മുംബൈ ആദായനികുതി വകുപ്പ് സ്പോർട്സ് ക്വാട്ടയിൽ നിയമിതരായി നാല് മലയാളി കായികതാരങ്ങൾ
തിരുവനന്തപുരം :13 ആഗസ്റ്റ് 2026
വിവിധ കായിക ഇനങ്ങളിൽ അന്താരാഷ്ട്ര-ദേശീയ തലങ്ങളിൽ നേട്ടം കൈവരിച്ച നാല് മലയാളി കായിക താരങ്ങൾക്ക് മുംബൈ ആദായനികുതി വകുപ്പ് സ്പോർട്സ് ക്വാട്ടയിൽ നിയമനം. മുംബൈ ആയ്കർ ഭവനിൽ നടന്ന ചടങ്ങിൽ സാന്ദ്രമോൾ സാബു, ജിൽന എം.വി, ശ്യാം പ്രസാദ് യു, അൽഫോൻസിയ എം എന്നിവർ മുംബൈ ആദായനികുതി പ്രിൻസിപ്പൽ ചീഫ് കമ്മീഷണർ ശ്രീ അലോക് കുമാറിൽ നിന്ന് നിയമന ഉത്തരവുകൾ ഏറ്റുവാങ്ങി. ഫുട്ബോൾ, അത്ലറ്റിക്സ്, ബാഡ്മിൻ്റൺ എന്നീ ഇനങ്ങളിൽ കഴിവ് തെളിയിച്ച താരങ്ങളാണിവർ.
സീനിയർ വനിതാ ദേശീയ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ 2024–25, 2025–26 സീസണുകളിൽ കേരളത്തെ പ്രതിനിധീകരിച്ച അൽഫോൻസിയക്ക് മൾട്ടി ടാസ്കിംഗ് സ്റ്റാഫായാണ് നിയമനം.
2026-ൽ ചൈനയിൽ നടന്ന അണ്ടർ 23 ഏഷ്യൻ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ 4×400 മീറ്റർ മിക്സഡ് റിലേയിലും 4×400 മീറ്റർ വനിതാ റിലേയിലും സ്വർണ്ണ മെഡലുകൾ നേടിയ സാന്ദ്രമോൾ സാബുവും മൾട്ടി ടാസ്കിംഗ് സ്റ്റാഫായി നിയമിതയായി. 2024-ൽ ദുബായിൽ നടന്ന അണ്ടർ 20 ഏഷ്യൻ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ സ്വർണ്ണവും വെള്ളിയും താരം സ്വന്തമാക്കിയിട്ടുണ്ട്.
2025-ൽ റാഞ്ചിയിൽ നടന്ന 4-ാമത് ദക്ഷിണേഷ്യൻ സീനിയർ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിലും (SAAF), ചെന്നൈയിൽ നടന്ന 64-ാമത് നാഷണൽ ഇന്റർ സ്റ്റേറ്റ് സീനിയർ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിലും 4×100 മീറ്റർ റിലേയിൽ വെള്ളി മെഡൽ കരസ്ഥമാക്കിയ ജിൽനയ്ക്ക് ടാക്സ് അസിസ്റ്റന്റ് തസ്തികയിൽ നിയമനം ലഭിച്ചു.
2023-ലെ APACS കസാക്കിസ്ഥാൻ ഇന്റർനാഷണൽ സീരീസിൽ പുരുഷ ഡബിൾസിൽ ഒന്നാം സ്ഥാനം (സ്വർണ്ണം) നേടിയ ബാഡ്മിൻ്റൺ താരം ശ്യാം പ്രസാദും ടാക്സ് അസിസ്റ്റന്റായി നിയമിതനായി. 2025-ലെ 79-ാമത് സൗത്ത് സോൺ ഇന്റർ സ്റ്റേറ്റ് ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധീകരിച്ച് പുരുഷ ഡബിൾസിൽ മൂന്നാം സ്ഥാനവും ശ്യാം പ്രസാദ് നേടിയിട്ടുണ്ട്.
97 ഒഴിവുകളിലേക്ക് 07.01.2026-ലെ വിജ്ഞാപന പ്രകാരമാണ് അപേക്ഷകൾ ക്ഷണിച്ചിരുന്നത്. വിവിധ കായിക ഇനങ്ങളിൽ നിന്നായി 3,595 അപേക്ഷകളാണ് ലഭിച്ചത്. നിർദ്ദിഷ്ട മാനദണ്ഡങ്ങൾ അനുസരിച്ച് കൃത്യമായ പരിശോധനകൾക്കും വിലയിരുത്തലുകൾക്കും ശേഷമാണ്, യോഗ്യതയുടെ അടിസ്ഥാനത്തിൽ 97 പേരെ തെരഞ്ഞെടുത്തത്.


