്ട രണ്ടെണ്ണമാണ് പ്രേമലുവും ആവേശവും. 120 കോടിയിലേറെ ബോക്സോഫീസ് കളക്ഷൻ ലഭിച്ച പ്രേമലു ഏതാനും ദിവസങ്ങൾക്കുമുൻപാണ് ഒ.ടി.ടി റിലീസ് ചെയ്തത്.