നോർക്ക കെയര്‍ പ്ലസ് രണ്ടാം ഘട്ട എൻറോൾമെന്റ് അക്ഷയ കേന്ദ്രങ്ങള്‍ക്കായി പരിശീലന പരിപാടി സംഘടിപ്പിച്ചു

Sep 6, 2026
നോർക്ക കെയര്‍  പ്ലസ് രണ്ടാം ഘട്ട എൻറോൾമെന്റ്  അക്ഷയ കേന്ദ്രങ്ങള്‍ക്കായി പരിശീലന പരിപാടി സംഘടിപ്പിച്ചു
RASHIK POOKKOM

2026 സെപ്റ്റംബര്‍ 18 വരെ സംഘടിപ്പിക്കുന്ന നോര്‍ക്ക കെയർ പ്ലസ്  രണ്ടാം ഘട്ട എൻറോൾമെന്റിന്റെ ഭാഗമായി അക്ഷയ സെന്റർ ജില്ലാ/ബ്ലോക്ക് കോർഡിനേറ്റർമാർക്കായി ഓണ്‍ലൈന്‍  പരിശീലന പരിപടി സംഘടിപ്പിച്ചു.

പ്രവാസികേരളീയര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്സ് വഴി നടപ്പിലാക്കുന്ന സമഗ്ര ആരോഗ്യ അപകട ഇൻഷുറൻസ് പദ്ധതിയായ നോര്‍ക്ക കെയർ പ്ലസിലും നോര്‍ക്ക ഐ.ഡി കാര്‍ഡ് പദ്ധതിയിലും സംസ്ഥാനത്തെ 3000 ത്തോളം അക്ഷയ കേന്ദ്രങ്ങള്‍ വഴിയും എന്‍റോള്‍ ചെയ്യുന്നതിന് സംവിധാനമൊരുക്കുന്നതിന്റെ ഭാഗമായാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത്.  

നോര്‍ക്ക റൂട്ട്സ് ജനറല്‍ മാനേജര്‍ പ്രകാശ് പി ജോസഫ്, നോര്‍ക്ക ഐ.ഡി കാര്‍ഡ് വിഭാഗം ജീവനക്കാര്‍, അക്ഷയ ഇൻഷുറൻസ് ബ്രോക്കേഴ്സ് (AiBL) എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് സന്തോഷ് കെ.എം എന്നിവര്‍ എന്‍റോള്‍മെന്റ് നടപടിക്രമം വിശദീകരിച്ചു. നോര്‍ക്ക കെയർ പ്ലസ്  രണ്ടാം ഘട്ട എൻറോൾമെന്റില്‍  ഇതുവരെ പതിമൂവായിരത്തിലധികം പ്രവാസികുടുംബംങ്ങള്‍ എൻറോൾ ചെയ്തു.

ഒരു   ലക്ഷത്തോളം വ്യക്തികള്‍ക്കാണ് ഇതുവഴി ഇൻഷുറൻസ് പരിരക്ഷ ലഭിക്കുക. 

സാധുവായ നോര്‍ക്ക പ്രവാസി ഐ.ഡി, സ്റ്റുഡന്റ് ഐ.ഡി (വിദേശത്ത്). എന്‍.ആര്‍.കെ ഐ.ഡി കാര്‍ഡുളള 18 വയസ്സ് മുതൽ 70 വയസ്സ് വരെയുള്ള പ്രവാസി കേരളീയര്‍ക്ക് സെപ്റ്റംബർ 18 വരെ നോര്‍ക്ക കെയർ പ്ലസ്സിൽ എൻറോൾ  ചെയ്യാവുന്നതാണ്.

നോര്‍ക്ക റൂട്ട്സിന്റെ ഔദ്യോഗിക വെബ്ബ്സൈറ്റായ www.norkaroots.kerala.gov.in സന്ദര്‍ശിച്ചോ നോര്‍ക്ക കെയര്‍ പ്ലസ് മൊബൈല്‍ ആപ്പുകള്‍ മുഖേനയോ രജിസ്റ്റര്‍ ചെയ്യാം. നോര്‍ക്ക അംഗീകരിച്ച പ്രവാസി സംഘടനകളിലൂടെ മാസ്സ് എൻറോൾമെന്റിനും, വിദേശത്ത് പ്രവാസികേരളീയര്‍ ജോലിചെയ്യുന്ന കമ്പനികൾക്കായി പ്രത്യേക രജിസ്ട്രേഷൻ സൗകര്യവും സജ്ജമാക്കിയിട്ടുണ്ട്. 

ഇന്ത്യയിലെ വിവിധ നഗരങ്ങളില്‍ നോര്‍ക്ക എന്‍ ആര്‍ ഡവലപ്മെന്റ് ഓഫീസുകളുടെ നേതൃത്വത്തിലും ആഗോളതലത്തില്‍ പ്രവാസി സംഘടനകളുടെ നേതൃത്വത്തിലും പ്രത്യേകം രജിസ്ട്രേഷന്‍ ക്യാമ്പുകളും സംഘടിപ്പിച്ചുവരുന്നു.

പ്രവാസി കേരളീയർക്ക് അഞ്ചു ലക്ഷം മുതല്‍ ഒരു കോടി രൂപ വരെയുള്ള ഏഴു വ്യത്യസ്ത സ്ലാബുകളിലായി ആരോഗ്യ ഇൻഷുറൻസും (GMC) ഒരു കോടി രൂപ വരെയുള്ള അപകട ഇൻഷുറൻസും (GPA) നൽകുന്നതാണ് നോർക്ക കെയർ പ്ലസ്.  

10 ലക്ഷം മുതലുളള പോളിസികളിൽ പ്രവാസിയുടേയോ പങ്കാളിയുടേയോ 80 വയസ്സ് വരെയുള്ള മാതാപിതാക്കളെയും ചേർക്കാം.

2027 ഏപ്രിൽ 14 വരെയാണ് പോളിസി കാലാവധി.