അക്ഷയ സംരംഭകർക്ക് കൈത്താങ്ങായി FACE-ന്റെ സൗജന്യ ഓൺലൈൻ പരിശീലനം; പരിശീലനങ്ങളുടെ എണ്ണം 50 കടക്കുന്നു

Oct 18, 2026
അക്ഷയ സംരംഭകർക്ക് കൈത്താങ്ങായി FACE-ന്റെ സൗജന്യ ഓൺലൈൻ പരിശീലനം; പരിശീലനങ്ങളുടെ എണ്ണം 50 കടക്കുന്നു

സർക്കാർ ഓൺലൈൻ സേവനങ്ങളിലെ മാറ്റങ്ങൾക്കനുസരിച്ച് അക്ഷയ സംരംഭകർക്കും ജീവനക്കാർക്കും സമയബന്ധിത പരിശീലനം ഉറപ്പാക്കി FACE. സംസ്ഥാനത്തെ അക്ഷയ സംരംഭകർക്കും അക്ഷയ കേന്ദ്രങ്ങളിലെ ജീവനക്കാർക്കും ഏറെ പ്രയോജനകരമായി മാറുകയാണ് അക്ഷയ സംരംഭകരുടെ സംഘടനയായ ഫോറം ഓഫ് അക്ഷയ സെന്റർ എന്റർപ്രെനേർസ് ( ഫേസ് ). വിവിധ വിഷയങ്ങളിൽ ഫേസിന്റെ പരിശീലന വിഭാഗം സംസ്ഥാന തലത്തിൽ നൽകിവരുന്ന പരിശീലനങ്ങളുടെ എണ്ണം നവംബർ പകുതിയോടെ 50 കടക്കും. സംസ്ഥാനത്തെ നൂറുകണക്കിന് അക്ഷയ സംരംഭകർക്കും ജീവനക്കാർക്കും ഈ പരിശീലനങ്ങൾ വലിയ അനുഗ്രഹമായിരിക്കുകയാണ്. ഓരോ പരിശീലന  ക്ലാസുകളിലും 500 -ൽ ലേറെ പേർ പങ്കെടുക്കുന്നുണ്ടെന്ന് ട്രയ്നിങ് വിങ് കോ-ഓഡിനേറ്റർ നസീർ ആലപ്പുഴ പറഞ്ഞു.  സർക്കാർ വകുപ്പുകളുടെ ഓൺലൈൻ സേവനങ്ങളിൽ തുടർച്ചയായി ഉണ്ടാകുന്ന മാറ്റങ്ങൾക്കനുസരിച്ചുള്ള പരിശീലനങ്ങൾ അക്ഷയ കേന്ദ്രങ്ങൾക്ക് യഥാസമയം ലഭിക്കാത്ത സാഹചര്യം മുമ്പ് നിലനിന്നിരുന്നു. സേവനങ്ങളിലെ മാറ്റങ്ങൾ കൃത്യമായി മനസ്സിലാക്കുന്നതിനും പൊതുജനങ്ങൾക്ക് കാര്യക്ഷമമായി സേവനം നൽകുന്നതിനും ഇത് വെല്ലുവിളിയായിരുന്നു. ഈ സാഹചര്യത്തിലാണ് അക്ഷയ സംരംഭകരുടെ ആവശ്യങ്ങൾക്കനുസരിച്ച് സൗജന്യ ഓൺലൈൻ പരിശീലനങ്ങൾ സംഘടിപ്പിച്ച് FACE ശ്രദ്ധേയമായ ഇടപെടൽ നടത്തുന്നത്. അക്ഷയ സംരംഭകരുടെ ഓരോ ഘട്ടത്തിലുമുള്ള ആവശ്യങ്ങൾ തിരിച്ചറിഞ്ഞ് അനുയോജ്യമായ വിഷയങ്ങളിൽ പരിശീലനം സമയബന്ധിതമായി നൽകാൻ FACE-ന്റെ ട്രെയിനിങ് സംവിധാനത്തിലൂടെ സാധിക്കുന്നുണ്ട്. ഇതുവഴി പുതിയ സേവനങ്ങളെക്കുറിച്ചും നടപടിക്രമങ്ങളിലെ മാറ്റങ്ങളെക്കുറിച്ചും സംരംഭകർക്കും ജീവനക്കാർക്കും കൂടുതൽ വ്യക്തത ലഭിക്കുന്നു. അക്ഷയ കേന്ദ്രങ്ങളുടെ പ്രവർത്തനക്ഷമത വർധിപ്പിക്കുന്നതിനും പൊതുജനങ്ങൾക്ക് മികച്ച സേവനം ഉറപ്പാക്കുന്നതിനും ഇത്തരം പരിശീലനങ്ങൾ സഹായകമാകുന്നു. പരിശീലനങ്ങൾ കൂടുതൽ ഫലപ്രദമാക്കുന്നതിനായി സംസ്ഥാനത്തെ വിവിധ ജില്ലകളിൽനിന്ന് പ്രഗത്ഭരായ മാസ്റ്റർ ട്രെയിനർമാരെ FACE തിരഞ്ഞെടുത്തിട്ടുണ്ട്. കൂടാതെ, സർക്കാർ തലത്തിലെ വിവിധ വിഷയങ്ങളിൽ പ്രാവീണ്യമുള്ള ഉദ്യോഗസ്ഥരുടെ സേവനവും പരിശീലന പരിപാടികൾക്ക് ലഭ്യമാക്കുന്നുണ്ട്. ഇതിലൂടെ സേവനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കൃത്യവും പ്രായോഗികവുമായ അറിവ് സംരംഭകരിലേക്ക് എത്തിക്കാൻ സംഘടനയ്ക്ക് സാധിക്കുന്നു. അക്ഷയ സംരംഭകരുടെ തൊഴിൽപരമായ മികവ് വർധിപ്പിക്കുന്നതിനും സർക്കാർ ഓൺലൈൻ സേവനങ്ങളിലെ മാറ്റങ്ങൾക്കൊപ്പം അക്ഷയ കേന്ദ്രങ്ങളെ സജ്ജമാക്കുന്നതിനും FACE നടത്തുന്ന ഈ സൗജന്യ പരിശീലന പരിപാടികൾ സംസ്ഥാനത്തെ അക്ഷയ മേഖലയ്ക്ക് വലിയ പിന്തുണയാണ് നൽകുന്നത്. സംസ്ഥാനതലത്തിലുള്ള പരിശീലനം കൂടാതെ ജില്ലകളിലെ സംരംഭകരുടെ ആവശ്യപ്രകാരമുള്ള നൂറുകണക്കിന്  പരിശീലനങ്ങൾ വേറെയും നടക്കുന്നുണ്ട്. പരിശീലന പരിപാടികൾ ശക്തമാകുന്നതോടെ , സംരംഭകരുടെ അറിവും സേവനമികവും മെച്ചപ്പെടുത്തുന്നതിനുള്ള സംഘടനയുടെ പ്രവർത്തനങ്ങൾക്ക് കൂടുതൽ കരുത്തേകുമെന്നാണ് പ്രതീക്ഷ.