മരടിൽ ഉപേക്ഷിക്കപ്പെട്ട കുഞ്ഞിനെ ശിശുക്ഷേമ സമിതി ഏറ്റെടുത്തു
1മരടിൽ ഉപേക്ഷിക്കപ്പെട്ട കുഞ്ഞിനെ ശിശുക്ഷേമ സമിതി ഏറ്റെടുത്തു ഫോറം മാളിന് സമീപം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ നവജാത ശിശുവിനെ ഔദ്യോഗികമായി ശിശുക്ഷേമ സമിതി ഏറ്റെടുത്തു. കഴിഞ്ഞജൂൺ 28-ാംതീയതി വെളുപ്പിന് മരട് ഫോറം മാളിന് സമീപമുള്ള തട്ടുകടയോട് ചേർന്ന് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ നവജാത ശിശുവിനെയാണ് എറണാകുളം ജനറൽ ആശുപത്രിയിൽ നിന്ന് ശിശുക്ഷേമ സമിതി ഏറ്റെടുത്തത്. വിവരം ലഭിച്ചതിനെ തുടർന്ന് ഉടനടി സംഭവസ്ഥലത്തെത്തിയ മരട് പോലീസ് സ്റ്റേഷൻ സംഘമാണ് കുഞ്ഞിനെ സുരക്ഷിതമായി എറണാകുളം ജനറൽ ഹോസ്പിറ്റലിലെ കാഷ്വാലിറ്റിയിൽ എത്തിച്ചത്. തുടർന്ന് ആശുപത്രിയിലെ നവജാത ശിശുക്കളുടെ തീവ്രപരിചരണ വിഭാഗത്തിൽ (NICU) വിദഗ്ദ്ധ ചികിത്സയിലായിരുന്ന കുഞ്ഞ് നിലവിൽ പൂർണ്ണ ആരോഗ്യവാനാണ്. കുഞ്ഞ് ആരോഗ്യം വീണ്ടെടുത്തതായി ജനറൽ ഹോസ്പിറ്റൽ സൂപ്രണ്ടും ശിശുരോഗ വിഭാഗം മേധാവിയും അറിയിച്ചതിനെ തുടർന്ന്, സർക്കാരിനു വേണ്ടി ചൈൽഡ് വെൽഫെയർ കമ്മിറ്റിയും (CWC) ജില്ലാ ശിശു സംരക്ഷണ യൂണിറ്റും (DCPU) ചേർന്ന് ആശുപത്രി അധികാരികളിൽ നിന്നും കുഞ്ഞിനെ ഔദ്യോഗികമായി ഏറ്റുവാങ്ങി. തുടർ സംരക്ഷണത്തിനായി കുഞ്ഞിനെ സ്പെഷ്യൽ അഡോപ്ഷൻ ഏജൻസിയിലേക്ക് (SAA) സുരക്ഷിതമായി മാറ്റി. നവജാത ശിശുവിനെ വഴിയിൽ ഉപേക്ഷിക്കേണ്ടി വന്ന സാഹചര്യങ്ങളെക്കുറിച്ച് നിലവിൽ ശിശുക്ഷേമ സമിതി സ്വമേധയാ (സുവോ മോട്ടോ) കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. മരട് പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ യോട് ഈ വിഷയത്തിൽ അടിയന്തരവും വിശദവുമായ അന്വേഷണം നടത്തുവാൻ ശിശുക്ഷേമ സമിതി നിർദ്ദേശം നൽകിയിട്ടുണ്ട്. കൂടാതെ, ഇത്തരമൊരു സാഹചര്യത്തിലേക്ക് കാര്യങ്ങൾ എത്തിയതിനെക്കുറിച്ച് വിശദമായി അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ ശിശു സംരക്ഷണ യൂണിറ്റിനെയും ചുമതലപ്പെടുത്തി. എറണാകുളം ജനറൽ ആശുപത്രിയിൽ നടന്ന ഔദ്യോഗികമായ ഈ കൈമാറ്റ ചടങ്ങിൽ ജില്ലാ ശിശുക്ഷേമ സമിതി ചെയർ പേഴ്സൺ അഡ്വ. ഉല്ലാസ് മധു, അംഗങ്ങളായ ഡോ. ബിനു സനാതനൻ, അഡ്വ. ശ്രീലക്ഷ്മി കെ, ജിൻസിമോൾ കുരിയൻ, സന്ധ്യ വി. കെ, ജില്ലാ ശിശു സംരക്ഷണ ഓഫീസർമാരായ ഷാനോ ജോസ്, സ്റ്റേസി മാഞ്ഞൂരാൻ,എറണാകുളം ജനറൽ ആശുപത്രി മെഡിക്കൽ സൂപ്രണ്ടുമാരായ ഡോ. കെ. എൻ. സതീഷ്, ശിശുരോഗ വിഭാഗം മേധാവി മാരായ ഡോ.വിനീത റെസിഡന്റ് മെഡിക്കൽ ഓഫീസർ ഡോ. അമീറ, ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ട് ഡോ. സെൻസി, നഴ്സിംഗ് സൂപ്രണ്ട് ഉൾപ്പെടെയുള്ള ജീവനക്കാർ എന്നിവർ സന്നിഹിതരായി.


