ഐ.ടി. വകുപ്പിന്റെ അധികാര പരിധിയിലേക്കുള്ള മറ്റു വകുപ്പുകളുടെ കടന്നുകയറ്റം അക്ഷയ പദ്ധതിയെ നാശത്തിലെത്തിക്കും: സ്റ്റീഫൻ ജോൺ
മുഖ്യമന്ത്രിയുടെ കീഴിലുള്ള കേരളത്തിലെ ഐ.ടി. വകുപ്പിന്റെ അധികാര പരിധിയിലേക്കുള്ള മറ്റു വകുപ്പുകളുടെ കടന്നു കയറ്റം സർക്കാരിന്റെ സ്വന്തം ജനസേവന കേന്ദ്രമായ അക്ഷയ കേന്ദ്രങ്ങളുടെ നാശത്തിന് കാരണമായി തീരുന്നുവെന്ന് ഫേസ് സംസ്ഥാന പ്രസിഡന്റ് സ്റ്റീഫൻ ജോൺ അഭിപ്രായപെട്ടു. സംസ്ഥാനത്തെ അക്ഷയ സംരംഭകരുടെ സംഘടനയായ ഫോറം ഓഫ് അക്ഷയ സെന്റർ എന്റർപ്രെനേർസ് ജില്ലാ സമ്മേളനം കാസർഗോഡ് ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അക്ഷയ കേന്ദ്രങ്ങൾ നടത്തി കൊണ്ടുപോകുമ്പോൾ അതിന്റെ സാമ്പത്തിക നേട്ടമുണ്ടാകുന്നത് അക്ഷയ സംരംഭകർക്ക് മാത്രമല്ലെന്നും അതിന്റെ നേട്ടം സർക്കാറിനും ജനങ്ങൾക്കും കൂടി ലഭിക്കുന്നുണ്ടെന്നും സർക്കാർ അക്ഷയ കേന്ദ്രങ്ങളെ കൂടെ ചേർത്തു പിടിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വർഷങ്ങളായി കേരളത്തിലെ അക്ഷയ സംരംഭകർ ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന അക്ഷയ സേവന നിരക്ക് കാലാനുസൃതമായി പരിഷ്ക്കരിക്കാൻ സർക്കാർ ഇനിയും തയ്യാറായില്ലെങ്കിൽ ശക്തമായ സമര പരിപാടികളുമായി ഫേസിന് മുന്നോട്ട് പോകേണ്ടി വരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ഫേസ് അംഗമായ അക്ഷയ സംരംഭക സാവിത്രിയുടെ അകാല നിര്യാണത്തിലും വിമാന അപകടത്തിൽ മരണപ്പെട്ടവർക്കും വേണ്ടി യോഗം അനുശോചനം രേഖപ്പെടുത്തി. കാസർഗോഡ് ഹോട്ടൽ സിറ്റി ടവർ ഹാളിൽ നടന്ന ഫേസ് ജില്ലാ സമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് പി.ഡി.എ. റഹ്മാൻ അധ്യക്ഷനായിരുന്നു. ഫേസ് സംസ്ഥാന സെക്രട്ടറി സദാനന്ദൻ എ.പി. മുഖ്യ പ്രാസംഗികനായിരുന്നു. പുതിയ അംഗങ്ങൾക്കുള്ള മെമ്പർഷിപ്പ് വിതരണം സംസ്ഥാന വൈസ് പ്രസിഡന്റ് സുദിൽ മുണ്ടാണി നിർവ്വഹിച്ചു. ഫേസ് ജില്ലാ സെക്രട്ടറി പ്രമോദ് കെ.റാം പ്രവർത്തന റിപ്പോർട്ടും സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. ഫേസ് ജില്ലാ വൈസ് പ്രസിഡണ്ട് സാമ്പു കെ.എസ് സ്വാഗതവും ജോയിന്റ് സെക്രട്ടറി ഫൈസൽ എ നന്ദിയും പറഞ്ഞു.പുതിയ ഭാരവാഹികളായി പി.ഡി.എ റഹ്മാൻ (പ്രസിഡന്റ്) , പ്രമോദ് കെ. റാം (സെക്രട്ടറി) ,മജ്ജുഷ പി.വി. (ട്രഷറർ) , സാബു കെ.എസ്, ഫൈസൽ എ, ദയാനന്ദ മാട പി (വൈസ് പ്രസിഡന്റുമാർ ), സുധിൽകുമാർ കെ.വി,അരവിന്ദ് കെ ,രവീന്ദ്രൻ ടി (ജോ.സെക്രട്ടറിമാർ ) എന്നിവരെ തിരഞ്ഞെടുത്തു.
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 


 
                         
                        

 
                                                                                                                                             
                                                                                                                                             
                                             
                                             
                                             
                                             
                                             
                                            