ഡോ. വി. ഗംഗാധരൻ മാസ്റ്ററെ ആദരിക്കുന്നു
കാസർഗോഡ് ജില്ലയിൽ നീലേശ്വരത്തെയും കാഞ്ഞങ്ങാട്ടെയും രാഷ്ട്രീയ, സാമൂഹിക, സാംസ്ക്കാരിക മേഖലകളിൽ സജീവസാന്നിധ്യമായി പ്രവർത്തിച്ചുവരുന്ന കാഞ്ഞങ്ങാട് പുതുക്കൈ സ്വദേശിയും പടന്നക്കാട് നെഹ്റു കോളേജ് പ്രിൻസിപ്പലുമായിരുന്ന ഡോ. വി. ഗംഗാധരൻ മാസ്റ്ററെ ആദരിക്കുന്നതിനായി ‘ആദരം ’26 കാഞ്ഞങ്ങാട്’ എന്ന പേരിൽ പരിപാടി സംഘടിപ്പിക്കുന്നു.
കരുവാച്ചേരി ബാലകൃഷ്ണൻ നായർ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ 23നാണ് 'ആദരം 26 കാഞ്ഞങ്ങാട് ' എന്ന പരിപാടിയിൽ ഗംഗാധരൻ മാസ്റ്ററെ ആദരിക്കുകയും അദ്ദേഹത്തിന്റെ പുസ്തക പ്രകാശനം നടത്തുകയും ചെയ്യുന്നത്. പ്രമുഖ ഹിന്ദി കവിയും എഴുത്തുകാരനുമായ ജയശങ്കർ പ്രസാദിന്റെ കൃതികളെ ആസ്പദമാക്കി ഗംഗാധരൻ മാസ്റ്റർ എഴുതിയ ‘പ്രസാദ് കി കഹാനിയോം കാ സംസ്കൃതിക് അധ്യായൻ’ എന്ന പുസ്തകത്തിന്റെ പ്രകാശനമാണ് ചടങ്ങിൽ നടക്കുക. ‘ആദരം ’26 കാഞ്ഞങ്ങാട് എന്ന പരിപാടിയുടെ ഉൽഘാടനവും പുസ്തകപ്രകാശനവും രാജ്മോഹൻ ഉണ്ണിത്താൻ എം.പി. നിർവഹിക്കും. മുൻ കാഞ്ഞങ്ങാട് നഗരസഭാ ചെയർമാൻ അഡ്വ. എൻ.എ.ഖാലിദ് പുസ്തകം ഏറ്റുവാങ്ങും. കരുവാച്ചേരി ബാലകൃഷ്ണൻ നായർ സാംസ്കാരിക വേദിയുടെ ഉപഹാരം കെ. നീലകണ്ഠൻ എം.എൽ.എ. സമ്മാനിക്കും. എഴുത്തുകാരി ബേബി കാർത്തിക പുസ്തകപരിചയം നടത്തും. വേദി രക്ഷാധികാരി എം. അസിനാർ ആശംസകൾ അർപ്പിക്കും. ചെയർമാൻ പ്രവീൺ തോയമ്മൽ ആദ്ധ്യക്ഷം വഹിക്കും. കൺവീനർ സുരേഷ് മോനാച്ച സ്വാഗതവും ട്രഷറർ എൻ.കെ. രത്നാകരൻ നന്ദിയും പറയുമെന്ന് കരുവാച്ചേരി ബാലകൃഷ്ണൻ നായർ സാംസ്കാരിക വേദി രക്ഷാധികാരി എം. അസിനാർ, ചെയർമാൻ പ്രവീൺ തോയമ്മൽ, കെ.പി. മോഹനൻ, ടി. കുഞ്ഞികൃഷ്ണൻ, പി.വി. തമ്പാൻ, പ്രമോദ് കെ. റാം, സുരേഷ് ബാബു മേലത്ത്, ഷിബിൻ ഉപ്പിലിക്കൈ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.


