കണ്ണൂരിൽ ബസിടിച്ച് നിയന്ത്രണംവിട്ട മിനിലോറി മരത്തിലിടിച്ച് അപകടം; ഡ്രൈവർ മരിച്ചു
അപകടത്തിൽ പൂർണ്ണമായും തകർന്ന കാബിനകത്ത് സ്റ്റിയറിങ്ങിനും സീറ്റിനും ഇടയിൽ കുടുങ്ങിയാണ് മരണം

കണ്ണൂർ : ബസിടിച്ച് നിയന്ത്രണം വിട്ട മിനിലോറി മരത്തിലിടിച്ചുണ്ടായ അപകടത്തിൽ ഡ്രൈവർ മരിച്ചു. ലോറി ഡ്രൈവറായ മലപ്പുറം പള്ളിക്കൽ ബസാർ മിനി ഇൻഡസ്ട്രിയൽ എസ്റ്റേറ്റിനു സമീപം കുറ്റിയിൽ ഹൗസിൽ പറമ്പൻ ജലീലാണ്(43) മരിച്ചത്.
അപകടത്തിൽ പൂർണ്ണമായും തകർന്ന കാബിനകത്ത് സ്റ്റിയറിങ്ങിനും സീറ്റിനും ഇടയിൽ കുടുങ്ങിയാണ് മരണം. ഏറെ നേരത്തേ പരിശ്രമത്തിനൊടുവിലാണ് മൃതദേഹം വാഹനത്തിനുള്ളിൽനിന്ന് പുറത്തെടുത്തത്.ദേശീയപാതയിൽ പള്ളിക്കുളത്തിനും പൊടിക്കുണ്ടിനും മധ്യേ തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്നരയോടെയിരുന്നു അപകടം.ചെങ്കല്ലുമായി തളിപ്പറമ്പിൽനിന്നു കോഴിക്കോട് ഭാഗത്തേക്കു പോകുകയായിരുന്നു ലോറി. പിന്നിൽ ബസ് ഇടിച്ചതിനെത്തുടർന്ന് നിയന്ത്രണംവിട്ട ലോറി റോഡരികിലെ മരത്തിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ മരം ഒടിഞ്ഞുവീണു.
ജലീലിന് ഒപ്പമുണ്ടായിരുന്ന ലോറിയുടമ പള്ളിക്കൽ സ്വദേശി പ്രവീൺകുമാറിന് (43)അപകടത്തിൽ പരിക്കുണ്ട്. ഇയാൾ സമീപത്തെ ആശുപത്രിയിൽ ചികിത്സ തേടി.സംഭവത്തിന് പിന്നാലെ ബസ് പോലീസ് കസ്റ്റഡിയിലെടുത്തു. ജലീലിന്റെ കബറടക്കം ഇന്ന് പള്ളിക്കൽ ബസാർ ജുമാമസ്ജിദിൽ നടക്കും.