വയോരക്ഷാ പദ്ധതി മാനദണ്ഡങ്ങളിൽ വ്യക്തത; സാമ്പത്തിക സ്ഥിതി നോക്കാതെ അടിയന്തര സഹായം
സംരക്ഷിക്കാൻ ആരുമില്ലാത്തതും പ്രയാസകരമായ സാഹചര്യങ്ങളിൽ കഴിയുന്നതുമായ വയോജനങ്ങൾക്ക് അടിയന്തര ചികിത്സ, പുനരധിവാസം, പരിചാരക സേവനം, സഹായ ഉപകരണങ്ങൾ എന്നിവ നൽകുന്ന 'വയോരക്ഷ' പദ്ധതിയുടെ മാനദണ്ഡങ്ങളിൽ സാമൂഹ്യനീതി ഡയറക്ടറേറ്റ് വ്യക്തത വരുത്തി. അടിയന്തര ഘട്ടങ്ങളിൽ മുതിർന്ന പൗരന്മാരെ ആശുപത്രിയിലെത്തിക്കുന്നതിനോ ഭക്ഷണം, മരുന്ന്, കെയർഗിവറുടെ സേവനം എന്നിവ നൽകുന്നതിനോ അവരുടെ സാമ്പത്തിക സ്ഥിതി പരിഗണിക്കേണ്ടതില്ല. മക്കളും ബന്ധുക്കളുമുണ്ടെങ്കിലും സഹായം ലഭിക്കാതെ ഒറ്റയ്ക്ക് കഴിയുന്നവർക്ക് അടിയന്തര ചികിത്സയ്ക്കായി പദ്ധതി ഫണ്ട് ഉപയോഗിക്കാമെങ്കിലും തുടർ ചികിത്സ മക്കൾ അല്ലെങ്കിൽ ബന്ധുക്കൾ വഴി ഉറപ്പാക്കണം. മക്കളുണ്ടെങ്കിലും ഉപേക്ഷിക്കപ്പെട്ട നിലയിൽ കാണപ്പെടുന്നവരെ പുനരധിവാസ കേന്ദ്രങ്ങളിലെത്തിക്കാനും ഈ തുക വിനിയോഗിക്കാം. പോലീസ് മുഖേനയോ സന്നദ്ധ പ്രവർത്തകർ മുഖേനയോ സംരക്ഷിക്കപ്പെടാത്തവരെയും ഉപേക്ഷിക്കപ്പെട്ടവരെയും സർക്കാർ ആശുപത്രികളിൽ പ്രവേശിപ്പിക്കുമ്പോൾ, ചികിത്സാ ചെലവുകൾ, ഭക്ഷണം, വസ്ത്രം, കെയർഗിവർ സേവനം, പുനരധിവാസ കേന്ദ്രങ്ങളിലേക്കുള്ള വാഹന വാടക എന്നിവ ആശുപത്രി വികസന സൊസൈറ്റി/കമ്മിറ്റി വഹിച്ചാൽ ആ തുക വയോരക്ഷാ പദ്ധതിയിൽ നിന്ന് അനുവദിക്കും. സൂപ്രണ്ടിന്റെയോ മെഡിക്കൽ ഓഫീസറുടെയോ സാക്ഷ്യപ്പെടുത്തലും ബില്ലുകളും വൗച്ചറുകളും അടിസ്ഥാനമാക്കി സൊസൈറ്റി/കമ്മിറ്റി അക്കൗണ്ടിലേക്കാണ് തുക കൈമാറുക. ഗുണഭോക്താക്കളുടെ ചികിത്സയ്ക്കായി പണം ചെലവഴിക്കുന്ന വ്യക്തികൾക്കും സംഘടനകൾക്കും സ്ഥാപനങ്ങൾക്കും രേഖകളുടെ അടിസ്ഥാനത്തിൽ തുക അക്കൗണ്ടിലേക്ക് തിരികെ ലഭിക്കും. ജില്ലാ സാമൂഹ്യനീതി ഓഫീസർക്ക് മോണിറ്ററിംഗ് കമ്മിറ്റിയുടെ അനുമതിയില്ലാതെ 25,000 രൂപ വരെയും, ജില്ലാ കളക്ടർ ചെയർമാനായ മോണിറ്ററിംഗ് കമ്മിറ്റിയുടെ മുൻകൂർ അനുമതിയോടെ രണ്ട് ലക്ഷം രൂപ വരെയും ചെലവഴിക്കാം. 10,000 രൂപ വരെ കരുതൽ ധനമായി സൂക്ഷിക്കാനും അനുവാദമുണ്ട്. മതിയായ വൗച്ചറുകളോ കൈപ്പറ്റ് രസീതോ ബില്ലുകളോ ഇല്ലാതെ ധനസഹായം അനുവദിക്കരുതെന്നും, സർക്കാർ ആശുപത്രികൾ കേന്ദ്രീകരിച്ച് അവബോധ പരിപാടികൾ നടത്തി അർഹരെ കണ്ടെത്താൻ ജില്ലാ ഓഫീസർമാർ നടപടിയെടുക്കണമെന്നും സർക്കുലറിൽ നിർദേശിക്കുന്നു


