ഫെയ്സ് കണ്ണൂർ ജില്ലാ കൺവെൻഷൻ സംഘടിപ്പിച്ചു.

Aug 31, 2026
ഫെയ്സ് കണ്ണൂർ ജില്ലാ കൺവെൻഷൻ സംഘടിപ്പിച്ചു.
RASHIK POOKKOM

കണ്ണൂർ : അക്ഷയ സംരംഭകരുടെ കൂട്ടായ്മയായ ഫെയ്സ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കണ്ണൂർ ശിക്ഷക് സദൻ ഓഡിറ്റോറിയത്തിൽ ജില്ലാ കൺവെൻഷൻ വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. കണ്ണൂർ എംഎൽഎ ടി. ഒ. മോഹനൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിച്ചു.

അക്ഷയ സംരംഭകർക്ക് ആവശ്യമായ എല്ലാവിധ സംരക്ഷണവും ഉറപ്പാക്കുന്നതിനും അക്ഷയ പദ്ധതിയുടെ സംരക്ഷണത്തിനായി ആവശ്യമായ നിയമനിർമാണ നടപടികൾ സ്വീകരിക്കുന്നതിനുള്ള ശ്രമങ്ങൾ നടത്തുമെന്നും എംഎൽഎ അറിയിച്ചു.

ഫെയ്സിന്റെ സജീവ പ്രവർത്തകനായിരുന്ന ഉസ്മാൻ ചപ്പാരപ്പടവിനെ അനുസ്മരിച്ച് പ്രത്യേക അനുസ്മരണ പരിപാടിയും സംഘടിപ്പിച്ചു. 

തുടർന്ന് നടന്ന ജില്ലാ കൺവെൻഷനിൽ സംസ്ഥാന പ്രസിഡണ്ട് സ്റ്റീഫൻ ജോൺ, സംസ്ഥാന വൈ: പ്രസിഡണ്ട് പ്രദീപ് മംഗലത്ത് ഉൾപ്പെടെയുള്ള സംസ്ഥാന ഭാരവാഹികൾ പങ്കെടുത്തു.

അക്ഷയ പദ്ധതിയിൽ 20 വർഷത്തെ സേവനം പൂർത്തിയാക്കിയ കണ്ണൂർ ജില്ലാ അക്ഷയ അസി: കോർഡിനേറ്റർ ദീപാങ്കുരൻ സാറിനെ ചടങ്ങിൽ ആദരിച്ചു. 

വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ അക്ഷയ സംരംഭകരുടെ മക്കൾക്ക് അനുമോദനം നൽകി. 

സംസ്ഥാനത്ത് അക്ഷയ സി എസ് സി സേവനരംഗത്ത് ഏറ്റവും കൂടുതൽ ട്രാൻസാക്ഷനുകൾ നടത്തിയ കുടിയാന്മല അക്ഷയ സംരംഭകനായ ജോബി ജോസഫിനെയും ആദരിച്ചു.

കൺവെൻഷനോടനുബന്ധിച്ച് അക്ഷയ മേഖലയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ ചർച്ച നടന്നു. 

ജില്ലാ വൈസ് പ്രസിഡണ്ട് ശിവൻ കെ. വി. പ്രമേയം അവതരിപ്പിച്ചു. കൂടാതെ “എന്റെ ഭൂമി”, ഓൺലൈൻ സേവനങ്ങളിലെ എളുപ്പവഴികൾ തുടങ്ങിയ വിഷയങ്ങളിൽ പരിശീലന ക്ലാസുകളും സംഘടിപ്പിച്ചു.

ജില്ലാ വൈസ് പ്രസിഡണ്ട് ജൂലി തോമസ് സ്വാഗതം ആശംസിച്ചു. ജില്ലാ പ്രസിഡണ്ട് മാത്യു ജേക്കബ് അധ്യക്ഷത വഹിച്ചു.  ജില്ലാ സെക്രട്ടറി ജോയ് ജോർജ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ ട്രഷറർ അബൂബക്കർ സിദ്ദീഖ് പി സി സാമ്പത്തിക റിപ്പോർട്ട് അവതരിപ്പിച്ചു.  

സംഘടനാ പ്രതിനിധികളും അക്ഷയ സംരംഭകരും കൺവെൻഷനിൽ പങ്കെടുത്തു. ജില്ലാ സെക്രട്ടറി ജോയ് ജോർജ് നന്ദി രേഖപ്പെടുത്തി.