അക്ഷയ ജനസേവന കേന്ദ്രങ്ങൾക്ക് സമാനമായി അക്ഷര ജനസേവന കേന്ദ്രം പഞ്ചായത്ത് ഓഫീസ് കെട്ടിട സമുച്ചയത്തിൽ, കോടതി അലക്ഷ്യമെന്ന് ഫേസ്
സംസ്ഥാന സർക്കാരിൻ്റെ വിവിധ സർക്കാർ വകുപ്പുകൾ ലഭ്യമാക്കിയിട്ടുള്ള ഓൺലൈൻ സേവനങ്ങൾ പൊതുജനങ്ങൾക്ക് നൽകുന്നതിനുള്ള അംഗീകൃത സെൻ്ററുകൾ അക്ഷയ കേന്ദ്രങ്ങൾ മാത്രമായിരിക്കും എന്ന ഉത്തരവ് നിലനിൽക്കെ കാസർഗോഡ് ജില്ലയിൽ മഞ്ചേശ്വരം ബ്ലോക്കിലെ പൈവളികെ പഞ്ചായത്ത് ഓഫീസ് കെട്ടിട സമുച്ചയത്തിൽ തന്നെ അധികൃതർ അക്ഷയക്ക് സമാനമായി അക്ഷര ജനസേവനകേന്ദ്രത്തിന് അനുമതി നൽകിയത് വിവാദമായി. നിലവിലുള്ള സർക്കാർ ഉത്തരവ് പ്രകാരം അക്ഷയ കേന്ദ്രങ്ങൾക്ക് സമാനമായ ബോർഡുകൾ, ലോഗോ എന്നിവ ഉപയോഗിച്ച് പൊതുജനങ്ങളെ അക്ഷയ കേന്ദ്രങ്ങളാണ് എന്ന് തെറ്റിദ്ധരിപ്പിച്ച് സേവനങ്ങൾ നൽകുന്നത് നിയമ വിരുദ്ധമാണ്. വ്യക്തിഗത ലോഗിൻ ദുരുപയോഗം ചെയ്ത് കോമൺ സർവ്വീസ് സെൻ്ററുകളോ ഇതര ഓൺലൈൻ സേവന കേന്ദ്രങ്ങളോ ഇ-ഡിസ്ട്രിക് പോലുള്ള സേവനങ്ങൾ ചെയ്താൽ അവർക്കെതിരെ അധികൃതർ നിയമനടപടികൾ എടുക്കേണ്ടതാണ്. എന്നാൽ ഇത്തരം നിയമലംഘനം കണ്ടുപിടിക്കാനുള്ള പ്രത്യേക നിരീക്ഷണ സംവിധാനങ്ങൾ ഏർപ്പെടുത്തുകയോ ജില്ലാ ഭരണാധികാരികളുടെ ഭാഗത്തുനിന്നോ അക്ഷയ ജില്ലാ ഓഫീസിൻ്റെ ഭാഗത്തുനിന്നോ ഇത്തരം കേന്ദ്രങ്ങളെ നിയന്ത്രിക്കാനുള്ള നടപടികൾ സ്വീകരിക്കാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ സർക്കാർ ഉത്തരവ് നടപ്പിലാക്കാനായി അക്ഷയ സംരംഭകരുടെ സംഘടനയായ ഫേസിന് കോടതിയെ സമീപിക്കേണ്ടി വന്നു. നിലവിൽ സർക്കാർ ഉത്തരവ് ഉടൻ നടപ്പിലാക്കണമെന്ന ഹൈക്കോടതി ഓർഡർ നിലനിൽക്കുന്ന സാഹചര്യത്തിലാണ് കാസർഗോഡ് ജില്ലയിൽ പൈവളികെ പഞ്ചായത്ത് ഓഫീസ് കെട്ടിട സമുച്ചയത്തിൽ തന്നെ അക്ഷയക്ക് സമാനമായി അക്ഷര ജനസേവനകേന്ദ്രം തുടങ്ങാൻ അധികൃതർ അനുവാദം നൽകിയത്. ഇത് കോടതി അലക്ഷ്യമാണെന്നും ഇതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ ഉടൻ നിയമനടപടികൾ എടുക്കണമെന്നും ഫോറം ഓഫ് അക്ഷയ സെൻ്റർ എൻ്റർപ്രെനേർസ് കാസർഗോഡ് ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. അക്ഷയക്ക് സമാനമായി പഞ്ചായത്ത് കെട്ടിടത്തിൽ തുടങ്ങിയ വ്യാജകേന്ദ്രം അടച്ചിടാനുള്ള നടപടികൾ ഉടൻ എടുത്തില്ലെങ്കിൽ ഫേസ് ജില്ലാ കമ്മിറ്റിക്ക് പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് അടക്കമുള്ള സമരപരിപാടികൾക്ക് നേതൃത്ത്വം നൽകേണ്ടി വരുമെന്ന് ഫേസ് ജില്ലാ പ്രസിഡണ്ട് പി.ഡി.എ റഹ്മാനും സെക്രട്ടറി പ്രമോദ് കെ. റാമും മുന്നറിയിപ്പ് നൽകി.