എല്ലാ ജില്ലകളിലും അഗ്രി ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ ആരംഭിക്കും : കൃഷിമന്ത്രി പി പ്രസാദ്
ആരോഗ്യത്തിന് പ്രാധാന്യം നല്‍കുന്നുവെങ്കില്‍ വിഷരഹിതമായ ഭക്ഷണം ഉത്പാദിപ്പിക്കുകയാണ് ഏറ്റവും പ്രധാനം

തിരുവനന്തപുരം : കേരളത്തിലെ എല്ലാ ജില്ലകളിലും ഘട്ടം ഘട്ടമായി വി.എഫ്.പി.സി.കെ യുടെ ആഭിമുഖ്യത്തില്‍ അഗ്രോ ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ ആരംഭിക്കുമെന്ന് കൃഷിമന്ത്രി പി പ്രസാദ് പറഞ്ഞു. നിയോജകമണ്ഡലം, ബ്ലോക്ക് അടിസ്ഥാനത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും മറ്റു ജനപ്രതികളുടെയും സഹകരണത്തോടെ ഇത്തരം പദ്ധതികള്‍ ആരംഭിക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു. കേരള വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട് പ്രൊമോഷന്‍ കൗണ്‍സിലിന്റെ ( വി.എഫ്.പി സി) നേതൃത്വത്തില്‍ കാക്കനാട് നിര്‍മ്മാണം പൂര്‍ത്തിയായ തളിര്‍ അഗ്രി ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഇതോടൊപ്പം പ്രതിവര്‍ഷം 10 ലക്ഷം ടിഷ്യൂകള്‍ച്ചര്‍ വാഴതൈകള്‍ ഉത്പാദിപ്പിക്കുവാന്‍ കഴിയുന്ന ടിഷ്യൂകള്‍ച്ചര്‍ ലാബിന്റെയും, കര്‍ഷകര്‍ക്ക് പരിശീലനം നല്‍കുന്നതിനായി നിര്‍മ്മിച്ച മൈത്രി ട്രെയിനിങ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സെന്ററിന്റെയും ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു.
ആരോഗ്യത്തിന് പ്രാധാന്യം നല്‍കുന്നുവെങ്കില്‍ വിഷരഹിതമായ ഭക്ഷണം ഉത്പാദിപ്പിക്കുകയാണ് ഏറ്റവും പ്രധാനം. വിഷരഹിതമായി ഉത്പാദിപ്പിക്കുന്ന ഇനങ്ങള്‍ മെച്ചപ്പെട്ട വിലയ്ക്ക് ലഭ്യമാക്കുന്നതിനും വിപണനം നടത്താന്‍ പറ്റുന്ന തരത്തില്‍ ഒരു ബ്രാന്‍ഡഡ് ഔട്ട്‌ലെറ്റ് ഉണ്ടാവണം. ഈ ആശയത്തില്‍ നിന്നാണ് സംസ്ഥാന സര്‍ക്കാരിന്റെയും ആര്‍.കെ.ഐയുടെയും നേതൃത്വത്തില്‍ പഴം പച്ചക്കറി ബ്രാന്‍ഡഡ് ഔട്ട്‌ലെറ്റിന് തുടക്കം കുറിച്ചിരിക്കുന്നത്.