കൃഷിയാണ് ലഹരി'; പുതിയ തലമുറയിൽ മാറ്റം കൊണ്ട് വരും : മന്ത്രി ടി. സിദ്ദിഖ്
ലഹരി ഉപയോഗത്തിൽ നിന്നും പുതുതലമുറയെ തിരിച്ചുവിടാൻ 'കൃഷിയാണ് ലഹരി, സിന്തറ്റിക് ലഹരിയല്ല ലഹരി" എന്ന പുതിയ മുദ്രാവാക്യവുമായി മുന്നോട്ട് പോകുമെന്ന് കൃഷിവകുപ്പ് മന്ത്രി ടി സിദ്ദിഖ്. കല്ലിയൂരിൽ നടന്ന കർഷകസഭകളുടെയും ഞാറ്റുവേല ചന്തകളുടെയും സംസ്ഥാനതല ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കുട്ടികളുടെ ഊർജ്ജസ്വലത തെറ്റായ വഴികളിലേക്ക് തിരിയാതിരിക്കാൻ വിദ്യാലയങ്ങളിലെ കതിർ ക്ലബ്ബുകൾ വഴി സന്ദേശം ശക്തമായി പ്രചരിപ്പിക്കുമെന്നും, കേരളത്തിന്റെ നഷ്ടപ്പെട്ടുപോയ കാർഷിക സംസ്കാരവും ജനങ്ങളുടെ ആരോഗ്യവും വീണ്ടെടുക്കാൻ കൃഷിയിലേക്ക് തിരിച്ചുപോവുകയല്ലാതെ മറ്റൊരു മാർഗ്ഗവുമില്ലെന്നും മന്ത്രി പറഞ്ഞു. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും കൃഷി ക്ലബ്ബുകൾ ആരംഭിക്കാനുള്ള തീരുമാനം നടപ്പിലാക്കുകയാണെന്നും ഇതിനായി നോഡൽ അധ്യാപകരെയും ബാക്കപ്പ് കമ്മിറ്റികളെയും നിശ്ചയിച്ച് പ്രത്യേക പരിശീലനം നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. കുട്ടികളിൽ നിന്ന് ആരംഭിക്കുന്ന ഈ കാർഷിക മുന്നേറ്റം അടുത്ത ഘട്ടങ്ങളിൽ കുടുംബശ്രീ, റെസിഡന്റ്സ് അസോസിയേഷനുകൾ, കോർപ്പറേറ്റ്, വ്യവസായ സ്ഥാപനങ്ങൾ എന്നിവയിലേക്ക് വ്യാപിപ്പിച്ച്, വരും വർഷങ്ങളിൽ ജനങ്ങളെ കൃഷിയിലേക്ക് പുനഃസംഘടിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. കാലാവസ്ഥാ വ്യതിയാനം കർഷകരെയും കൃഷിയെയും ഗുരുതരമായി ബാധിക്കുന്ന സാഹചര്യത്തിൽ, ആധുനിക കൃഷിരീതികളും പാരമ്പര്യ അറിവുകളും സമന്വയിപ്പിച്ച് കൃഷിയെ സംരക്ഷിക്കാനുള്ള ഇടപെടലുകൾ സർക്കാർ നടത്തും. വനിതാ കർഷകരെ ശാക്തീകരിക്കാനും അവരെ കാർഷിക മേഖലയിലേക്ക് ആകർഷിക്കാനും അഞ്ച് വർഷം നീണ്ടുനിൽക്കുന്ന പദ്ധതിക്ക് കൃഷിവകുപ്പ് നേതൃത്വം നൽകുമെന്നും മാറുന്ന കാലത്തെയും ജീവിതശൈലീ രോഗങ്ങളെയും പ്രതിരോധിക്കാൻ സ്വന്തം പുരയിടങ്ങളിൽ ചെറിയ തോതിലെങ്കിലും വിഷരഹിത പച്ചക്കറികൾ ഉത്പാദിപ്പിക്കാൻ മലയാളി തയ്യാറാകണമെന്നും മന്ത്രി പറഞ്ഞു. കല്ലിയൂർ പഞ്ചായത്തിലെ കർഷകർ കൃഷി ചെയ്ത പരമ്പരാഗത അരി "വെള്ളായണി റൈസി"ന്റെ ഉദ്ഘാടനവും കാർഷിക പ്രതിജ്ഞ ചൊല്ലിക്കൊടുക്കലും അദ്ദേഹം നിർവഹിച്ചു. പരിപാടിയുടെ ഭാഗമായി വിവിധ ഇനം തൈകൾ, കാർഷിക ഉത്പന്നങ്ങൾ, മൂല്യവർധിത ഉത്പന്നങ്ങൾ എന്നിവയുടെ പ്രദർശനവും സംഘടിപ്പിച്ചിരുന്നു. എം വിൻസെന്റ് എം.എൽ.എ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.പ്രിയദർശിനി, കൃഷിവകുപ്പ് ഡയറക്ടർ ഡോ. ശ്രീറാം വെങ്കിട്ടരാമൻ, കല്ലിയൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കാക്കാമൂല ബിജു, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ, കർഷകർ, വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു.


