വയനാട് മേപ്പാടി തുരങ്കപാതാ നിർമ്മാണ മേഖലയിൽ വൻ മണ്ണിടിച്ചിൽ: നിരവധി തൊഴിലാളികളെ രക്ഷപ്പെടുത്തി; വിപുലമായ രക്ഷാപ്രവർത്തനം തുടരുന്നു

Jul 7, 2026
വയനാട് മേപ്പാടി തുരങ്കപാതാ നിർമ്മാണ മേഖലയിൽ വൻ മണ്ണിടിച്ചിൽ: നിരവധി തൊഴിലാളികളെ രക്ഷപ്പെടുത്തി; വിപുലമായ രക്ഷാപ്രവർത്തനം തുടരുന്നു

വയനാട് മേപ്പാടി കള്ളാടിയിലെ ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ വൻ മണ്ണിടിച്ചിലിൽ വലിയ നാശനഷ്ടം. കള്ളാടി മീനാക്ഷി പാലത്തിന് സമീപമാണ് ദുരന്തമുണ്ടായത്. മണിക്കൂറുകളായി പെയ്യുന്ന അതിതീവ്ര മഴയെത്തുടർന്ന് മലവെള്ളപ്പാച്ചിലുണ്ടാവുകയും വലിയ തോതിൽ മണ്ണും പാറയും ഇടിഞ്ഞ് നിർമ്മാണ മേഖലയിലേക്ക് പതിക്കുകയുമായിരുന്നു. ദുരന്തത്തിൽ മണ്ണ അടിയിൽപ്പെട്ട ഏതാനും തൊഴിലാളികളെ അതിസാഹസികമായി രക്ഷപ്പെടുത്തി. കിരൺകുമാർ, ദിലീപ്, സൂരജ് യാദവ്, സഞ്ജയ് ഥാപ്പൂർ, രജനീഷ്, തന്മയി ഘോഷ് എന്നിവരുൾപ്പെടെയുള്ള തൊഴിലാളികളെയാണ് നിലവിൽ രക്ഷപ്പെടുത്തിയത്. ഇവരെ ഉടനടി മേപ്പാടിയിലെ വിംസ് (WIMS) മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം.

കനത്ത നാശനഷ്ടം; 

വാഹനങ്ങൾ മണ്ണിനടിയിൽ തുരങ്കപാത നിർമ്മാണത്തിനെത്തിച്ച തൊഴിലാളികൾ സഞ്ചരിച്ചിരുന്ന ഒരു സ്വകാര്യ ബസ് പൂർണ്ണമായും മണ്ണിനടിയിലായിട്ടുണ്ട്. അപകടസമയത്ത് ഈ വാഹനത്തിനുള്ളിൽ ആളുകൾ ഉണ്ടായിരുന്നോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. മണ്ണും ഭീമാകാരമായ പാറകളും വീണതിനെത്തുടർന്ന് മീനാക്ഷി പാലം കനത്ത അപകടാവസ്ഥയിലാണ്. നിലവിൽ മേപ്പാടി-ചൂരൽമല റോഡിൽ ഗതാഗതം പൂർണ്ണമായും സ്തംഭിച്ച അവസ്ഥയിലാണ്. പ്രദേശത്ത് കഴിഞ്ഞ മണിക്കൂറുകളിൽ 226 മില്ലി മീറ്ററോളം അതിതീവ്ര മഴയാണ് രേഖപ്പെടുത്തിയത്. ഇത് ദുരന്തത്തിന്റെ ആഘാതം വർദ്ധിപ്പിച്ചു. പ്രതികൂല കാലാവസ്ഥയിലും രക്ഷാപ്രവർത്തനം സജീവം തുടർച്ചയായി പെയ്യുന്ന കനത്ത മഴയും കടുത്ത മൂടൽമഞ്ഞും സംഭവസ്ഥലത്തെ രക്ഷാപ്രവർത്തനത്തിന് കനത്ത വെല്ലുവിളിയാണ് ഉയർത്തുന്നത്. എങ്കിലും കൽപറ്റ, സുൽത്താൻ ബത്തേരി, മാനന്തവാടി എന്നിവിടങ്ങളിൽ നിന്നുള്ള ഫയർഫോഴ്സ് യൂണിറ്റുകളും പോലീസും ദേശീയ ദുരന്തനിവാരണ സേനയും (NDRF) പ്രാദേശിക സന്നദ്ധ പ്രവർത്തകരും ചേർന്ന് യുദ്ധകാലാടിസ്ഥാനത്തിൽ മണ്ണ് നീക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. കൂടുതൽ ആളുകൾ മണ്ണടിയിൽ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് കണ്ടെത്താൻ അത്യാധുനിക സംവിധാനങ്ങൾ എത്തിക്കാനുള്ള ശ്രമത്തിലാണ് അധികൃതർ. എൻ.ഡി.ആർ.എഫ്, ഫയർ ഫോഴ്സ്, പോലീസ്, ഫോറസ്റ്റ്, ഉദ്യോഗസ്ഥർ, നാട്ടുകാർ എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടക്കുന്നത്. പ്രദേശത്ത് എം.എൽ.എ ഐ.സി ബാലകൃഷ്ണൻ, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ചന്ദ്രിക കൃഷ്ണൻ, ജില്ലാ കലക്ടർ ഡി.ആർ മേഘശ്രീ, ജനപ്രതിനിധികൾ എന്നിവർ സ്ഥലത്ത് എത്തിയിട്ടുണ്ട്.

മുഖ്യമന്ത്രിയുടെ അടിയന്തര ഉന്നതല യോഗം

സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് മുഖ്യമന്ത്രി അടിയന്തര ഉന്നതതല യോഗം വിളിച്ചു ചേർത്തു. വയനാട്ടിലെ സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്തുന്നതിനും രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുമായി റവന്യൂ, കൃഷി മന്ത്രിമാരോട് അടിയന്തരമായി വയനാട്ടിലേക്ക് തിരിക്കാൻ മുഖ്യമന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്. 

മുൻകരുതൽ നിർദ്ദേശം:

 ദുരന്ത മേഖലയ്ക്ക് സമീപമുള്ള പ്രദേശങ്ങളിൽ താമസിക്കുന്ന ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാനുള്ള നടപടികൾ ജില്ലാ ഭരണകൂടം ആരംഭിച്ചിട്ടുണ്ട്. മലയോര മേഖലകളിലൂടെയുള്ള യാത്രകൾ പൂർണ്ണമായും ഒഴിവാക്കണമെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ കർശന നിർദ്ദേശം നൽകി.