*റവന്യു ഓഫീസുകൾ സ്മാർട്ട് സംവിധാനമാക്കി മാറ്റുന്നതിലൂടെ ഉദ്യോഗസ്ഥർക്കും പൊതുജനങ്ങൾക്കും അത്യാധുനിക സൗകര്യങ്ങളോടെ കാര്യക്ഷമവും സുതാര്യവുമായ സേവനങ്ങൾ ഉറപ്പാക്കുന്നുവെന്ന് റവന്യു–ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ. രാജൻ. മാനന്തവാടി താലൂക്കിലെ പൊരുന്നന്നൂർ സ്‌മാർട്ട് വില്ലേജ് ഓഫീസ് നിർമ്മാണ ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്തിൽ ആയിരത്തിലധികം വില്ലേജ് ഓഫീസുകൾ ഇതിനകം സ്മാർട്ട് ഓഫീസുകളായി മാറിയതായി മന്ത്രി അറിയിച്ചു. റവന്യു വകുപ്പിൽ നിന്ന് ലഭിക്കുന്ന വിവിധ സേവനങ്ങൾ ഇന്ത്യയ്ക്ക് പുറത്ത് പത്തോളം രാജ്യങ്ങളിൽ നിന്നും പോലും ഓൺലൈൻ സംവിധാനങ്ങളിലൂടെ ലഭ്യമാക്കുന്ന തരത്തിൽ സേവനങ്ങൾ നവീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വില്ലേജ് ഓഫീസർമാരിൽ നിന്ന് ലഭ്യമാക്കുന്ന 21ഓളം റവന്യൂ സേവനങ്ങൾ ഇതിനകം ഇ-സേവനങ്ങളാക്കി മാറ്റിയതായും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് 623 പുതിയ സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടങ്ങൾ നിലവിൽ വന്നിട്ടുണ്ട്. 407 വില്ലേജ് ഓഫീസുകൾ അറ്റകുറ്റപ്പണികൾ വഴി സ്മാർട്ട് ഓഫീസുകളാക്കി നവീകരിച്ചു. കൂടാതെ 263 സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടങ്ങളുടെ നിർമ്മാണം പുരോഗമിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.പട്ടയ മിഷൻ സംസ്ഥാനത്ത് വിപ്ലവകരമായ മാറ്റങ്ങൾക്ക് വഴിയൊരുക്കിയതായും നാലര ലക്ഷം കുടുംബങ്ങൾക്ക് ഭൂമിയുടെ നിയമാനുസൃത ഉടമസ്ഥാവകാശം ഉറപ്പാക്കാനായതായും മന്ത്രി പറഞ്ഞു. അർഹരായ എല്ലാവർക്കും ഭൂമിയുടെ ഉടമസ്ഥാവകാശം ഉറപ്പാക്കുക എന്ന ദൗത്യമാണ് സർക്കാർ ഏറ്റെടുത്ത് വിജയകരമായി നടപ്പാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്ഥാനത്തെ എല്ലാ വില്ലേജ് ഓഫീസുകളും നവീകരിക്കുന്ന നടപടികൾ പുരോഗമിച്ചുക്കുകയാണെന്നും പൊതുജനങ്ങൾക്ക് സമയബന്ധിതമായും സുതാര്യമായും വേഗതയേറിയതുമായ സേവനങ്ങൾ ഉറപ്പാക്കുകയാണ് സർക്കാരിന്റെ പ്രധാന ലക്ഷ്യമെന്നും പട്ടികജാതി–പട്ടികവർഗ്ഗ–പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ. ആർ കേളു അധ്യക്ഷ പ്രസംഗത്തിൽ വ്യക്തമാക്കി.മാനന്തവാടി മണ്ഡലത്തിൽ മാത്രം 5000 ഓളം പേർക്ക് ഭൂരേഖകൾ കൈമാറാൻ കഴിഞ്ഞതായും ഡിജിറ്റൽ ഭൂസർവേ പ്രവർത്തനങ്ങളും കൃത്യതയോടെ നടന്നു വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വില്ലേജ് ഓഫീസുകൾ സ്മാർട്ട് സംവിധാനങ്ങളിലേക്ക് മാറുന്നതോടെ ഉദ്യോഗസ്ഥർക്ക് കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കാൻ അനുയോജ്യമായ സാഹചര്യം സൃഷ്ടിക്കപ്പെടുന്നതായും മന്ത്രി പറഞ്ഞു. മുണ്ടക്കൈ–ചൂരൽമല ദുരന്തത്തിൽപ്പെട്ട അതിജീവിതർക്കുള്ള വീടുകളുടെ കൈമാറ്റം സുതാര്യമായി ക്രമീകരിക്കാൻ കഴിഞ്ഞത് ജില്ലാ ഭരണകൂടത്തിന്റെയും സർക്കാരിന്റെയും ഏകോപിത ഇടപെടലിന്റെ ഫലമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മാനന്തവാടി മെഡിക്കൽ കോളേജിന്റെ നിർമ്മാണം വേഗത്തിൽ പുരോഗമിച്ചുകൊണ്ടിരിക്കാനെന്നും, ജില്ലയുടെ സമഗ്ര വികസനത്തിന് സർക്കാർ പ്രതേക പ്രാധാന്യം നൽകുകയാണെന്നും മന്ത്രി പറഞ്ഞു. ജില്ലയിൽ ഉദ്യോഗസ്ഥർ മികച്ച രീതിയിൽ പ്രവർത്തിക്കുന്നതായും, വികസന പ്രവർത്തനങ്ങൾക്ക് പൊതുസമൂഹത്തിന്റെ പിന്തുണ അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കമർലൈല, ജില്ലാ പഞ്ചായത്ത് അംഗം പി. മുഫീദ തെസ്നി, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് അംഗം ആസ്യ മൊയ്തു, ജില്ലാ കളക്ടർ ഡി. ആർ മേഘശ്രീ, വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് അംഗം കെ. കെ മമ്മൂട്ടി മദനി, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ. സി. കെ നജുമുദ്ധീൻ, ഷിജു അഗസ്റ്റിൻ, പുഷ്പലത, പി. കെ മമ്മൂട്ടി ആരാം, അനിൽ വള്ളുവക്കണ്ടി, ദീപു ജെയിംസ്, എം. ടി ഇബ്രാഹിം, അസീസ് കൊടക്കാട്ട്, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ പങ്കെടുത്തു.