കാര്‍ഷിക മേഖല സമ്പദ്‌വ്യവസ്ഥക്ക് അവിഭാജ്യ ഘടകം : വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
കാര്‍ഷിക മേഖല നാടിന്റെ ഗ്രാമീണ സമ്പദ് വ്യവസ്ഥയുടെ അവിഭാജ്യ ഘടകമാണെന്നും അത് നിലനിര്‍ത്തേണ്ടത് ഓരോരുത്തരുടെയും കടമയെന്നും വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍. സാമ്പത്തിക സ്ഥിതിവിവരകണക്ക് വകുപ്പ് ജീവനക്കാര്‍ക്കായി സംഘടിപ്പിച്ച കാര്‍ഷിക സര്‍വ്വെ ജില്ലാതല പരിശീലന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. കാര്‍ഷിക മേഖലയിലെ വിള വിസ്തീര്‍ണ്ണം, ഉത്പാദനം, വിള നിരക്ക്, ഭൂവിനിയോഗ രീതികളുമായി ബന്ധപ്പെട്ട കാര്‍ഷിക സ്ഥിതി വിവരക്കണക്കുകള്‍ ശേഖരിച്ച് റിപ്പോര്‍ട്ട് ചെയ്യുന്ന നോഡല്‍ ഏജന്‍സിയാണ് സാമ്പത്തിക സ്ഥിതി വിവരക്കണക്ക് വകുപ്പ്. വകുപ്പ് ശേഖരിക്കുന്ന വിവരങ്ങള്‍ പദ്ധതി രൂപീകരണത്തിന് അനിവാര്യമാണ്. കാര്‍ഷിക മേഖലയില്‍ നടപ്പാക്കുന്ന വികസന പദ്ധതികള്‍ക്ക് മുതല്‍കൂട്ടാകുമെന്നും ശാസ്ത്രീയ കൃഷിരീതികളുമായി ബന്ധപ്പെട്ട വിവരശേഖരണത്തിന് കൂടുതല്‍ ശ്രദ്ധയുണ്ടവണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പറഞ്ഞു.
കളക്ടറേറ്റ് ആസൂത്രണഭവന്‍ എ.പി.ജെ ഹാളില്‍ നടന്ന പരിപാടിയില്‍ സാമ്പത്തിക സ്ഥിതിവിവരകണക്ക് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ. രാകേഷ് കുമാര്‍ അധ്യക്ഷനായി. ഡി.ഇ.എസ് ജോയിന്റ് ഡയറക്ടര്‍ കെ.സെലീന, സാമ്പത്തിക സ്ഥിതിവിവരനക്കണക്ക് വകുപ്പ് ജില്ലാ ഓഫീസര്‍ കെ.എം ജമാല്‍, ജില്ലാ ഡെപ്യൂട്ടി പ്ലാനിങ് ഓഫീസര്‍ കെ.എസ് ശ്രീജിത്ത്, ജില്ലാ ടൗണ്‍ പ്ലാനിങ് ഓഫീസര്‍ കെ.എസ് രഞ്ജിത്ത്, എന്‍.എസ്.ഒ സീനിയര്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസര്‍ എം.എം ഷാനവാസ്, സര്‍വ്വെ വകുപ്പ് ഹെഡ് ഡ്രാഫ്റ്റ്മാന്‍ കെ.എം ഏലിയാസ്, റിസര്‍ച്ച് ഓഫീസറുമാരായ പി.അനഘ, എന്‍.ജെ ഷിബു, അഡിഷണല്‍ ജില്ലാ ഓഫീസര്‍ പി. ഉമ്മര്‍കോയ എന്നിവര്‍ സംസാരിച്ചു.


