കോട്ടയത്ത് പ്രമുഖ വ്യവസായിയും ഭാര്യയും കൊല്ലപ്പെട്ട നിലയിൽ
വീട് തുറന്നു കിടന്ന നിലയിലാണ്. നഗരമധ്യത്തിലാണ് സംഭവം നടന്നിരിക്കുന്നത്.

കോട്ടയം : കോട്ടയം തിരുവാതുക്കലില്‍ ദമ്പതിമാരെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കോട്ടയം ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമ വിജയകുമാർ (64) ഭാര്യ മീര (60) എന്നിവരെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.
ഇവരുടെ വീടിനുള്ളിലെ മുറിയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. വീട്ടിലെ ജോലിക്കാരി രാവിലെ എത്തിയപ്പോഴാണ് രണ്ടു പേരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് ഇവർ അയൽവാസികളെ വിവരം അറിയിക്കുകയായിരുന്നു.
രക്തം വാര്‍ന്ന നിലയിലായിരുന്നു മൃതദേഹം. മുഖത്ത് അടക്കം ആയുധം ഉപയോഗിച്ചുള്ള മുറിവുകളുണ്ട്. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. മൃതദേഹത്തിന് സമീപത്തുനിന്ന് ആയുധങ്ങളും കണ്ടെടുത്തിട്ടുണ്ട്.
ജോലിക്കാരി നൽകിയ പ്രാഥമിക വിവരങ്ങള്‍ മാത്രമാണ് നിലവിൽ പോലീസിന് ലഭിച്ചിട്ടുള്ളത്. മോഷണ ശ്രമം നടന്നോയെന്നും അന്വേഷിക്കുന്നുണ്ട്. കോട്ടയം നഗരത്തിൽ പ്രവര്‍ത്തിക്കുന്ന ഇന്ദ്രപ്രസ്ഥ എന്ന ഓഡിറ്റോറിയത്തിന്റെയും മറ്റ് ബിസിനസ് സ്ഥാപനങ്ങളുടെയും ഉടമയായ പ്രമുഖ വ്യവസായിയാണ് മരിച്ച വിജയകുമാര്‍.