പങ്കാളിയിയെ കിട്ടാത്തവർ വിഷമിക്കേണ്ട. അക്ഷയയുമായി സഹകരിച്ച് മാട്രിമോണി സൈറ്റുമായി കാസർഗോഡ് ജില്ലാ പഞ്ചായത്ത്
വരനെയോ വധുവിനേയോ അന്വേഷിച്ച് നാടുചുറ്റി ഇടനിലക്കാരേയും സ്വകാര്യ മാട്രിമോണി സൈറ്റുകളേയും ആശ്രയിച്ച് പതിനായിരിങ്ങൾ ചിലവഴിക്കുന്ന ജനവിഭാഗങ്ങൾക്ക് ആശ്വാസവുമായി കാസർഗോഡ് ജില്ലാ പഞ്ചായത്ത്. അക്ഷയ കേന്ദ്രങ്ങൾ വഴി കാസർഗോഡ് ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന 'അക്ഷയ മാട്രിമോണി ' ലൂടെ ഇനി വിരൽത്തുമ്പിൽ വധൂവരൻമാരെ കണ്ടെത്താം. തികച്ചും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന യുവതീയുവാക്കളെ സഹായിക്കുക എന്ന ലക്ഷ്യവുമായാണ് കാസർഗോഡ് ജില്ലാ പഞ്ചായത്ത് അക്ഷയയുമായി സഹകരിച്ച് 'അക്ഷയ മാട്രിമോണൽ ' പോർട്ടൽ തുടങ്ങുന്നത്. ഒരു വർഷത്തേക്ക് 15 ലക്ഷം രൂപയാണ് അടങ്കൽ തുക പ്രതീക്ഷിക്കുന്നത്. വിജയിച്ചാൽ മറ്റു ജില്ലകളിലേക്ക് വ്യാപിപ്പിക്കും. വിവരശേഖരണം നടത്താൻ ആവശ്യമായ തുക മാത്രമാണ് രജിസ്ട്രേഷൻ ഫീസായി വാങ്ങുക. സ്ത്രീകൾക്കും പുരുഷൻമാർക്കും അവരവരുടെ വിവരങ്ങളടങ്ങിയ പ്രൊഫൈൽ തയ്യാറാക്കി പോർട്ടിലിടാം. മൊബൈൽ ഫോണിലോ അല്ലെങ്കിൽ അക്ഷയ കേന്ദ്രത്തിൽ നേരിട്ടെത്തിയോ ഇഷ്ടപ്പെട്ട പ്രൊഫൈലിന് റിക്വസ്റ്റ് കൊടുക്കാം. ദിവസവേതനാടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവർ ക്കും വിദ്യാഭ്യാസ യോഗ്യത കുറഞ്ഞവർക്കും പെൻകുട്ടികളെ കിട്ടാത്ത പ്രശ്നത്തിന് പരിഹാരമായി രണ്ടാം ഘട്ടത്തിൽ ക്യാമ്പുകൾ സംഘടിപ്പിക്കും. ക്യാമ്പിൽ സൗജന്യ രജിസ്ട്രേഷൻ നൽകി കല്യാണം ആലോചിക്കാനുള്ള സൗകര്യവും ഒരുക്കും.