പഞ്ചായത്ത് പ്രസിഡന്റിന് 28400 രൂപ, മുന്‍സിപ്പാലിറ്റി ചെയര്‍പേഴ്‌സണ് 31200 ; ഓണറേറിയം ഇരട്ടിയാക്കി

Nov 2, 2026

തദ്ദേശ സ്ഥാപനങ്ങളിലെ അംഗങ്ങളുടെ പ്രതിമാസ ഓണറേറിയം ഇരട്ടിയാക്കി വര്‍ധിപ്പിച്ചു. തദ്ദേശ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എസ് ഷാനവാസ് അധ്യക്ഷനായ 12 അംഗ സമിതിയാണ് ഇക്കാര്യം ശുപാര്‍ശ ചെയ്തത്.

സര്‍ക്കാര്‍ അംഗീകരിച്ചാല്‍ 2027 ജനുവരി ഒന്ന് മുതല്‍ പുതുക്കിയ തുകയാകും അംഗങ്ങള്‍ക്ക് ലഭിക്കുക. വകുപ്പ് മന്ത്രി കെഎം ഷാജിക്ക് സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

അംഗങ്ങള്‍ക്ക് ലഭിക്കുന്ന പ്രതിമാസ ഓണറേറിയം ഇനി മുതല്‍ ഇരട്ടിയാകും. അടുത്തിടെ എംഎല്‍എമാരുടെയും മന്ത്രിമാരുടെയും പ്രതിഫലം വര്‍ധിപ്പിച്ചിരുന്നു. തദ്ദേശ സ്ഥാപനങ്ങളിലെ അംഗങ്ങളുടെ പ്രതിഫലം വര്‍ധിപ്പിക്കുമെന്ന് അന്ന് തന്നെ മുഖ്യമന്ത്രി സൂചിപ്പിക്കുകയും ചെയ്തിരുന്നു. ഇനി തദ്ദേശ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ താല്‍പ്പര്യപ്പെടുന്നവരുടെ എണ്ണം കൂടുമെന്നാണ് സോഷ്യല്‍ മീഡിയയിലെ പ്രതികരണം.

ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ക്ക് ഇതുവരെ ലഭിച്ചിരുന്ന ഓണറേറിയം 8000 രൂപയായിരുന്നു. ഇത് 16000 ആക്കി ഉയര്‍ത്താനാണ് ശുപാര്‍ശ. പ്രസിഡന്റിന്റെ ഓണറേറിയം 14200 രൂപയില്‍ നിന്ന് 28400 രൂപയാക്കി. വൈസ് പ്രസിഡന്റിന്റെ ഓണറേറിയം 11600 രൂപയില്‍ നിന്ന് 23200 രൂപയാക്കി. സ്ഥിരം സമിതി ചെയര്‍മാന്റെ ഓണറേറിയം 9200 രൂപയില്‍ നിന്ന് 18400 രൂപയാക്കി.

ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളുടെ ഓണറേറിയം 8600 രൂപയില്‍ നിന്ന് 17200 രൂപയാക്കി. ബ്ലോക്ക് പ്രസിഡന്റിന്റെ ഓണറേറിയം 15600 രൂപയില്‍ നിന്ന് 31200 രൂപയാക്കി ഉയര്‍ത്തി. വൈസ് പ്രസിഡന്റിന്റേത് 13000 രൂപയില്‍ നിന്ന് 26000 രൂപയാക്കി. സ്ഥിരം സമിതി ചെയര്‍മാന്റെ ഓണറേറിയം 9800 രൂപയില്‍ നിന്ന് 19600 രൂപയാക്കി.

എല്ലാവര്‍ക്കും ഇരട്ടിയാക്കിയാണ് ശുപാര്‍ശ

ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന് ലഭിക്കുന്ന ഓണറേറിയം 16800 രൂപയില്‍ നിന്ന് 33600 രൂപയാക്കി ഉയര്‍ത്തി. വൈസ് പ്രസിഡന്റിന്റെ ഓണറേറിയം 14200 രൂപയില്‍ നിന്ന് 28400 രൂപയാക്കി. ജില്ലാ പഞ്ചായത്ത് അംഗങ്ങളുടെ ഓണറേറിയം 9800 രൂപയില്‍ നിന്ന് 19600 രൂപയാക്കി. സ്ഥിരം സമിതി ചെയര്‍മാന്റെ ഓണറേറിയം 10400 രൂപയില്‍ നിന്ന് 20800 രൂപയാക്കി ഉയര്‍ത്തി.

നഗരസഭയിലെ അംഗങ്ങള്‍ക്കും ചെയര്‍മാനും ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളുടേതിന് സമാനമായ ഓണറേറിയം ആണ് ലഭിക്കുക. നഗരസഭാ ചെയര്‍മാന് 15600 രൂപയില്‍ നിന്ന് 31200 രൂപയായും വൈസ് ചെയര്‍മാന്റേത് 13000 രൂപയില്‍ നിന്ന് 26000 രൂപയായും അംഗങ്ങളുടേത് 8600 രൂപയില്‍ നിന്ന് 17200 രൂപയായും ഉയര്‍ത്തി. നഗരസഭാ സ്ഥിരം സമിതി ചെയര്‍മാന്റെ ഓണറേറിയം 9800 രൂപയില്‍ നിന്ന് 19600 രൂപയാകും.

കോര്‍പറേഷന്‍ മേയര്‍ക്ക് ലഭിക്കുന്ന പ്രതിമാസ ഓണറേറിയം 15800 രൂപയില്‍ നിനന് 31600 രൂപയാകും. ഡെപ്യൂട്ടി മേയറുടേത് 13200 രൂപയില്‍ നിന്ന് 26400 രൂപയും അംഗങ്ങളുടേത് 8200 രൂപയില്‍ നിന്ന് 16400 രൂപയുമാകും. കോര്‍പറേഷന്‍ സ്ഥിരം സമിതി ചെയര്‍മാന്റെ പ്രതിമാസ ഓണറേറിയം 9400 രൂപയില്‍ നിന്ന് 18800 രൂപയാക്കും. തദ്ദേശ സ്ഥാപനങ്ങളിലെ അംഗങ്ങള്‍ക്ക് പ്രതിമാസ ശമ്പളം ഓണറേറിയം ആയിട്ടാണ് നല്‍കുക.