-ാമത് സംസ്ഥാന ടെലിവിഷൻ പുരസ്‌ക്കാരങ്ങൾ പ്രഖ്യാപിച്ചു
മികച്ച സീരിയൽ : മഴയെത്തും മുൻപേ ; മികച്ച നടൻ : കൃഷ്ണചന്ദ്രൻ ; മികച്ച നടി : ശ്രീധന്യ 2024 ലെ കേരള സംസ്ഥാന ടെലിവിഷൻ പുരസ്‌ക്കാരങ്ങൾ സാംസ്‌ക്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ സെക്രട്ടേറിയറ്റ് പി ആർ ചേംമ്പറിൽ പ്രഖ്യാപിച്ചു. അമൃത ടി വി സംപ്രേക്ഷണം ചെയ്യുന്ന ‘മഴയെത്തും മുൻപേ’ മികച്ച ടെലി സീരിയലായും (സംവിധാനം: ജിജോ വർഗീസ് ആന്റണി), അതിലെ അഭിനേതാക്കളായ കൃഷ്ണചന്ദ്രൻ മികച്ച നടനായും, ശ്രീധന്യയെ മികച്ച നടിയായും തിരഞ്ഞെടുത്തു. കൗമുദി ടിവിയുടെ 'വസുധ' (സംവിധാനം: സൂരജ് എസ്.എസ്) ആണ് രണ്ടാമത്തെ മികച്ച സീരിയൽ. കിഷോർ റോഷിക്, ജാനകി മന്ത്ര എന്നിവരാണ് രണ്ടാമത്തെ മികച്ച നടീനടന്മാർ. മികച്ച ടെലിഫിലിമുകൾക്കുള്ള പുരസ്‌കാരം 'മൊളഞ്ഞി' (20 മിനിറ്റിൽ കുറഞ്ഞത്), 'എഫ് ഫോർ ഫ്രീഡം' (20 മിനിറ്റിൽ കൂടിയത്) എന്നീ ടെലിഫിലിമുകൾ സ്വന്തമാക്കി. മികച്ച സംവിധായകനായി അമോസിനെയും (പരിപാടി: ഒപ്പോണന്റ്), മികച്ച ബാലതാരമായി ബേബി അമേയയെയും (സ്വർഗവാതിൽപ്പക്ഷി, ഉപ്പും മുളകും) തിരഞ്ഞെടുത്തു. മഴവിൽ മനോരമയിലെ 'മറിമായം' മികച്ച ടിവി ഷോയ്ക്കും (എന്റർടൈൻമെന്റ്), ഫ്ലവേഴ്‌സ് ടിവിയിലെ 'ഫ്ലവേഴ്‌സ് കോമഡി ഇത് ഐറ്റം വേറെ' മികച്ച കോമഡി പ്രോഗ്രാമിനുമുള്ള അവാർഡുകൾ നേടി. വാർത്താ-കഥേതര വിഭാഗങ്ങളിൽ മനോരമ ന്യൂസിലെ ‘നാട്ടുസൂത്രം’ മികച്ച കറന്റ് അഫയേഴ്‌സ് ടിവി ഷോ ആയും ഏഷ്യാനെറ്റ് ന്യൂസിലെ 'ജസ്റ്റ് കിഡിങ് കുട്ടികൾക്കുള്ള മികച്ച പരിപാടിയായും തിരഞ്ഞെടുക്കപ്പെട്ടു. മികച്ച വാർത്താ അവതാരകയായി സ്വപ്ന ബി നായരും (അമൃത ടിവി), മികച്ച ആങ്കർ/ഇന്റർവ്യൂവറായി ഹാഷ്മി താജ് ഇബ്രാഹിമും (24 ന്യൂസ്), മികച്ച ഇൻവെസ്റ്റിഗേറ്റീവ് ജേണലിസ്റ്റായി പ്രശാന്ത് കൃഷ്ണ ജിയും (മാതൃഭൂമി) പുരസ്‌കാരങ്ങൾ നേടി. ജനറൽ വിഭാഗത്തിൽ 'സേവ്‌സ് ഓഫ് ദി എംപയർ', സയൻസ് വിഭാഗത്തിൽ 'നീലഗിരി മാർട്ടൻ', ജീവചരിത്ര വിഭാഗത്തിൽ ‘ലെജൻഡ്‌സ്’ (കെ വേണു), വനിതാ വിഭാഗത്തിൽ 'ഐ ആം എയ്റ്റീൻ' എന്നിവ മികച്ച ഡോക്യുമെന്ററികൾക്കുള്ള അവാർഡ് സ്വന്തമാക്കി. രചനാവിഭാഗത്തിൽ ജിതിൻ കെ.സി എഴുതിയ 'താരശരീരം ടെലിവിഷൻ പരിഭാഷപ്പെടുത്തുമ്പോൾ' മികച്ച ലേഖനമായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ, ഡോ. നെത്തല്ലൂർ ഹരികൃഷ്ണന്റെ 'ടെലിവിഷൻ വിനിമയവും വിശകലനവും' എന്ന ഗ്രന്ഥം പ്രത്യേക ജൂറി പരാമർശം നേടി. അവാർഡ് നിർണയത്തിനായി കഥാവിഭാഗത്തിൽ 81 എൻട്രികളും കഥേതര വിഭാഗത്തിൽ 140 എൻട്രികളുമാണ് ലഭിച്ചത്. പി. സുകുമാർ (കഥാവിഭാഗം) ജോൺ സാമുവൽ (കഥേതര വിഭാഗം), ഡോ. വത്സലൻ വാതുശ്ശേരി (രചനാ വിഭാഗം) എന്നിവരാണ് ജൂറി ചെയർപേഴ്‌സൺമാർ. സംസ്ഥാന ടെലിവിഷൻ പുരസ്‌ക്കാരങ്ങൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ https://drive.google.com/drive/folders/1miFeiT28IxJG6a1Fu3pPPL5ySgQO_o8n ലിങ്കിൽ ലഭിക്കും.


