സംസ്ഥാനത്ത് സിനിമ നയ രൂപീകരണത്തിന് കൺസൾട്ടൻസി; ഒരു കോടി രൂപ അനുവദിച്ച് സാംസ്കാരിക വകുപ്പ്
സിനിമ നിർമ്മാണ വിതരണ പ്രദർശന മേഖലയിലെ വിവിധ പ്രശ്നങ്ങൾ വിശദമായി പഠിച്ച് വിവരങ്ങൾ ശേഖരിക്കാനാണ് കൺസൾട്ടൻസി
തിരുവനന്തപുരം : സംസ്ഥാനത്ത് സിനിമ നള രൂപീകരണത്തിന് കൺസൾട്ടൻസി ആരംഭിക്കുമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. ഇതിനായി ഒരു കോടി രൂപ അനുവദിക്കും. സിനിമ നിർമ്മാണ വിതരണ പ്രദർശന മേഖലയിലെ വിവിധ പ്രശ്നങ്ങൾ വിശദമായി പഠിച്ച് വിവരങ്ങൾ ശേഖരിക്കാനാണ് കൺസൾട്ടൻസി. കരട് സിനിമാ നയരൂപീകരണത്തിന്റെ ചെലവുകള്‍ക്കായാണ് ഒരു കോടി രൂപ അനുവദിച്ചത്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെയാണ് കൺസൾട്ടൻസി ആരംഭിക്കാനുള്ള സർക്കാർ നടപടി.അതേസമയം, ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഡബ്ള്യുസിസി നന്ദി അറിയിച്ചു. സ്ത്രീകളുടെ നീതിക്കുവേണ്ടിയുള്ള തങ്ങളുടെ നീണ്ടയാത്രയാണ് ഇത്. ആ പോരാട്ടം ഇന്ന് ഫലം കണ്ടു. സിനിമാ ചരിത്രത്തില്‍ ഇങ്ങനെ ഒരു റിപ്പോര്‍ട്ട് ഇതാദ്യമാണ്. റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് ഡബ്ല്യുസിസി ആവശ്യപ്പെട്ടു. 43 പേരാണ് കമ്മിറ്റിക്ക് മൊഴി നല്‍കിയത്. സാംസ്‌ക്കാരിക വകുപ്പിലെ വിവരാവകാശ ഓഫീസറാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.ക്രിമിനലുകള്‍ സിനിമാലോകം നിയന്ത്രിക്കുന്നുവെന്നും അവസരം ലഭിക്കാന്‍ വിട്ടുവീഴ്ചകള്‍ ചെയ്യേണ്ടിവരുന്നുവെന്ന മൊഴിയും റിപ്പോര്‍ട്ടിലുണ്ട്. വഴിവിട്ട കാര്യങ്ങൾക്ക് നിർബന്ധിക്കുന്നത് പതിവാണ്. സഹകരിക്കുന്ന നടിമാർ പ്രത്യേക കോഡ് പേരുകളിലാണ് സിനിമാ മേഖലയിൽ അറിയപ്പെടുന്നത്. സഹകരിക്കാത്തവരെ പ്രശ്നക്കാരെന്ന് പറഞ്ഞ് ഒഴിവാക്കാറുണ്ട്