മഹാമാരി നേരിടാന്‍ ആരോഗ്യ വകുപ്പ് പദ്ധതിയൊരുങ്ങുന്നു
മഹാമാരികള്‍ ഫലപ്രദമായി പ്രതിരോധിക്കാന്‍ ആരോഗ്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ പദ്ധതി തയ്യാറാക്കുന്നു. പരിചിതമായതും പുതുതായി കണ്ടെത്തുന്ന മഹാമാരികളും നേരിടാന്‍ കൃതമായ ആസൂത്രണ രേഖ തയ്യാറാക്കി സാമൂഹിക പങ്കാളിത്തത്തോടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിച്ച് നടപ്പാക്കുന്ന പദ്ധതിയാണ് വിഭാവനം ചെയുന്നത്. പഞ്ചായത്ത്തലം മുതല്‍ ജില്ലാതലം വരെയുള്ള പ്രവര്‍ത്തന രൂപരേഖയാണ് തയ്യാറാക്കുന്നത്. ജില്ലയിലെ ആരോഗ്യ സൗകര്യങ്ങള്‍, അടിയന്തര സാഹചര്യങ്ങള്‍ തരണം ചെയ്യാനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ വിലയിരുത്തുന്നതിന് ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ രാജന്‍ എന്‍ ഖോബ്രഗഡെയുടെ അധ്യക്ഷതയില്‍ കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളിലാണ് യോഗം ചേര്‍ന്നത്. ജന്തു ജന്യരോഗങ്ങളേയും പകര്‍ച്ചവ്യാധികളെയും സാമൂഹ്യതലത്തില്‍ നിരീക്ഷിക്കാന്‍ പ്രാപ്തമാക്കുന്ന രീതിയില്‍ സന്നദ്ധപ്രവര്‍ത്തകരേയും പൊതുജനങ്ങളേയും ആരോഗ്യ വിദ്യാഭ്യാസ ശീലമാറ്റ പ്രവര്‍ത്തനങ്ങളിലൂടെ ശാക്തീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ആരോഗ്യ പ്രവര്‍ത്തകരുടെ ശേഷീ വികസനത്തിന് പരിശീലനങ്ങള്‍ സംഘടിപ്പിക്കും. ആന്റിമൈക്രോബിയല്‍ റെസിസ്റ്റന്‍സ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, ജന്തുജന്യ രോഗങ്ങള്‍ക്കെതിരെ ഏകാരോഗ്യ സമീപനം എന്നിവയും ഊര്‍ജ്ജിതപ്പെടുത്തും. യോഗത്തില്‍ ഗ്രാമപഞ്ചായത്ത് മുതല്‍ ജില്ലതലം വരെയുള്ള മഹാമാരി മുന്നൊരുക്ക കരട് പദ്ധതികള്‍ അവലോകനം ചെയ്ത്് ആവശ്യമായ മാറ്റങ്ങള്‍ നിര്‍ദ്ദേശിച്ചു. മഹാമാരി മുന്നൊരുക്ക പ്രവര്‍ത്തനങ്ങളുടെയും ഹെല്‍ത്തി ക്യാമ്പെയിന്റെയും പുരോഗതി വിലയിരുത്താന്‍ നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രം, മുത്തങ്ങ ആയുഷ്മാന്‍ ആരോഗ്യ മന്ദിര്‍, സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രികള്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി സന്ദര്‍ശിച്ചു. ജില്ലയിലെ ആരോഗ്യ സ്ഥാപനങ്ങളില്‍ നടപ്പാക്കുന്ന ജനസൗഹൃദ പദ്ധതികള്‍, ചൂരല്‍മല ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍, സീറോ ഡെത്ത് മണ്‍സൂണ്‍ ക്യാമ്പയിന്‍ എന്നിവയെ ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി പ്രത്യേകം അഭിനന്ദിച്ചു.
മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന് യോഗത്തില്‍ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ, സബ് കളക്ടര്‍ അതുല്‍ സാഗര്‍, ദേശീയ ആരോഗ്യ ദൗത്യം സംസ്ഥാന പ്രോഗ്രാം മാനേജര്‍ ഡോ ഇ. ബിജോയ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ആന്‍സി മേരി ജേക്കബ്, ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ സമീഹ സൈതലവി, ഗവ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ ചാന്ദ്നി, ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ശ്രീജ, ആരോഗ്യ വകുപ്പ്, ആരോഗ്യകേരളം പ്രോഗ്രാം ഓഫീസര്‍മാര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, ആശുപത്രി സൂപ്രണ്ടുമാര്‍, മെഡിക്കല്‍ ഓഫീസര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.


