എന്‍എച്എസ് പിറന്നാള്‍ പ്രമാണിച്ചു നഴ്സുമാരെ ആദരിക്കാന്‍ പ്രധാനമന്ത്രി വിളിച്ച വിരുന്നില്‍ 2 മലയാളി നഴ്സുമാര്‍;

നോര്‍വിച്ചില്‍ നിന്നും എരുമേലിക്കാരി ടെല്‍മയും ബാസില്‍ഡനില്‍ നിന്നും ഷൈനിയും

Jul 9, 2026
എന്‍എച്എസ് പിറന്നാള്‍ പ്രമാണിച്ചു നഴ്സുമാരെ ആദരിക്കാന്‍ പ്രധാനമന്ത്രി വിളിച്ച വിരുന്നില്‍ 2 മലയാളി നഴ്സുമാര്‍;
TELMA URUMPIL

കവന്‍ട്രി: എല്ലാ വര്‍ഷവും എന്‍എച്എസ് വാര്‍ഷികം പ്രമാണിച്ചു പ്രധാനമന്ത്രി വിളിക്കുന്ന വിരുന്നിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവരില്‍ ഇത്തവണ രണ്ടു മലയാളി നഴ്‌സ്മാര്‍ക്കും ക്ഷണം. നോര്‍വിച്ചില്‍ താമസിക്കുന്ന എരുമേലിക്കാരി ടെല്‍മ ജോസും ബാസില്‍ഡണ്‍ മലയാളിയായ ഷൈനി ബേസിലുമാണ് കഴിഞ്ഞ ദിവസം നടന്ന വിരുന്നിലേക്ക് നോമിനേഷനിലൂടെ ക്ഷണിക്കപ്പെട്ട മലയാളി നഴ്സുമാര്‍. ഇരുവരും രണ്ടു പതിറ്റാണ്ടോളമായി യുകെയില്‍ ജോലി ചെയ്യുന്ന മികവാണ് അവരെ ഈ വിരുന്നിലേക്ക് എത്തിച്ചതെന്ന് കണക്കാക്കപ്പെടുന്നു. നോര്‍വിച് ഹോസ്പിറ്റലില്‍ മേട്രണ്‍ ആയി ജോലി ചെയുന്ന ടെല്‍മ ജോസ് പ്രധാനമന്ത്രിയുടെ ഓഫിസില്‍ നിന്നും ക്ഷണം എത്തുമ്പോഴാണ് തനിക്ക് നോമിനേഷനുള്ള വിവരം അറിയുന്നത്. സമാനമായിരുന്നു ബാസില്‍ഡനിലെ ഷൈനി ബേസിലിന്റെ അവസ്ഥയും. ഏതാനും മാസം മുന്‍പാണ് ഷൈനി മുന്‍കൈ എടുത്തു ബസില്‍ഡനില്‍ നൂറുകണക്കിന് മലയാളി നഴ്സുമാരെ ചേര്‍ത്ത് കേരള നേഴ്സസ് യൂണിറ്റ് ആരംഭിക്കുന്നത്. എങ്കിലും തൊഴിലിടത്തെ മികവ് തന്നെയാണ് ഷൈനിയെയും ഈ പ്രത്യേക വിരുന്നിലേക്ക് തിരഞ്ഞെടുക്കപ്പെടാന്‍ കാരണമായി വിലയിരുത്തുന്നത്

മുന്‍ വര്‍ഷങ്ങളിലും ഇത്തരത്തില്‍ മലയാളി നഴ്സുമാര്‍ പ്രധാനമന്ത്രിയുടെ വസതിയിലേക്ക് ക്ഷണിക്കപ്പെട്ടിട്ടുണ്ടെങ്കിലും ഏതാനും ദിവസങ്ങള്‍ക്കുളില്‍ സ്ഥാനം ഒഴിയുന്ന സ്റ്റര്‍മാര്‍ക്കൊപ്പം വിരുന്നില്‍ പങ്കെടുക്കാന്‍ ആയത് ടെല്‍മയ്ക്കും ഷൈനിക്കും സമ്മാനിച്ചത് അവിസ്മരണീയ നിമിഷങ്ങളാണ്. ഷൈനി നമ്പര്‍ പത്തിലേക്ക് ബ്രിട്ടീഷ് ശൈലിയിലുള്ള ഡ്രെസ് കോഡ് തിരഞ്ഞെടുത്തപ്പോള്‍ ടെല്‍മ തനി നാടന്‍ മലയാളിയായി മഞ്ഞ നിറമുള്ള സാരിയുടുത്താണ് പ്രധാനമന്ത്രിയെ കാണാന്‍ എത്തിയത്. ടെല്‍മയ്ക്ക് വേണ്ടി ട്രസ്റ്റില്‍ നിന്നും നല്‍കിയ നോമിനേഷനിലും ഇന്ത്യയിലെ ഒരു കുഞ്ഞു ഗ്രാമത്തില്‍ നിന്നെത്തി ബ്രിട്ടനിലെ ഹോസ്പിറ്റലില്‍ മുതിര്‍ന്ന പോസ്റ്റില്‍ ജോലി ചെയുന്ന കാര്യം എടുത്തു പറഞ്ഞതും തന്റെ ഗ്രാമത്തിന്റെ നൈര്‍മല്യത്തിന്റെ  അടയാളമായി സാരിയില്‍ തന്നെ എത്താന്‍ കാരണമായി മാറിയിരിക്കാം.

