വിദ്യാർഥികളുടെ ലഹരി ഉപയോഗം റിപ്പോർട്ട് ചെയ്തില്ലെങ്കിൽ സ്‌കൂളുകൾക്കെതിരേ നടപടി- ജില്ലാ കളക്ടർ

Aug 13, 2026
വിദ്യാർഥികളുടെ ലഹരി ഉപയോഗം റിപ്പോർട്ട് ചെയ്തില്ലെങ്കിൽ സ്‌കൂളുകൾക്കെതിരേ നടപടി- ജില്ലാ കളക്ടർ
kottayam-collector

കോട്ടയം: വിദ്യാർഥികൾ ലഹരിമരുന്നുകൾ ഉപയോഗിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടും ഇക്കാര്യം അധികൃതരിൽനിന്ന് മറച്ചുവയ്ക്കുന്ന സ്‌കൂളുകൾക്കെതിരേ നടപടിയെടുക്കുമെന്ന് ജില്ലാ കളക്ടർ ചേതൻ കുമാർ മീണ. കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന നാർക്കോ കോ ഓർഡിനേഷൻ കമ്മിറ്റി-ജില്ലാതല ലഹരി വിമുക്തി സമിതി സംയുക്ത യോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലഹരിപദാർഥമായ ടി.എച്ച്.സി. (ടെട്രാഹൈഡ്രോകനാബിനോൾ) കലർന്ന മിഠായി സ്‌കൂൾ വിദ്യാർഥികൾ ഉപയോഗിച്ചതിന് 34 കേസുകളാണ് എക്സൈസ് വകുപ്പ് ജില്ലയിൽ അടുത്തിടെ എടുത്തത്. കേസുകൾ കണ്ടെത്തുമ്പോൾ സ്‌കൂളിന്റെ സൽപേരിനെ ബാധിക്കുമെന്നു ഭയന്ന്  റിപ്പോർട്ട് ചെയ്യാതിരിക്കുകയും കുട്ടികളെ സ്‌കൂളിൽ നിന്നു പുറത്താക്കുകയും ചെയ്യുന്നത് ശ്രദ്ധയിൽപെട്ടിട്ടുണ്ട്.

വിദ്യാർഥികളുടെ ഭാവിയെ ബാധിക്കാതെ ഇത്തരം കേസുകൾ കൈകാര്യം ചെയ്യാൻ സർക്കാർ സംവിധാനങ്ങൾക്കു സാധിക്കും. അതുകൊണ്ട് ഇത്തരം കേസുകൾ റിപ്പോർട്ട് ചെയ്യാൻ സ്‌കൂളുകൾക്ക് കർശന നിർദേശം നൽകണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പിന് ജില്ലാ കളക്ടർ നിർദേശം നൽകി. എല്ലാ സ്‌കൂളുകളിലും പരാതിപ്പെട്ടി സ്ഥാപിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണം. പരാതികൾ സമയബന്ധിതമായി പരിശോധിച്ച് വകുപ്പ് ആവശ്യമായ നടപടികൾ സ്വീകരിക്കണം-അദ്ദേഹം നിർദേശിച്ചു.

ഓണത്തോടനുബന്ധിച്ച് അനധികൃത മദ്യത്തിന്റെയും ലഹരിമരുന്നുകളുടെയും വിൽപന തടയുന്നതിന് എക്സൈസ് പോലീസ്-സംയുക്ത പരിശോധന ശക്തമാക്കും. ഇതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ തുറക്കും. എക്സൈസിന്റെ ഓണം സ്പെഷ്യൽ എൻഫോഴ്സസ്മെന്റ് ഡ്രൈവിന്റെ ഭാഗമായി ജില്ലയിലെ റേഞ്ച്,സർക്കിൾ തലങ്ങളിൽ വാഹന പരിശോധന, സ്ഥാപന പരിശോധന, രാത്രികാല പരിശോധന, അതിർത്തി പ്രദേശങ്ങളിലെ നിരീക്ഷണം എന്നിവ ശക്തമാക്കി.

