മുതലപ്പൊഴിയിൽ പൊഴി മുറിക്കൽ ഇന്ന് ആരംഭിക്കും
വലിയ താങ്ങുവള്ളങ്ങൾ ഉൾപ്പെടെയുള്ള യാനങ്ങൾക്ക് കടന്നുപോകാനാകുംവിധം 13 മീറ്റർ വീതിയും 3 മീറ്റർ ആഴവും ഉറപ്പാക്കിയാണ് പൊഴി മുറിക്കുക

തിരുവനന്തപുരം : വലിയ താങ്ങുവള്ളങ്ങൾ ഉൾപ്പെടെയുള്ള യാനങ്ങൾക്ക് കടന്നുപോകാനാകുംവിധം 13 മീറ്റർ വീതിയും 3 മീറ്റർ ആഴവും ഉറപ്പാക്കിയാണ് പൊഴി മുറിക്കുക. വീണ്ടും മണ്ണടിയാതിരിക്കാൻ ഡ്രഡ്ജറും ഹിറ്റാച്ചിയും തുടർച്ചയായി മണ്ണ് നീക്കം ചെയ്യും. പൊഴി മുറിക്കൽ 4 ദിവസം കൊണ്ട് പൂർത്തിയാക്കും. ഇതിനായി കൂടുതൽ മണ്ണ് മാന്തി യന്ത്രങ്ങളും ടിപ്പറുകളും എത്തിക്കും. അഴീക്കലിൽനിന്നും തിങ്കൾ രാവിലെ പുറപ്പെട്ട ആഴക്കടൽ മണ്ണ്മാന്തി ചന്ദ്രഗിരി കാലവസ്ഥ അനുകൂലമായാൽ വ്യാഴമോ വെള്ളിയോ മുതലപ്പൊഴിയിൽ എത്തും.
മെയ് 15 നകം മുഴുവൻ മണ്ണും നീക്കം ചെയ്യും. നിലവിൽ നടന്നു വരുന്ന ഡ്രഡ്ജിങിന്റെ സമയം വർധിപ്പിക്കും. തെക്ക് ഭാഗത്ത് കൂട്ടിയിട്ടിരിക്കുന്ന മണൽ ഉടൻ നീക്കം ചെയ്യും. ഹാർബർ വിഭാഗം ഉദ്യോഗസ്ഥർ കാര്യങ്ങൾ പറഞ്ഞു ബോധ്യപ്പെടുത്തിയതിനെ തുടർന്നാണ് പൊഴി മുറിക്കാൻ മത്സ്യത്തൊഴിലാളികൾ സമ്മതം അറിയിച്ചത്. തിങ്കൾ വൈകിട്ടോടെ മണൽ കോരി മത്സ്യത്തൊഴിലാളികൾ തന്നെ പൊഴി മുറിക്കലിന് തുടക്കമിട്ടു. പൊഴി മുറിച്ച് മാറ്റിയാൽ മാത്രമെ അഴീക്കലിൽനിന്ന് എത്തിക്കുന്ന ഡ്രഡ്ജർ ഹാർബറിൽ പ്രവേശിക്കാനാകൂ എന്ന കാര്യവും തൊഴിലാളികളെ ബോധ്യപ്പെടുത്തി. ഇതോടെ ഒരാഴ്ചയായി തുടരുന്ന അനിശ്ചിതത്വങ്ങൾക്ക് പരിഹാരമായി.