ഇംഗ്ലീഷ് രണ്ടാം ഭാഷ ആയിരുന്ന ടെല്‍മ ഇപ്പോള്‍ ബ്രിട്ടനിലെ രോഗികളുടെ മുന്നില്‍ മികച്ച ഒരു നഴ്സായി മാറിയിരിക്കുന്നത് ബ്രിട്ടന്റെ കൂടി അഭിമാനമാണ് എന്ന അടികുറിപ്പാണ് പ്രധാനമന്ത്രിയുടെ ഓഫിസിനെ തേടി എത്തിയത്. ജോലി സമയത്തിന് പകരവും ജോലി ചെയ്യാന്‍ സന്നദ്ധത കാണിക്കുന്ന അപൂര്‍വം ജീവനക്കാരില്‍ ഒരാളാണ് ടെല്‍മയെന്നും ട്രസ്റ്റിന്റെ വിലയിരുത്തല്‍ അവരുടെ കഠിനാധ്വാനത്തിനുള്ള സമ്മത പത്രമായി മാറുകയാണ്.

ഒരു രോഗിയെ കയ്യില്‍ കിട്ടിയാല്‍ അവര്‍ക്ക് ലഭ്യമാകാവുന്നതില്‍ ഏറ്റവും മികച്ച പരിചരണം നല്കാന്‍ ടെല്‍മ എടുക്കുന്ന എഫേര്‍ട്ട് എടുത്തു പറഞ്ഞാണ് ട്രസ്റ്റിന്റെ കുറിപ്പ് ശ്രദ്ധ നേടുന്നത്. ടെല്‍മ ഏറ്റെടുക്കുന്ന ഏതു വെല്ലുവിളിയും പ്രതിസന്ധി അറിയാതെ ലക്ഷ്യത്തില്‍ എത്തുന്നു എന്നതും അവരുടെ പ്രത്യേക കഴിവായി ട്രസ്റ്റ് കണക്കാക്കുന്നു. സമ്മര്‍ദം ഉയരുന്ന ഘട്ടത്തിലും അതിനു കീഴ്‌പ്പെടാതെ ശാന്തയായി ആ സാഹചര്യം തരണം ചെയ്യാനും ടെല്‍മയ്ക്കുള്ള കഴിവ് മറ്റു ജോലിക്കാര്‍ക്കും മാതൃക ആണെന്നും ട്രസ്റ്റ് നല്‍കിയ കത്തില്‍ എടുത്തു പറയുന്നു. നമ്പര്‍ പത്തിലേക്കുള്ള അവരുടെ യാത്ര തികച്ചും അര്‍ഹതപ്പെട്ടത് തന്നെ എന്നാണ് സഹപ്രവര്‍ത്തകരില്‍ ഒരാള്‍ നല്‍കിയിയിരിക്കുന്ന സാക്ഷ്യപത്രം.

എന്‍എച്എസില്‍ 2003ല്‍ ബാന്‍ഡ് അഞ്ചില്‍ തുടങ്ങിയ ടെല്‍മയിപ്പോള്‍ ബാന്‍ഡ് 8എ യിലാണ് എത്തി നില്‍ക്കുന്നത്. ജോലിക്ക് കയറി ആദ്യ പ്രൊമോഷന് 6 വര്‍ഷം കാത്തിരുന്ന ടെല്‍മ അടുത്ത സ്റ്റെപ്പിലേക്ക് എത്താന്‍ രണ്ടു വര്‍ഷമേ എടുത്തുള്ളൂ. ഇടക്കാലത്തു സൗദിയിലേക്ക് പോയ ടെല്‍മ ആറ് വര്‍ഷത്തിന് ശേഷം മടങ്ങി എത്തിയാണ് ഇപ്പോള്‍ ഉയര്‍ന്ന പദവി വരെ എത്തി നില്കുന്നത്. സൗദിയില്‍ നിന്നും മടങ്ങി എത്തുമ്പോള്‍ ടെല്‍മയെ കാത്തിരുന്നത് മേട്രണ്‍ - സൈറ്റ് മാനേജര്‍ പദവി ആയിരുന്നു. സൗദിയില്‍ നഴ്സിങ് സൂപ്പര്‍വൈസര്‍ ആയാണ് ആ സമയത്തു ജോലി ചെയ്തിരുന്നത്.
webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.