ഇന്ത്യയുമായി കര അതിർത്തി പങ്കിടുന്ന രാജ്യങ്ങളിൽനിന്നുള്ള നിക്ഷേപ മാർഗനിർദേശങ്ങളിൽ വരുത്തിയ മാറ്റങ്ങൾക്കു കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം
PN3 പ്രകാരം അനുമതി ആവശ്യമായ നിർണായക മേഖലകളിലെ നിക്ഷേപങ്ങൾക്കു കൃത്യമായ സമയപരിധി നിശ്ചയിക്കാൻ FDI നയത്തിൽ വരുത്തിയ മാറ്റങ്ങൾക്കു കേന്ദ്രമന്ത്രിസഭാംഗീകാരം FDI നയത്തിൽ വരുത്തിയ ഭേദഗതികൾ ലക്ഷ്യമിടുന്നത്, സ്റ്റാർട്ടപ്പുകൾക്കും ഡീപ് ടെക് മേഖലകൾക്കും ആഗോള ധനസഹായങ്ങളിൽനിന്നു കൂടുതൽ വിദേശനിക്ഷേപം ലഭ്യമാക്കാനും വ്യവസായ നടത്തിപ്പു സുഗമമാക്കൽ പദ്ധതിയുമായി മുന്നോട്ടുപോകാനും ഇന്ത്യയിലെ ഉൽപ്പാദനമേഖല വികസിപ്പിക്കുന്നതിനായി കമ്പനികൾക്കു മറ്റു സ്ഥാപനങ്ങളുമായി സഹകരിക്കാൻ സഹായിക്കുന്ന വിധത്തിൽ 60 ദിവസത്തിനുള്ളിൽ അതിവേഗം തീരുമാനമെടുക്കും സാങ്കേതികവിദ്യകൾ സ്വായത്തമാക്കുന്നതിനും ആഗോള വിതരണശൃംഖലയുടെ ഭാഗമാകുന്നതിനും സംയുക്തസംരംഭങ്ങളിൽ ഏർപ്പെടാൻ കമ്പനികളെ സഹായിക്കുന്നതിന് 60 ദിവസത്തെ അംഗീകാര സമയപരിധി കര അതിർത്തി പങ്കിടുന്ന രാജ്യങ്ങളിൽനിന്നുള്ള നിക്ഷേപത്തിനായുള്ള FDI നയത്തിലെ മാറ്റങ്ങൾ ഇലക്ട്രോണിക് ഘടകങ്ങൾ, മൂലധന ഉപകരണങ്ങൾ, സോളാർ സെല്ലുകൾ എന്നിവയുടെ നിർമാണത്തിനു സഹായകമാകും
പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനായ കേന്ദ്രമന്ത്രിസഭായോഗം, ഇന്ത്യയുമായി കര അതിർത്തി പങ്കിടുന്ന രാജ്യങ്ങളിൽനിന്നുള്ള (LBC) നിക്ഷേപങ്ങൾ സംബന്ധിച്ച മാർഗനിർദേശങ്ങളിൽ മാറ്റം വരുത്തുന്നതിന് അംഗീകാരം നൽകി.
നിലവിലുള്ള നയം പുനഃപരിശോധിക്കുകയും ഇനി പറയുന്ന ഭേദഗതികൾ വരുത്തുകയും ചെയ്തു:
a. ഗുണഭോക്തൃ ഉടമ (Beneficial Owner - BO) എന്നതിന്റെ നിർവചനവും മാനദണ്ഡങ്ങളും ഉൾപ്പെടുത്തൽ:
- 2003-ലെ കള്ളപ്പണം വെളുപ്പിക്കൽ തടയൽ (PMLA) ചട്ടങ്ങൾപ്രകാരം നിക്ഷേപകസമൂഹം വ്യാപകമായി ഉപയോഗിക്കുന്ന ഗുണഭോക്തൃ ഉടമസ്ഥാവകാശത്തിന്റെ നിർവചനവും മാനദണ്ഡങ്ങളും ഈ ഭേദഗതി നൽകുന്നു
- ഗുണഭോക്തൃ ഉടമസ്ഥാവകാശ പരിശോധന നിക്ഷേപകസ്ഥാപനത്തിന്റെ തലത്തിൽ നടപ്പാക്കും
- കര അതിർത്തി പങ്കിടുന്ന രാജ്യങ്ങളിൽനിന്നുള്ള നിയന്ത്രണാധികാരമില്ലാത്ത ഗുണഭോക്തൃ ഉടമസ്ഥാവകാശം 10 ശതമാനം വരെയുള്ള നിക്ഷേപകർക്ക്, അതതു മേഖലകളിലെ നിക്ഷേപപരിധിയും വ്യവസ്ഥകളും പാലിച്ച് ഓട്ടോമാറ്റിക് റൂട്ട് വഴി നിക്ഷേപം അനുവദിക്കും. ഇത്തരം നിക്ഷേപങ്ങളുടെ പ്രസക്തമായ വിവരങ്ങൾ നിക്ഷേപം സ്വീകരിക്കുന്ന സ്ഥാപനം DPIIT-ക്കു റിപ്പോർട്ട് ചെയ്യേണ്ടതുണ്ട്.
b. നിർദിഷ്ട മേഖലകളിലെ നിക്ഷേപങ്ങൾക്കു വേഗത്തിലുള്ള അനുമതി:
- മൂലധന ഉപകരണങ്ങൾ, ഇലക്ട്രോണിക് മൂലധന ഉപകരണങ്ങൾ, ഇലക്ട്രോണിക് ഘടകങ്ങൾ, പോളിസിലിക്കൺ, ഇൻഗോട്ട്-വേഫർ എന്നീ നിർമാണ മേഖലകളിലെ LBC നിക്ഷേപ നിർദേശങ്ങളിൽ 60 ദിവസത്തിനുള്ളിൽ തീരുമാനമെടുക്കും.
