ബോക്സോഫീസിൽ തരംഗം തീർത്ത് റീറിലീസായ വിജയ് ചിത്രം 'ഗില്ലി'
റി റിലീസിന്റെ ആദ്യദിനം 11 കോടിയോളം രൂപ ചിത്രം നേടിയെന്നാണ് റിപ്പോർട്ടുകൾ
ചെന്നൈ: ബോക്സോഫീസിൽ തരംഗം തീർത്ത് റീറിലീസായ വിജയ് ചിത്രം 'ഗില്ലി'. ആവേശത്തോടെയാണ് വിജയ് ആരാധകർ ചിത്രം ഏറ്റെടുത്തിരിക്കുന്നത്. റി റിലീസിന്റെ ആദ്യദിനം 11 കോടിയോളം രൂപ ചിത്രം നേടിയെന്നാണ് റിപ്പോർട്ടുകൾ. പിന്നീടുള്ള ദിവസങ്ങളിലും ചിത്രം മികച്ച പ്രതികരണം നേടുന്നുണ്ട്.ഗില്ലി'യുടെ റിലീസിൻ്റെ 20-ാം വാർഷികം ആഘോഷിക്കുന്നതിൻ്റെ ഭാഗമായാണ് റീറിലീസ്. തമിഴ്നാടിന് പുറമെ കേരളത്തിലും ചിത്രം റീറിലീസ് ചെയ്തു. യുകെ, ഫ്രാൻസ്, അയർലണ്ട് എന്നിവിടങ്ങളിലും റിലീസുണ്ടായിരുന്നു. ലോക്സഭ തിരഞ്ഞെടുപ്പ് പ്രമാണിച്ച് വലിയ റിലീസുകൾ ഇല്ലാത്തതും 'ഗില്ലി'ക്ക് ഗുണമായി.കബഡി താരം വേലുവായി വിജയ് എത്തിയ ചിത്രത്തിൽ തൃഷയാണ് നായിക കഥാപാത്രമായ ധനലക്ഷ്മിയെ അവതരിപ്പിച്ചത്. മുത്തുപാണ്ഡിയെന്ന വില്ലനായാണ് പ്രകാശ് രാജ് ചിത്രത്തിലെത്തിയത്. ആശിഷ് വിദ്യാർഥി, നാഗേന്ദ്ര പ്രസാദ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. റിപ്പോർട്ടുകൾ പ്രകാരം 2004-ല്‍ എട്ട് കോടി രൂപയ്ക്ക് ഒരുക്കിയ ഗില്ലി 50 കോടി ക്ലബ്ബിൽ ഇടം നേടിയിരുന്നു. നാല് കോടി രൂപയായിരുന്നു വിജയ് ചിത്രത്തിനായി വാങ്ങിയ പ്രതിഫലം.