'മൈ പൊലീസ് സ്റ്റേഷൻ' (My Police Station) പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനവും ലോഗോ പ്രകാശനവും നാളെ

Aug 13, 2026
'മൈ പൊലീസ് സ്റ്റേഷൻ' (My Police Station) പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനവും ലോഗോ പ്രകാശനവും  നാളെ
MY POLICE STATION
കേരള പൊലീസിന്റെ പുതിയ സംരംഭമായ 'മൈ പൊലീസ് സ്റ്റേഷൻ' (My Police Station) പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനവും ലോഗോ പ്രകാശനവും നാളെ 2026 ഓഗസ്റ്റ് 14 രാവിലെ 10:30-ന് തിരുവനന്തപുരം പേരൂർക്കട പൊലീസ് സ്റ്റേഷനിൽ നടക്കും. മുഖ്യമന്ത്രി വി. ഡി. സതീശൻ ചടങ്ങ് ഉദ്ഘാടനം ചെയ്യും. ആഭ്യന്തര-വിജിലൻസ് വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല അധ്യക്ഷത വഹിക്കും. സംസ്ഥാന പൊലീസ് മേധാവി റവാഡ ആസാദ് ചന്ദ്ര ശേഖർ സ്വാഗതം ആശംസിക്കുന്ന ചടങ്ങിൽ ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരൻ മുഖ്യപ്രഭാഷണം നടത്തും.
പരാതിക്കാർക്ക് ആത്മവിശ്വാസത്തോടെ കടന്നുചെല്ലാൻ കഴിയുന്ന സേവനകേന്ദ്രങ്ങളാക്കി പൊലീസ് സ്റ്റേഷനുകളെ മാറ്റുക എന്നതാണ് മൈ പൊലീസ് സ്റ്റേഷൻ പദ്ധതിയുടെ പ്രധാനലക്ഷ്യം. ആധുനിക ജനാധിപത്യ സമൂഹത്തിന് അനുയോജ്യമായ വിധത്തിൽ പൊഫ്രഷണലിസത്തിലൂടെ സാങ്കേതിക വിദ്യ പരമാവധി പ്രയോജനപ്പെടുത്തി പൊലിസിന്റെ പ്രവർത്തനവും പൊതുജനങ്ങൾക്ക് നൽകുന്ന സേവനവും പടിപടിയായി മെച്ചപ്പെടുത്തുക എന്നതാണ് ഈ പരിഷ്കരണം കൊണ്ടുള്ള ആത്യന്തിക ലക്ഷ്യം.
പൗരന്റെ അന്തസിനെ പൂർണ്ണമായും മാനിച്ചുകൊണ്ട് പൊലീസ് സ്റ്റേഷനിൽ നിന്നും ജനങ്ങൾക്ക് ലഭിക്കേണ്ട സേവനങ്ങൾ കാര്യക്ഷമമായി ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക എന്ന വലിയ ചുവടു വയ്പാണിത്. പൊലീസ് സ്റ്റേഷൻ പരിസരം വൃത്തിയായി സൂക്ഷിക്കാനും പൊതുജനസൗഹൃദാന്തരീക്ഷം നിലനിർത്താനും ഈ പദ്ധതി ലക്ഷ്യമിടുന്നു.
അതോടൊപ്പം തന്നെ പൊലീസിന്റെ നേട്ടങ്ങളെ പിറകോട്ടടിക്കുന്ന വിധത്തിലുള്ള മൂന്നാം മുറ പൊലുള്ള അപരിഷ്കൃത- നിയമ വിരുദ്ധ പ്രവർത്തനങ്ങൾ ഇല്ലാതാക്കി ആധുനിക ജനാധിപത്യത്തിന്റെ ഉത്തമമാതൃകയാക്കി നമ്മുടെ പൊലീസ് സ്റ്റേഷനുകളെ മാറ്റാനും ആഭ്യന്തര വകുപ്പ് ഇതിലൂടെ ലക്ഷ്യമിടുന്നു. ഉന്നതമായ ഈ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനാവശ്യമായ പരിശീലനമടക്കമുള്ള കർമ്മ പരിപാടികൾക്ക് പൊലീസ് ഇതിനോടകം തന്നെ തുടക്കം കുറിച്ചുകഴിഞ്ഞു.
പരാതികളുമായി എത്തുന്നവർക്കായി പ്രത്യേക പരാതി ഹെൽപ്പ് ഡെസ്‌ക്, വനിത ഹെൽപ്പ്‌ ഡെസ്‌ക്‌, കുട്ടികളുടെ ഹെൽപ്പ്‌ ഡെസ്‌ക്‌, സീനിയർ സിറ്റിസൺ ഹെൽപ്പ്‌ ഡെസ്‌ക്‌, ട്രാൻസ്‌ജെൻഡർ ഹെൽപ്പ്‌ ഡെസ്‌ക്‌, ഭിന്നശേഷിക്കാർക്കായുള്ള ഹെൽപ്പ്‌ ഡെസ്‌ക്‌, സൈബർ ക്രൈം ഹെൽപ്പ്‌ ഡെസ്‌ക്‌, നിയമസഹായ ഹെൽപ്പ്‌ ഡെസ്‌ക്‌, വിവിധ അപേക്ഷകൾ, ഓൺലൈൻ സേവനങ്ങൾ, വിവരാവകാശ നിയമം, എഫ്‌.ഐ.ആർ പകർപ്പ്‌ തുടങ്ങി വിവിധ സേവനങ്ങൾ പൊതുജനങ്ങൾക്ക്‌ മൈ പൊലീസ്‌ സ്‌റ്റേഷനിൽ പദ്ധതിയുടെ ഭാഗമായി നടപ്പാക്കും.
webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.