യുജിസി നെറ്റ് ; എൻടിഎയ്ക്ക് വീണ്ടും ഗുരുതര വീഴ്ച , മൂന്നു വിഷയങ്ങളിൽ വീണ്ടും പരീക്ഷ
ന്യൂഡൽഹി: യു.ജി.സി നെറ്റ് പരീക്ഷയിൽ ദേശീയ പരീക്ഷാ ഏജൻസിക്ക് (എൻ.ടി.എ) വീണ്ടും ഗുരുതര പിഴവ്. ഇതിനെ തുടർന്ന് മൂന്നുവിഷയങ്ങളിൽ വീണ്ടും പരീക്ഷ നടത്താൻ എൻ.ടി.എ തീരുമാനിച്ചു. ഇംഗ്ലീഷ്, കൊമേഴ്സ്, സോഷ്യോളജി വിഷയങ്ങളിലാണ് പുനഃപരീക്ഷ നടത്തുന്നത്. സെപ്തംബർ 9,10 തീയതികളിലാണ് പരീക്ഷ. സെപ്തംബർ 9ന് രാവിലെ 9 മുതൽ 12 വരെയുള്ള ഒന്നാംഷിഫ്ടിൽ ഇംഗ്ലീഷും ഉച്ചയ്ക്ക് ശേഷം 3 മുതൽ 6 വരെ കൊമേഴ്സ് പരീക്ഷയും നടത്തും. സോഷ്യോളജി പരീക്ഷ സെപ്തംബർ 10ന് രാവിലെ 9 മുതൽ 12 വരെ നടക്കും.
പരീക്ഷയുടെ ഉത്തരസൂചിക പുറത്തുവന്നതിന് പിന്നാലയാണ് ചോദ്യപേപ്പറുകളിലെ ഗുരുതരപിഴവുകൾ ശ്രദ്ധയിൽപ്പെട്ടത്. ചോദ്യപേപ്പറുകളിൽ വസ്തുതാപരമായ തെറ്റുകൾ, ടൈപ്പിംഗ് പിഴവുകൾ, പരിഭാഷയിലുണ്ടായ പ്രശ്നങ്ങൾ എന്നിവ വ്യാപകമായിരുന്നു. ചോദ്യങ്ങളുടെ വാചക ഘടനയിലും വ്യാകരണത്തിലും തെറ്റുകൾ കണ്ടെത്തി. മുൻ വർഷങ്ങളിലെ നിരവധി ചോദ്യങ്ങൾ ആവർത്തിക്കുകയും ചെയ്തു. തുടർന്ന് വിദ്യാർത്ഥികൾ നൽകിയ പരാതി അന്വേഷിക്കാൻ പ്രത്യേക ആഭ്യന്തര സമിതിയെ നിയോഗിച്ചു. സമിതിയുടെ പരിശോധനയിൽ പരാതികൾ ശരിയാണെന്ന് കണ്ടെത്തുകയും പുനഃപരീക്ഷയ്ക്ക് ശുപാർശ ചെയ്യുകയുമായിരുന്നു


