സംസ്ഥാനത്തെ പൊലീസ് സ്റ്റേഷൻ ഭരണം ഇന്നു മുതൽ എസ്ഐമാർക്ക്

63 സ്റ്റേഷനുകൾ ഇനി വനിതാ സബ് ഇൻസ്‌പെക്ടർസ് നയിക്കും .

Aug 14, 2026
സംസ്ഥാനത്തെ പൊലീസ് സ്റ്റേഷൻ  ഭരണം ഇന്നു മുതൽ എസ്ഐമാർക്ക്
police station

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ പൊലീസ് സ്റ്റേഷൻ ഭരണത്തിൽ സമഗ്ര മാറ്റം. സ്റ്റേഷൻ ഭരണം ഇന്നു മുതൽ എസ്ഐമാർ ഏറ്റെടുക്കും. 

കേരള പൊലീസിന്റെ പുതിയ സംരംഭമായ 'മൈ പൊലീസ് സ്റ്റേഷൻ' (My Police Station) പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനവും ലോഗോ പ്രകാശനവും  2026 ഓഗസ്റ്റ് 14 രാവിലെ 10:30-ന് തിരുവനന്തപുരം പേരൂർക്കട പൊലീസ് സ്റ്റേഷനിൽ നടക്കും. മുഖ്യമന്ത്രി വി. ഡി. സതീശൻ ചടങ്ങ് ഉദ്ഘാടനം ചെയ്യും. ആഭ്യന്തര-വിജിലൻസ് വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല അധ്യക്ഷത വഹിക്കും. സംസ്ഥാന പൊലീസ് മേധാവി റവാഡ ആസാദ് ചന്ദ്ര ശേഖർ സ്വാഗതം ആശംസിക്കുന്ന ചടങ്ങിൽ ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരൻ മുഖ്യപ്രഭാഷണം നടത്തും.
പരാതിക്കാർക്ക് ആത്മവിശ്വാസത്തോടെ കടന്നുചെല്ലാൻ കഴിയുന്ന സേവനകേന്ദ്രങ്ങളാക്കി പൊലീസ് സ്റ്റേഷനുകളെ മാറ്റുക എന്നതാണ് മൈ പൊലീസ് സ്റ്റേഷൻ പദ്ധതിയുടെ പ്രധാനലക്ഷ്യം. ആധുനിക ജനാധിപത്യ സമൂഹത്തിന് അനുയോജ്യമായ വിധത്തിൽ പൊഫ്രഷണലിസത്തിലൂടെ സാങ്കേതിക വിദ്യ പരമാവധി പ്രയോജനപ്പെടുത്തി പൊലിസിന്റെ പ്രവർത്തനവും പൊതുജനങ്ങൾക്ക് നൽകുന്ന സേവനവും പടിപടിയായി മെച്ചപ്പെടുത്തുക എന്നതാണ് ഈ പരിഷ്കരണം കൊണ്ടുള്ള ആത്യന്തിക ലക്ഷ്യം.
പൗരന്റെ അന്തസിനെ പൂർണ്ണമായും മാനിച്ചുകൊണ്ട് പൊലീസ് സ്റ്റേഷനിൽ നിന്നും ജനങ്ങൾക്ക് ലഭിക്കേണ്ട സേവനങ്ങൾ കാര്യക്ഷമമായി ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക എന്ന വലിയ ചുവടു വയ്പാണിത്. പൊലീസ് സ്റ്റേഷൻ പരിസരം വൃത്തിയായി സൂക്ഷിക്കാനും പൊതുജനസൗഹൃദാന്തരീക്ഷം നിലനിർത്താനും ഈ പദ്ധതി ലക്ഷ്യമിടുന്നു.
അതോടൊപ്പം തന്നെ പൊലീസിന്റെ നേട്ടങ്ങളെ പിറകോട്ടടിക്കുന്ന വിധത്തിലുള്ള മൂന്നാം മുറ പൊലുള്ള അപരിഷ്കൃത- നിയമ വിരുദ്ധ പ്രവർത്തനങ്ങൾ ഇല്ലാതാക്കി ആധുനിക ജനാധിപത്യത്തിന്റെ ഉത്തമമാതൃകയാക്കി നമ്മുടെ പൊലീസ് സ്റ്റേഷനുകളെ മാറ്റാനും ആഭ്യന്തര വകുപ്പ് ഇതിലൂടെ ലക്ഷ്യമിടുന്നു. ഉന്നതമായ ഈ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനാവശ്യമായ പരിശീലനമടക്കമുള്ള കർമ്മ പരിപാടികൾക്ക് പൊലീസ് ഇതിനോടകം തന്നെ തുടക്കം കുറിച്ചുകഴിഞ്ഞു.
പരാതികളുമായി എത്തുന്നവർക്കായി പ്രത്യേക പരാതി ഹെൽപ്പ് ഡെസ്‌ക്, വനിത ഹെൽപ്പ്‌ ഡെസ്‌ക്‌, കുട്ടികളുടെ ഹെൽപ്പ്‌ ഡെസ്‌ക്‌, സീനിയർ സിറ്റിസൺ ഹെൽപ്പ്‌ ഡെസ്‌ക്‌, ട്രാൻസ്‌ജെൻഡർ ഹെൽപ്പ്‌ ഡെസ്‌ക്‌, ഭിന്നശേഷിക്കാർക്കായുള്ള ഹെൽപ്പ്‌ ഡെസ്‌ക്‌, സൈബർ ക്രൈം ഹെൽപ്പ്‌ ഡെസ്‌ക്‌, നിയമസഹായ ഹെൽപ്പ്‌ ഡെസ്‌ക്‌, വിവിധ അപേക്ഷകൾ, ഓൺലൈൻ സേവനങ്ങൾ, വിവരാവകാശ നിയമം, എഫ്‌.ഐ.ആർ പകർപ്പ്‌ തുടങ്ങി വിവിധ സേവനങ്ങൾ പൊതുജനങ്ങൾക്ക്‌ മൈ പൊലീസ്‌ സ്‌റ്റേഷനിൽ പദ്ധതിയുടെ ഭാഗമായി നടപ്പാക്കും.
ADGP. പി വിജയനായിരിക്കും My Police Station - എന്റെ പൊലീസ് സ്റ്റേഷന്റെ ചുമതല  
 

