നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 389 ആയി.
84 ഇന്ത്യക്കാരെ രക്ഷപ്പെടുത്തിയതായി വിദേശകാര്യ മന്ത്രാലയം.
നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 389 ആയി ഉയർന്നു. 290 ഇന്ത്യൻ വിനോദസഞ്ചാരികൾ ഉൾപ്പെടെ 1500 ഓളം പേരെ ഇനിയും കണ്ടെത്താനുണ്ട്. 33 മലയാളികളെയും കാണാതായതായാണ് വിവരം. 1,500 ലധികം പേരെ രക്ഷപ്പെടുത്തിയതായും, രക്ഷാപ്രവർത്തനം ഊർജിതമായി പുരോഗമിക്കുകയാണെന്നും നേപ്പാൾ പോലീസ് അറിയിച്ചു. അതേസമയം മിന്നൽപ്രളയത്തിൽ കുടുങ്ങിയ മലയാളികളെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ ലഭ്യമായിട്ടില്ലെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി അറിയിച്ചു. വിദേശകാര്യ മന്ത്രാലയവുമായി നിരന്തരം ബന്ധപ്പെട്ടു വരുന്നതായും അദ്ദേഹം തൃശ്ശൂരിൽ മാധ്യമങ്ങളോട് പറഞ്ഞു.


