മന്ത്രിസ്ഥാനത്തേക്ക് തോമസ് കെ. തോമസ്
എ.കെ. ശശീന്ദ്രന് പകരം എൻ.സി.പി പ്രതിനിധിയായി കുട്ടനാട് എം.എൽ.എ
തിരുവനന്തപുരം: എ.കെ. ശശീന്ദ്രന് പകരം എൻ.സി.പി പ്രതിനിധിയായി കുട്ടനാട് എം.എൽ.എ തോമസ് കെ. തോമസ് മന്ത്രി സ്ഥാനത്തേക്ക്. പാർട്ടി തീരുമാനം മുഖ്യമന്ത്രിയുമായി അടുത്തമാസം മൂന്നിന് നടക്കുന്ന കൂടിക്കാഴ്ചയിൽ അറിയിക്കും.
പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ പി.സി. ചാക്കോ, എ.കെ. ശശീന്ദ്രൻ, തോമസ് കെ.തോമസ് എം.എൽ.എ എന്നിവർ ഒരുമിച്ച് മുഖ്യമന്ത്രിയെ നേരിൽക്കണ്ട് മന്ത്രിമാറ്റം അറിയിക്കാനാണ് ദേശീയ അദ്ധ്യക്ഷൻ ശരദ് പവാറിന്റെ നിർദ്ദേശം. പവാറുമായി സംസ്ഥാന നേതാക്കൾ നടത്തിയ ചർച്ചയിലാണ് മാറ്റത്തിന് ധാരണയായത്.
ഒക്ടോ. നാലിന് നിയമസഭാസമ്മേളനം ആരംഭിക്കുന്നതിനാൽ മുഖ്യമന്ത്രിയുടെ നിലപാട് നിർണായകമാവും. സമ്മേളന കാലയളവിൽ മന്ത്രിമാറ്റത്തിന് നിയമതടസമില്ല. രണ്ട് എം.എൽ.എമാരും രണ്ടരവർഷം വീതം മന്ത്രിസ്ഥാനം പങ്കിടണമെന്ന് 2021ലെ തിരഞ്ഞെടുപ്പിനുശേഷം തോമസ് കെ. തോമസ് പല തവണ ആവശ്യപ്പെട്ടിരുന്നെങ്കിലും ശശീന്ദ്രനും സംസ്ഥാന നേതൃത്വവും വഴങ്ങിയിരുന്നില്ല. സംസ്ഥാന നേതൃത്വം തോമസിന്റെ ആവശ്യം അംഗീകരിച്ചതോടെയാണ് മാറ്റം സാദ്ധ്യമാകുന്നത്