സംരംഭകത്വം വളർത്താൻ സാങ്കേതികസർവകലാശാല
വിദ്യാർഥികളിൽ സംരംഭകത്വം പ്രോത്സാഹിപ്പിക്കാൻ എൻജിനിയറിങ് കോളേജുകളിൽ വ്യവസായ ഗവേഷണ പാർക്ക് സ്ഥാപിക്കാൻ സാങ്കേതികസർവകലാശാല തീരുമാനിച്ചു
തിരുവനന്തപുരം: വിദ്യാർഥികളിൽ സംരംഭകത്വം പ്രോത്സാഹിപ്പിക്കാൻ എൻജിനിയറിങ് കോളേജുകളിൽ വ്യവസായ ഗവേഷണ പാർക്ക് സ്ഥാപിക്കാൻ സാങ്കേതികസർവകലാശാല തീരുമാനിച്ചു. ഇതിനായി 10 കോടി രൂപ സർവകലാശാലാ ബജറ്റിൽ വകയിരുത്തി. കോഴ്സ് കാലയളവിൽ ഒരു സ്റ്റാർട്ടപ്പ് തുടങ്ങി ഉത്‌പന്നം വികസിപ്പിക്കുന്ന വിദ്യാർഥികൾക്ക് ക്രെഡിറ്റ് നൽകാനും തീരുമാനിച്ചു.ഈയിടെ സംഘടിപ്പിച്ച സ്റ്റാർട്ടപ്പ് ബൂട്ട് ക്യാമ്പിൽ മന്ത്രി പി. രാജീവ് മുന്നോട്ടുവെച്ച നിർദേശം മാനിച്ചാണ് നടപടി.സാങ്കേതികസർവകലാശാലയ്ക്കുകീഴിൽ 142 എൻജിനിയറിങ് കോളേജുകളുണ്ട്. ഇവിടങ്ങളിലെല്ലാം വ്യവസായ പാർക്കുകൾ വരും.അക്കാദമിക-വ്യവസായ ബന്ധം ശക്തമാക്കി തൊഴിൽസാധ്യത സൃഷ്ടിക്കാൻ അഞ്ചുസംരംഭങ്ങളും തൊഴിലവസരങ്ങളും വിവരങ്ങളുമുൾപ്പെടുത്തി ‘കരിയർ പോർട്ടലും’ തുടങ്ങും. നടപ്പുവർഷം 234 കോടി രൂപ വരവും 378 കോടി രൂപ ചെലവും 144 കോടി രൂപയുടെ കമ്മിയും പ്രതീക്ഷിക്കുന്ന ബജറ്റ് ധനകാര്യസമിതി അധ്യക്ഷൻ പി.കെ. ബിജു അവതരിപ്പിച്ചു.