അക്ഷയ കേന്ദ്രങ്ങള്‍ക്ക് നിയമ പരിരക്ഷ നൽകും: ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല

Jul 7, 2026
അക്ഷയ കേന്ദ്രങ്ങള്‍ക്ക് നിയമ പരിരക്ഷ  നൽകും: ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല
അക്ഷയ കേന്ദ്രങ്ങള്‍ക്ക് നിയമ പരിരക്ഷ  നൽകും: ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല

ജനങ്ങളുമായി ഏറ്റവും അടുത്ത ബന്ധം പുലര്‍ത്തുകയും സംസ്ഥാനത്തിന്റെ വിശ്വാസ്യതയുള്ള ഡിജിറ്റല്‍ പൊതുസേവന ശൃംഖലയായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന അക്ഷയ കേന്ദ്രങ്ങളെ സംബന്ധിച്ച് "നിയമ പരിരക്ഷ " എന്നത് ഏറ്റവും അനിവാര്യമായ ഒന്നാണെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ്‌ ചെന്നിത്തല അഭിപ്രായപ്പെട്ടു. ഫോറം ഓഫ് അക്ഷയ സെന്റര്‍ എന്റര്‍പ്രണേഴ്സ് (FACE) ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ജില്ലാ കണ്‍വെന്‍ഷനും 'ഫേസ് കെയര്‍' അക്ഷയ സംരംഭക കുടുംബ സുരക്ഷാ നിധി വിതരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ആഭ്യന്തര മന്ത്രി.

      അക്ഷയ കേന്ദ്രങ്ങള്‍ സംസ്ഥാനത്തെ സാധാരണ ജനങ്ങള്‍ക്ക് സര്‍ക്കാര്‍ സേവനങ്ങള്‍ എളുപ്പത്തിലും വിശ്വാസ്യതയോടെയും ലഭ്യമാക്കുന്നതില്‍ നിര്‍ണായക പങ്കാണ് വഹിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പൊതുജനങ്ങളുടെ വിശ്വാസം നേടിയ ഈ സേവന ശൃംഖലയുടെ നിലനില്‍പ്പും സുരക്ഷയും ഉറപ്പാക്കുന്നതിനായി ആവശ്യമായ നിയമപരവും ഭരണപരവുമായ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് സാധ്യമായ എല്ലാ പിന്തുണയും ഉറപ്പാക്കുമെന്ന് മന്ത്രി അറിയിച്ചു. അക്ഷയ സംരംഭകരുടെ സേവനപ്രതിബദ്ധതയും സമൂഹത്തോടുള്ള ഉത്തരവാദിത്തബോധവും മന്ത്രി അഭിനന്ദിച്ചു. പൊതുസേവന വിതരണരംഗത്ത് അക്ഷയ കേന്ദ്രങ്ങള്‍ കൂടുതല്‍ ശക്തിപ്പെടേണ്ടത് കാലഘട്ടത്തിന്റെ ആവശ്യകതയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംസ്ഥാന സര്‍ക്കാരിന്റെ ലഹരിവിരുദ്ധ പ്രവര്‍ത്തനമായ 'ഓപ്പറേഷന്‍ തൂഫാന്‍' പദ്ധതിയുടെ ഭാഗമായി അക്ഷയ സംരംഭകരെ 'തൂഫാന്‍ കേഡറ്റുമാരായി' പ്രഖ്യാപിച്ച മന്ത്രി, ലഹരിവിരുദ്ധ ബോധവത്കരണ പ്രവര്‍ത്തനങ്ങളില്‍ ഓരോ അക്ഷയ സംരംഭകനും സജീവമായി പങ്കാളികളാകണമെന്നും സമൂഹത്തില്‍ ലഹരി വിരുദ്ധ സന്ദേശം ശക്തമായി പ്രചരിപ്പിക്കണമെന്നും ആഹ്വാനം ചെയ്തു. ആഭ്യന്തര വകുപ്പിൻ്റെ വെബ് സൈറ്റായ തുണയിൽ അക്ഷയ കേന്ദ്രങ്ങൾക്ക് പ്രത്യേക ലോഗിൻ അനുവദിക്കുന്നതിനും, സമർപ്പിച്ച അപേക്ഷകളിലെ വൈകല്യങ്ങൾ പരിഹരിക്കാൻ ആവശ്യമായ എഡിറ്റിങ് സൗകര്യം ഏർപ്പെടുത്തുവെന്നും അദ്ദേഹം ഉറപ്പു നൽകി.

     സംസ്ഥാനത്തെ അക്ഷയ കേന്ദ്രങ്ങളെ ആഭ്യന്തര വകുപ്പിന്റെയും കേരള പോലീസിന്റെയും Public Relations & Citizen Facilitation Centres ആയി ഘട്ടംഘട്ടമായി വികസിപ്പിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന പ്രസിഡൻ്റ് സ്റ്റീഫൻ ജോൺ ബഹു: മന്ത്രിക്ക് നിവേദനം നൽകി. മരണമടഞ്ഞ അക്ഷയ സംരംഭകരുടെ കുടുംബങ്ങളുടെ സംരക്ഷണത്തിനായി FACE ആവിഷ്‌കരിച്ച 'ഫേസ് കെയര്‍' പദ്ധതിയുടെ ഭാഗമായി ജില്ലയിലെ അക്ഷയ സംരംഭകനായിരുന്ന ശ്രീ. സന്മയന്റെ കുടുംബത്തിന് സുരക്ഷാനിധി മന്ത്രി കൈമാറി. ഫേസ് അക്ഷയ കെയർ ജീവകാരുണ്യ പ്രവർത്തനത്തിലൂടെ ഇതുവരെ സംസ്ഥാനത്ത് 60 ലക്ഷത്തോളം രൂപ വിതരണം ചെയ്യാൻ സാധിച്ചതായി അക്ഷയ കെയർ ഭാരവാഹികള്‍ അറിയിച്ചു.

        FACE സംസ്ഥാന പ്രസിഡന്റ് സ്റ്റീഫന്‍ ജോണ്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എ. പി. സദാനന്ദന്‍, സംസ്ഥാന ട്രഷറര്‍ നിഷാന്ത് സി. വൈ., നസീര്‍ എ., ബിജു കെ., സജയകുമാര്‍ യു. എസ്., പ്രദീഷ് ജേക്കബ്, ജെഫേഴ്സണ്‍ മാത്യു, അബ്ദുല്‍ നാസര്‍ ഐ., ശിവപ്രസാദ് എസ്., ലൈജുമോന്‍ എല്‍., അഞ്ജന എ., രാധാകൃഷ്ണന്‍ പി. ജി., ബിന്ദു രാജേന്ദ്രകൃഷ്ണ, നീന സുഭാഷ്, കമല്‍ദേവ് എം. എ. എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

സമ്മേളനത്തിന്റെ ഭാഗമായി വിവിധ മേഖലകളില്‍ മികവ് തെളിയിച്ച അക്ഷയ സംരംഭകരെയും അവരുടെ കുടുംബാംഗങ്ങളെയും  ആദരിച്ചു.  ആധാര്‍, വിവിധ അക്ഷയ സേവനങ്ങള്‍, സി.എസ്.സി. സേവനങ്ങള്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഔദ്യോഗിക പരിശീലന ക്ലാസുകളും സംഘടിപ്പിച്ചു.