- ക്യാബിനറ്റ് സെക്രട്ടറിയുടെ കീഴിലുള്ള സെക്രട്ടറിമാരുടെ സമിതിക്ക് ഈ നിർദിഷ്ട മേഖലകളുടെ പട്ടികയിൽ ഭേദഗതി വരുത്താനാകും.
- ഇത്തരം സന്ദർഭങ്ങളിൽ, നിക്ഷേപം സ്വീകരിക്കുന്ന സ്ഥാപനത്തിന്റെ ഭൂരിഭാഗം ഓഹരി പങ്കാളിത്തവും നിയന്ത്രണാധികാരവും എല്ലായ്‌പ്പോഴും ഇന്ത്യയിൽ താമസിക്കുന്ന ഇന്ത്യൻ പൗരന്മാർക്കോ അല്ലെങ്കിൽ ഇന്ത്യൻ പൗരന്മാരുടെ ഉടമസ്ഥതയിലുള്ള ഇന്ത്യൻ സ്ഥാപനങ്ങൾക്കോ ആയിരിക്കും.
പശ്ചാത്തലം
കോവിഡ്-19 മഹാമാരിയുടെ സാഹചര്യത്തിൽ ഇന്ത്യൻ കമ്പനികളെ അവസരോചിതമായി ഏറ്റെടുക്കുന്നതോ കൈക്കലാക്കുന്നതോ തടയുന്നതിനായി, 17.04.2020-ലെ പ്രസ് നോട്ട് 3 (PN3) വഴി നിലവിലുള്ള FDI നയത്തിൽ ഗവണ്മെന്റ് ഭേദഗതി വരുത്തിയിരുന്നു. PN3 പ്രകാരം, ഇന്ത്യയുമായി കര അതിർത്തി പങ്കിടുന്ന രാജ്യത്തെ ഒരു സ്ഥാപനത്തിന്, അല്ലെങ്കിൽ ഇന്ത്യയിലെ നിക്ഷേപത്തിന്റെ ഗുണഭോക്തൃ ഉടമ അത്തരം രാജ്യങ്ങളിൽ നിന്നുള്ളവർ ആണെങ്കിൽ ഉടമയ്ക്ക്, ഗവണ്മെന്റ് അനുമതിയോടെയേ നിക്ഷേപം നടത്താനാകൂ. കൂടാതെ, നിലവിലുള്ളതോ ഭാവിയിലുള്ളതോ ആയ ഏതെങ്കിലും വിദേശനിക്ഷേപത്തിന്റെ ഉടമസ്ഥാവകാശം കൈമാറുന്നതിലൂടെ ഗുണഭോക്തൃ ഉടമസ്ഥാവകാശം മേൽപ്പറഞ്ഞ രാജ്യങ്ങളുടെ പരിധിയിൽ വരികയാണെങ്കിലും ഗവണ്മെന്റ് അനുമതി ആവശ്യമാണ്.
തന്ത്രപരമായ താൽപ്പര്യങ്ങളോ നിയന്ത്രണാധികാരമോ ഇല്ലാത്ത LBC നിക്ഷേപകർക്കും PN3 നിയന്ത്രണങ്ങൾ ബാധകമാക്കിയത് PE/VC ധനസഹായം ഉൾപ്പെടെ, ആഗോള ധനസഹായങ്ങളിൽനിന്നുള്ള നിക്ഷേപത്തെ ദോഷകരമായി ബാധിക്കുന്നതായി കണ്ടിരുന്നു.
നേട്ടങ്ങൾ:
പുതിയ മാർഗനിർദേശങ്ങൾ ഇന്ത്യയിലെ വ്യവസായ നടത്തിപ്പു കൂടുതൽ സുഗമമാക്കുമെന്നു പ്രതീക്ഷിക്കുന്നു. ഇതു വിദേശനിക്ഷേപ ലഭ്യത വർധിപ്പിക്കാനും പുതിയ സാങ്കേതികവിദ്യകൾ സ്വായത്തമാക്കാനും ആഭ്യന്തര കമ്പനികളുടെ വികസനത്തിനും ആഗോള വിതരണശൃംഖലയുമായുള്ള സംയോജനത്തിനും സഹായകമാകും. മുൻഗണനയുള്ള നിക്ഷേപ-ഉൽപ്പാദന കേന്ദ്രമെന്ന നിലയിൽ ഇന്ത്യയുടെ കരുത്തു വർധിപ്പിക്കാൻ ഇതു സഹായിക്കും. വർധിച്ചുവരുന്ന വിദേശ നിക്ഷേപം ആഭ്യന്തര മൂലധനത്തിനു കരുത്തേകുകയും സ്വയംപര്യാപ്ത ഇന്ത്യ എന്ന ലക്ഷ്യത്തെ പിന്തുണയ്ക്കുകയും രാജ്യത്തിന്റെ മൊത്തത്തിലുള്ള സാമ്പത്തിക വളർച്ചയ്ക്കു ഗതിവേഗം പകരുകയും ചെയ്യും.


