കാഞ്ഞങ്ങാട് ടൗണിൽ അക്ഷയ കേന്ദ്രത്തിന് സമീപത്തെ പർദ്ദ കടക്ക് തീ പിടിച്ചു
കാസർഗോഡ് ജില്ലയിൽ കാഞ്ഞങ്ങാട് ടൗണിൽ പർദ്ദ കടക്ക് തീ പിടിച്ചു. കട പൂർണമായും കത്തി നശിച്ചു. ബസ്സ്റ്റാൻ്റിന് സമീപം പെട്രോൾ പമ്പിന് പിറക് വശത്തെ റഹ്മത്ത് കോംപ്ലക്സിലുള്ള പർദ്ദ സെൻ്റർ എന്ന കടക്കാണ് തീ പിടിച്ചത്. അർദ്ധരാത്രി 12.45 മണിക്കാണ് അപകടം. തൊട്ടടുത്ത റൂമിൽ ഉബൈദിൻ്റെ ഉടമസ്ഥതയിലുള്ള കോട്ടച്ചേരി അക്ഷയ കേന്ദ്രമായിരുന്നു. ഫയർഫോഴ്സും സമീപമുണ്ടായവരും ചേർന്ന് ഷട്ടറും ഗ്ലാസും തകർത്ത് അകത്ത് കയറി ഏറെ നേരം പരിശ്രമിച്ച് തീ കെടുത്തിയതിനാൽ വലിയ അപകടം ഒഴിവായി എന്ന് പറയാം. ആവിക്കര ഗാർഡൻ വളപ്പിലെ ഗായത്രിയുടെ ഉടമസ്ഥതയിലുള്ള പർദ്ദ - ടൈലറിംഗ് സ്ഥാപനം ആണ് കത്തി നശിച്ചത്. വസ്ത്രങ്ങൾ, ഫർണിച്ചർ, കംപ്യൂട്ടർ, ഇലക്ട്രിക് സാധനങ്ങൾ ഉൾപ്പെടെ ചാമ്പലായി.ഇൻവേർട്ടറിൽ നിന്നും ഷോർട്ട് സർക്യൂട്ട് ആയതാണ് കാരണമെന്ന് കരുതുന്നു. തൊട്ടടുത്ത അക്ഷയ സെൻ്ററിലേക്ക് തീ പടരും മുമ്പ് കെടുത്താനായി.