അക്ഷയ സംരംഭകയുടെ ലൈസൻസ് കൈമാറ്റം റദ്ദ് ചെയ്ത ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

Feb 12, 2026
അക്ഷയ സംരംഭകയുടെ ലൈസൻസ് കൈമാറ്റം റദ്ദ് ചെയ്ത ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

ഇടുക്കി ജില്ലയിലെ സംരംഭക സിന്ധു എം. കുരുവിളയ്ക്ക് 2022-ൽ സഹോദരനായ സാനുവിന്റെ ലൈസൻസ് കൈമാറ്റം അനുവദിച്ച് ഉത്തരവ് നൽകിയിരുന്നു. എന്നാൽ 2023-ൽ അന്നത്തെ ഡയറക്ടർ ശ്രീമതി അനുകുമാരി, ആ ഉത്തരവ് റദ്ദ് ചെയ്യണമെന്ന് സർക്കാരിന് നിർദേശം നൽകി. തുടർന്ന് സർക്കാർ ലൈസൻസ് കൈമാറ്റം റദ്ദ് ചെയ്തു. റദ്ദാക്കലിന് കാരണമായി ചൂണ്ടിക്കാട്ടിയത്, സാനു വിദേശത്തുനിന്ന് ആൾമാറാട്ടം നടത്തി അപേക്ഷ സമർപ്പിച്ചതാണെന്നായിരുന്നു. ഇതിനെ അടിസ്ഥാനമാക്കി ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യാനും ഡയറക്ടർ പോലീസിനോട് നിർദേശിച്ചു. സിന്ധു അക്ഷയ സംരംഭകരുടെ സംഘടനയായ ഫേസിന്റെ പിന്തുണയോടെ ഹൈക്കോടതിയെ സമീപിച്ചു. എന്നാൽ പോലീസ് നടത്തിയ അന്വേഷണത്തിൽ സിന്ധുവിന് അനുകൂലമായ റിപ്പോർട്ട് ലഭിച്ചു. ഈ റിപ്പോർട്ട് സർക്കാരിൽ നിന്ന് ഡയറക്ടർ മറച്ചുവെച്ചതായും കോടതിയിൽ വ്യക്തമായി. രേഖകൾ പരിശോധിച്ച ഹൈക്കോടതി, യാതൊരു ആൾമാറാട്ടവും നടന്നിട്ടില്ലെന്നും, സാനു വിദേശത്താണെന്ന വിവരം അപേക്ഷയിൽ വ്യക്തമായി സൂചിപ്പിച്ചിട്ടുണ്ടെന്നും നിരീക്ഷിച്ചു. ട്രാൻസ്ഫർ റദ്ദാക്കാൻ സർക്കാരിലേക്ക് അയച്ച കത്തും, പോലീസ് അന്വേഷണത്തിന് ആവശ്യപ്പെട്ട കത്തും ഒരേ തീയതിയിലാണെന്നതും കോടതി ശ്രദ്ധയിൽപ്പെടുത്തി. പോലീസ് റിപ്പോർട്ട് കാത്തിരിക്കാതെ സർക്കാർ വഴി റദ്ദാക്കൽ ഉത്തരവ് നേടിയതെങ്ങനെ എന്ന ചോദ്യത്തിന് ഡയറക്ടർ തക്ക മറുപടി നൽകാനായില്ല. ഇതിന് മറുപടിയായി ജില്ലാ പ്രോജക്ട് ഓഫീസർ നൽകിയ വിശദീകരണം, ട്രാൻസ്ഫർ ഉത്തരവ് ഓഫീസിൽ എത്തിക്കാൻ സംരംഭക വൈകിയതിനാലാണ് റദ്ദാക്കൽ നടപടിയെടുത്തതെന്നായിരുന്നു. കൂടാതെ, പോലീസ് റിപ്പോർട്ട് സംരംഭകയ്ക്ക് എതിരാണെന്ന തരത്തിൽ തെറ്റായ സത്യവാങ്മൂലവും സമർപ്പിച്ചു. ഈ വാദങ്ങൾ എല്ലാം ഹൈക്കോടതി തള്ളി. അക്ഷയ സംരംഭകയുടെ ലൈസൻസ് കൈമാറ്റം റദ്ദ് ചെയ്ത സർക്കാരിന്റെ ഉത്തരവിനെയും, അത് പുറപ്പെടുവിച്ച ഡയറക്ടറുടെ നടപടികളെയും ഹൈക്കോടതി രൂക്ഷമായി വിമർശിച്ചു. ലൈസൻസ് കൈമാറ്റം സംബന്ധിച്ച ഉത്തരവ് സംരംഭകയെ വകുപ്പ് അറിയിക്കേണ്ടതാണെന്നും, അതിന് മറിച്ചായി സംരംഭക തന്നെ അറിയിക്കണമെന്ന വാദം അംഗീകരിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. മാത്രമല്ല, സർക്കാർ സ്വന്തം ഉത്തരവ് സ്വമേധയാ റിവ്യൂ ചെയ്യാനോ റദ്ദാക്കാനോ അധികാരമില്ലെന്നും കോടതി കണ്ടെത്തി. ജസ്റ്റിസ് ബെച്ചു കുര്യന്റേതാണ് വിധി. അഭിഭാഷകൻ മനസ് പി. ഹമീദ് ഹാജരായി. മൂന്ന് വർഷമായി തനിക്കുണ്ടായ സാമ്പത്തിക നഷ്ടത്തിന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് സിന്ധു സർക്കാർയും അന്നത്തെ ഡയറക്ടർ അനുകുമാരിയെയും എതിരാക്കി മുൻസിഫ് കോടതിയിൽ ഹർജി സമർപ്പിക്കുമെന്ന് അറിയിച്ചു