സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി രാജ്യത്തിന് മാതൃക: സംസ്ഥാന പോലീസ് മേധാവി റവാഡ ആസാദ് ചന്ദ്ര ശേഖർ

Aug 2, 2026
സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി രാജ്യത്തിന് മാതൃക: സംസ്ഥാന പോലീസ് മേധാവി റവാഡ ആസാദ് ചന്ദ്ര ശേഖർ

കേരള പോലീസിന്റെ അഭിമാന പദ്ധതിയായ സ്റ്റുഡന്റ് പോലീസ് കേഡറ്റ് (SPC) പദ്ധതി രാജ്യത്തിനും വിദേശ രാജ്യങ്ങൾക്കും മാതൃകയാണെന്ന് സംസ്ഥാന പോലീസ് മേധാവി റവാഡ ആസാദ് ചന്ദ്ര ശേഖർ പറഞ്ഞു. മാനസികവും ശാരീരികവുമായ വികാസം ഉറപ്പാക്കി സാമൂഹിക സേവനത്തിന് പ്രാപ്തരായ യുവതലമുറയെ വാർത്തെടുക്കുന്നതിൽ എസ്.പി.സി പദ്ധതി വിജയകരമായ മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. എസ്.പി.സിയുടെ 16-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി പേരൂർക്കട എസ്.എ.പി. ഗ്രൗണ്ടിൽ നടന്ന സെറിമോണിയൽ പരേഡിൽ അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. എസ് പി സി ദിനാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കേക്ക് മുറിച്ച് നിർവഹിച്ച അദ്ദേഹം കേഡറ്റുകൾക്കൊപ്പം വർണ ബലൂണുകൾ ആകാശത്തേക്ക് പറത്തുകയും ചെയ്തു. ഈ വർഷം 'തൂഫാൻ - ദി നാർക്കോ ഹണ്ട്' എന്ന ആശയത്തെ ആസ്പദമാക്കി ഓഗസ്റ്റ് 1 മുതൽ 7 വരെ സംസ്ഥാനത്ത് 'തൂഫാൻ വാരം' ആചരിക്കുന്നതിന്റെ ഭാഗമായി കേഡറ്റുകൾ 'തൂഫാൻ വാരിയർ' ബാഡ്ജുകൾ ധരിച്ചാണ് പരേഡിൽ അണിനിരന്നത്. സാമ്പത്തിക കുറ്റകൃത്യവിഭാഗം ഐ.ജിയും സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ സംസ്ഥാന നോഡൽ ഓഫീസറുമായ അജിത ബീഗം കേഡറ്റുകൾക്ക് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സെറിമോണിയൽ പരേഡിൽ മികച്ച പ്രകടനം കാഴ്ചവച്ചതിന് കട്ടേല ഡോ. അംബേദ്കർ മെമ്മോറിയൽ എം ആർ എസ് ഹയർസെക്കൻഡറി സ്‌കൂളിലെ പ്ലാറ്റൂൺ ഒന്നാം സ്ഥാനം നേടി. പട്ടം ഗവൺമെന്റ് മോഡൽ ഹയർസെക്കൻഡറി സ്‌കൂളും കോട്ടൺഹിൽ ഗവൺമെന്റ് ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. ഹോപ്പ് പദ്ധതിയുടെ മികച്ച ജില്ലയ്ക്കുള്ള പുരസ്‌കാരം കോഴിക്കോടിന് ലഭിച്ചു.സൂപ്രണ്ട് ഓഫ് പോലീസും ജില്ലാ നോഡൽ ഓഫീസറുമായ എസ്. ഷംസുദീൻ ഏറ്റുവാങ്ങി. മികച്ച അസിസ്റ്റന്റ് നോഡൽ ഓഫീസർക്കുള്ള അംഗീകാരം കോഴിക്കോട് സിറ്റി കോ-ഓർഡിനേറ്റർ വി. ഫിറോസിനും ലഭിച്ചു. മികച്ച എസ് പി സി ജില്ലാ നോഡൽ ഓഫീസറായി കൊല്ലം റൂറൽ ക്രൈം ബ്രാഞ്ച് സെൻട്രൽ യൂണിറ്റിലെ സൂപ്രണ്ട് ഓഫ് പോലീസ് ഷനിഹാൻ എ ആറിനെയും മികച്ച അസിസ്റ്റന്റ് നോഡൽ ഓഫീസറായി കൊല്ലം റൂറൽ ഡി സി ആർ ബിയിലെ കെ എസ് വിജയകുമാറിനെയും തെരഞ്ഞെടുത്തു. ബാലവേല വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച റീൽസ് മത്സരത്തിൽ കൊല്ലം കരുനാഗപ്പള്ളി ബോയ്‌സ് ഹയർസെക്കൻഡറി സ്‌കൂളിലെ മാസ്റ്റർ അസ്മിൻ മുഹമ്മദ് പുരസ്‌കാരം ഏറ്റുവാങ്ങി. ചടങ്ങിൽ എ ഡി ജി പി മാരായ ഗുഗുലോത്ത് ലക്ഷ്മൺ, പി ദിനേന്ദ്ര കശ്യപ്, എച്ച്. വെങ്കിടേഷ്, പി. വിജയൻ, ഐ.ജി ഹർഷിത അട്ടല്ലൂരി എന്നിവരുൾപ്പെടെ മുതിർന്ന പോലീസ് ഉദ്യോഗസ്ഥരും അധ്യാപകരും രക്ഷിതാക്കളും പങ്കെടുത്തു.