ഇന്ത്യക്കാരുടെ മടക്കയാത്രയ്ക്കായി വലിയ വിമാനങ്ങൾ സജ്ജമാക്കി എയർ ഇന്ത്യ
മുംബൈ: പശ്ചിമേഷ്യൻ സംഘർഷത്തിൽ ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള ഇന്ത്യക്കാരുടെ മടക്കയാത്ര സുഗമമാക്കാൻ കൂടുതൽ വലിയ വിമാനങ്ങൾ സജ്ജമാക്കി എയർ ഇന്ത്യ. യുദ്ധസാഹചര്യത്തിൽ കുടുങ്ങിക്കിടക്കുന്ന പ്രവാസികളെ നാട്ടിലെത്തിക്കാൻ എയർ ഇന്ത്യ പ്രത്യേക വിമാന സർവീസുകൾ ആരംഭിച്ചു. ഇതിന്റെ ഭാഗമായി 350 സീറ്റുകളുള്ള ബോയിംഗ് 777 വിമാനം മുംബൈയിൽ നിന്ന് ജിദ്ദയിലേക്ക് പുറപ്പെട്ടു.
മൂന്നിന് രാത്രി വൈകി ഡൽഹിയിൽനിന്ന് ദുബായിലേക്ക് ബോയിംഗ് 787-9 വിമാനവും നാലിന് പുലർച്ചെ മുംബൈയിൽനിന്ന് ദുബായിലേക്ക് മറ്റൊരു വിമാനവുമാണ് സർവീസ് നടത്തുന്നതെന്ന് എയർ ഇന്ത്യ അറിയിച്ചു. ഗൾഫ് മേഖലയിലെ വിമാനത്താവളങ്ങളിൽ കുടുങ്ങിയ കൂടുതൽ പേർ ഇന്ത്യയിലേക്ക് എത്തിത്തുടങ്ങി.
ഇൻഡിഗോ, ഇത്തിഹാദ്, എമിറേറ്റ്സ് എയർലൈൻസുകൾക്ക് പിന്നാലെ എയർ ഇന്ത്യ എക്സ്പ്രസും നേരത്തെ നിയന്ത്രിത സർവീസുകൾ തുടങ്ങിയത് മലയാളികൾക്കടക്കം വലിയ ആശ്വാസമായിട്ടുണ്ട്. ഗൾഫ് മേഖലയിൽനിന്ന് 10 സർവീസുകൾ ഇതിനോടകം ഇൻഡിഗോ തുടങ്ങി. ജിദ്ദയിൽനിന്നും സൗദി അറേബ്യയിൽ നിന്നുമാണ് സർവീസുകൾ.
മസ്കറ്റ്, ഒമാൻ എന്നിവിടങ്ങളിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസും സർവീസ് തുടങ്ങി. വിദേശ വ്യോമയാന അധികൃതരുമായി ബന്ധപ്പെട്ട് യാത്രയ്ക്ക് വേണ്ട എല്ലാ ക്രമീകരണങ്ങളും നിരീക്ഷിക്കുകയും നടപ്പാക്കുകയും ചെയ്യുകയാണെന്ന് വ്യോമയാന മന്ത്രാലയം വ്യക്തമാക്കി. ഡൽഹി, മുംബൈ, മംഗളൂരൂ, കോഴിക്കോട്, കൊച്ചി, തിരുച്ചിറപ്പള്ളി എന്നിവിടങ്ങളിലേക്കാണ് എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ.


