ലോക കേരള സഭ: പ്രവാസി മലയാളികൾക്ക് കരുതലേകാൻ ലക്ഷ്യമിട്ടുള്ള സുപ്രധാന പദ്ധതികൾ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു
പ്രവാസി മലയാളി സമൂഹത്തിന് കരുതലേകാൻ ലക്ഷ്യമിട്ടുള്ള സുപ്രധാന പദ്ധതികൾക്ക് അഞ്ചാം ലോക കേരള സഭയിൽ തുടക്കമായി. സ്റ്റുഡന്റ് മൈഗ്രേഷൻ പോർട്ടൽ, എയർപോർട്ട് ഹെൽപ്പ് ഡെസ്‌ക്, ഷെർപ്പ പോർട്ടൽ, ലോക കേരളം ഓൺലൈൻ സേവനങ്ങളുടെ വിപുലീകരണം എന്നിവ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. നോർക്കയുടെ പ്രവർത്തന നേട്ടങ്ങൾ ഉൾക്കൊള്ളിച്ച് ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് പുറത്തിറക്കിയ കോഫി ടേബിൾ ബുക്കിന്റെ പ്രകാശനവും ചടങ്ങിൽ നടന്നു. ജി 20 ഗ്ലോബൽ ലാൻഡ് ഇനീഷ്യേറ്റീവ് ഡയറക്ടർ മുരളി തുമ്മാരുകുടിക്കാണ് മുഖ്യമന്ത്രി പുസ്തകം കൈമാറിയത്.
പ്രവാസി മലയാളികൾക്കും നിക്ഷേപകർക്കും കേരളത്തിൽ സുരക്ഷിതമായും സുതാര്യമായും നിക്ഷേപം നടത്തുന്നതിനായി കേരള സർക്കാരിന് കീഴിലുള്ള ഓവർസീസ് കേരളൈറ്റ്സ് ഇൻവെസ്റ്റ്മെന്റ് ആൻഡ് ഹോൾഡിംഗ് ലിമിറ്റഡ് ആവിഷ്‌കരിച്ച അത്യാധുനിക ഡിജിറ്റൽ പ്ലാറ്റ്ഫോമാണ് ഷെർപ്പ (Sherpa). നിക്ഷേപ പ്രക്രിയയുടെ ഓരോ ഘട്ടത്തിലും കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്ന ഒരു വഴികാട്ടിയായി ഈ പോർട്ടൽ പ്രവർത്തിക്കുന്നു. വിവിധ സർക്കാർ വകുപ്പുകളുടെ ഏകോപനം, ഡിജിറ്റൽ സേവനങ്ങളുടെ സംയോജനം, നിക്ഷേപങ്ങളുടെ പുരോഗതി തത്സമയം വിലയിരുത്താനുള്ള സംവിധാനം എന്നിവ ഷെർപ്പയുടെ പ്രത്യേകതകളാണ്. കാര്യക്ഷമവും സമയബന്ധിതവുമായ സേവനങ്ങളിലൂടെ നിക്ഷേപകർക്ക് മികച്ച അനുഭവം ഉറപ്പാക്കാൻ ഈ നൂതന സംരംഭം ലക്ഷ്യമിടുന്നു.
വിദേശ രാജ്യങ്ങളിൽ ഉപരിപഠനത്തിന് പോകുന്ന വിദ്യാർഥികൾക്ക് അതാത് രാജ്യങ്ങളിലെ നിയമങ്ങൾ, സർവകലാശാല വിവരങ്ങൾ, കോഴ്‌സുകൾ എന്നിവയെക്കുറിച്ച് കൃത്യമായ മാർഗനിർദ്ദേശങ്ങൾ നൽകുന്നതാണ് സ്റ്റുഡന്റ് മൈഗ്രേഷൻ പോർട്ടൽ. നാലാം ലോക കേരള സഭയിൽ ഉയർന്നുവന്ന വിദ്യാർഥി കുടിയേറ്റ ചർച്ചകളുടെ അടിസ്ഥാനത്തിലാണ് ഈ സമഗ്ര ഓൺലൈൻ സംവിധാനം ഒരുക്കിയത്.
സുരക്ഷിത കുടിയേറ്റം ഉറപ്പാക്കാൻ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എയർപോർട്ട് ഹെൽപ്പ് ഡെസ്‌ക് പ്രവർത്തനം ആരംഭിച്ചു. പ്രവാസത്തെക്കുറിച്ചുള്ള അവബോധം നൽകുന്നതിനൊപ്പം സർക്കാർ സേവനങ്ങളെക്കുറിച്ച് യാത്രക്കാർക്ക് വിവരങ്ങൾ നൽകാനും ഈ ഡെസ്‌ക് സഹായിക്കും.
ലോക മലയാളികൾക്കായുളള ഡിജിറ്റൽ ഇടമായ ലോക കേരളം ഓൺലൈൻ പോർട്ടലിൽ സേവനങ്ങൾ വിപുലീകരിച്ചു. പ്രവാസികേരളീയർക്ക് സൗജന്യ മാനസിക ആരോഗ്യ കൺസൽട്ടേഷനും ആയുർവേദ കൺസൽട്ടേഷൻ സേവനങ്ങളും ലോക കേരളം ഓണലൈനിൽ ലഭ്യമാക്കും. നാഷണൽ ഹെൽത്ത് മിഷൻ, ആയുഷ് മിഷൻ എന്നിവരുടെ സഹായത്തോടെയാണ് പ്രസ്തുത സേവനങ്ങൾ സൗജന്യമായി നൽകുന്നത്. ഫെബ്രുവരി 15 മുതൽ സേവനങ്ങൾ പോർട്ടലിൽ ലഭ്യമാകും.