അബ്കാരി, എൻ.ഡി.പി.എസ്. നിയമങ്ങൾ കർശനമായി നടപ്പാക്കുന്നതിന്റെ ഭാഗമായി ഈ വർഷം ജനുവരി ഒന്നുമുതൽ ഓഗസ്റ്റ് 12 വരെ 8175 റെയ്ഡുകളാണ് എക്സൈസ് വകുപ്പ് നടത്തിയത്. 5343 കേസുകളിലായി ( അബ്കാരി കേസുകൾ-1262, കോപ്ട കേസുകൾ -3304, എൻ.ഡി.പി.എസ്. കേസുകൾ-777.) 2008 പേരെ അറസ്റ്റ് ചെയ്തു.  37 വാഹനങ്ങൾ പിടിച്ചെടുത്തു.

24.97 കിലോഗ്രാം കഞ്ചാവ്, 2.4 കിലോഗ്രാം കഞ്ചാവ് കലർത്തിയ മിഠായി(ടി.എച്ച്.സി. കാൻഡി), 39 കഞ്ചാവ് ചെടികൾ, രണ്ടു ഗ്രാം ഹൈബ്രിഡ് കഞ്ചാവ്, 61.81 ഗ്രാം എം.ഡി.എം.എ, 2.511 ഗ്രാം ഹഷീഷ് ഓയിൽ, 11.217 ഗ്രാം മെത്താംഫിറ്റമിൻ, 0.06 ഗ്രാം എൽ.എസ്.ഡി,  3.48 ഗ്രാം നൈട്രോസീപാം ടാബ്, 1829 മില്ലി  മെഫെൻറമൈൻ സൾഫേറ്റ്, 64 ലിറ്റർ വ്യാജമദ്യം, 2459.54 ലിറ്റർ ഇന്ത്യൻ നിർമിത വിദേശമദ്യം, 51.25 ലിറ്റർ ചാരായം 830 ലിറ്റർ വാഷ്, 215.72 ലിറ്റർ ബിയർ, 18.575 ലിറ്റർ വൈൻ, 180 ലിറ്റർ കള്ള് എന്നിവയും ഈ കാലയളവിൽ പിടികൂടി.

 സമയക്രമം പാലിക്കാതെ പ്രവർത്തിച്ച മൂന്നു കള്ളുഷാപ്പുകൾക്കെതിരെയും, ഒരു ബാറിനെതിരെയും കേസ് രജിസ്റ്റർ ചെയ്തു. കള്ളിൽ സ്റ്റാർച്ച് സാന്നിദ്ധ്യം കണ്ടെത്തിയതിനെ തുടർന്ന് രണ്ടു കള്ളുഷാപ്പുകൾക്കെതിരെയും, മദ്യത്തിൽ അനുവദനീയമായ അളവിൽ കൂടുതൽ ആൽക്കഹോൾ കണ്ടെത്തിയതിന് രണ്ടു ബാറുകൾക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തു.  
 
ജില്ലാ കളക്ടറുടെ നിർദേശപ്രകാരം രൂപീകരിച്ച എക്സൈസ്, ഭക്ഷ്യസുരക്ഷ, ആരോഗ്യവകുപ്പ്, തദ്ദേശ വകുപ്പ്, പോലീസ് സംയുക്ത സ്‌ക്വാഡ് 401 പരിശോധനകൾ നടത്തി നിയമലംഘനങ്ങൾക്കെതിരേ തുടർനടപടികൾ സ്വീകരിച്ചു.

യോഗത്തിൽ ജില്ലാ പോലീസ് മേധാവി കെ.എം. സാബു മാത്യൂ,  എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ എസ്. അശോക് കുമാർ, അസിസ്റ്റൻറ് എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ എസ്. സഞ്ജീവ് കുമാർ, കോട്ടയം ആർ.ഡി.ഒ. നിജു കുര്യൻ, നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി. യു. ശ്രീജിത്ത്, ജില്ലാതല ഉദ്യോഗസ്ഥർ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, സംഘടനപ്രതിനിധികൾ  എന്നിവർ പങ്കെടുത്തു.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.