ചേനയ്ക്കും ചേമ്പിനും വില 100 പിന്നിട്ടു
കോട്ടയം : 100 രൂപ വില പിന്നിട്ട് ചേനയും ചേമ്പും കുതിച്ചതോടെ കാർഷിക വിപണിയിൽ അന്പരപ്പ്. വില കൂടിയിട്ടും തദ്ദേശീയ കൃഷിക്കാർക്ക് ഗുണമില്ല. കാരണം എല്ലാം തമിഴ്നാട് ഉത്പന്നങ്ങളാണ്. വന്യജീവി ശല്യം കാരണം സംസ്ഥാനത്ത് ചേനയും ചേമ്പുമൊന്നും ശരിയായി കൃഷി ചെയ്യാനാകുന്നില്ല.
കഴിഞ്ഞവർഷം വിത്തുചേനയ്ക്ക് 100 രൂപയ്ക്ക് മുകളിൽ വില ഉയർന്നിരുന്നു. ശരാശരി അഞ്ചുകിലോ തൂക്കമുള്ള വിത്തുചേനയ്ക്ക് 500 രൂപയോളമായിരുന്നു വില. തമിഴ്‌നാട്ടിൽനിന്നുള്ള തൂക്കംകുറഞ്ഞ ചെറിയ ചേനയാണ് ഇപ്പോൾ വിപണിയിലെത്തുന്നത്. ചീമ ചേമ്പിന് 120 രൂപയാണ് വില. രണ്ടുമാസം മുൻപ് വരെ 80 രൂപയായിരുന്നു. ചേമ്പിന്റെ ലഭ്യത കുറഞ്ഞതാണ് വില ഉയരാൻ കാരണം. ചരക്കുള്ള കർഷകർക്ക് 90 മുതൽ 100 രൂപ വരെ കിട്ടുന്നുണ്ട്.
കഴിഞ്ഞ ഓണക്കാലത്ത് 50-60 രൂപയായിരുന്നു ഒരുകിലോ ചേനയുടെ വില. ഇപ്പോൾ 100 രൂപയാണ്. വേണ്ടത്ര ചേന വിപണിയിൽ ലഭ്യമല്ലെന്ന് വ്യാപാരികൾ പറയുന്നു. വന്യജീവി ശല്യവും തുടർച്ചയായ വിലയിടിവും വിപണിയില്ലാത്തതിനാലും പലരും നാട്ടിൽ ചേനക്കൃഷി ഉപേക്ഷിച്ചു. ഓണക്കാലത്ത് മാത്രമാണ് ചേനയ്ക്ക് പൊതുവെ ആവശ്യക്കാരുള്ളത്.