ജനമൈത്രി പൊലീസ് നല്ലൊരു ആശയമാണ്. അതിന്റെ ഏറ്റവും പ്രധാനപ്പെട്ട ഒരു ഭാഗമാണ് ബീറ്റ് പൊലീസ്. വീടുകളിലെത്തി വയോജനങ്ങൾക്കും കിടപ്പുരോഗികൾക്കും വിദേശത്തുള്ളവർക്കും ആവശ്യമായ സഹായങ്ങൾ ഉറപ്പാക്കുന്ന ഈ പദ്ധതി ഇടക്കാലത്ത് പരിമിതപ്പെട്ടു പോയിരുന്നു. ഈ സംവിധാനത്തെ കൂടുതൽ കാര്യക്ഷമവും പര്യാപ്തവുമാക്കും.

ഓരോ സ്റ്റേഷനിലും ലഭിച്ച പരാതികളുടെ എണ്ണം, തീർപ്പ് കൽപ്പിച്ചവ, എഫ്.ഐ.ആർ ഇട്ടവ തുടങ്ങിയ പ്രവർത്തന പുരോഗതി ഡിജിപിക്ക് ലഭ്യമാക്കുന്ന രീതിയിലാണ് 'My Police Station - എന്റെ പൊലീസ് സ്റ്റേഷൻ' സംവിധാനം ക്രമീകരിച്ചിരിക്കുന്നത്; ഇതിന്റെ അടിസ്ഥാനത്തിലുള്ള സമഗ്രമായ പ്രതിമാസ റിപ്പോർട്ട് ഡിജിപി സർക്കാരിന് സമർപ്പിക്കുകയും ചെയ്യും .
എന്റെ പൊലീസ് സ്റ്റേഷനെക്കുറിച്ചുള്ള ഫീഡ്‌ബാക്ക് റേഞ്ച് ഡി.ഐ.ജി സ്വീകരിക്കുകയും പരിശോധിക്കുകയും ചെയ്യും. തുടർന്ന് , വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് എസ്.ഐയ്ക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകും.
സ്റ്റേഷനുകളുടെ നിരീക്ഷണത്തിന് 200 പൊലീസ് സർക്കിളുകൾ  ഉണ്ടായിരിക്കും . 63 സ്റ്റേഷനുകൾ ഇനി വനിതാ സബ് ഇൻസ്‌പെക്ടർസ് നയിക്കും .
എന്റെ പൊലീസ് സ്റ്റേഷൻ' എന്ന പുതിയ പദ്ധതിയിലൂടെ പൊലീസിനെ കൂടുതൽ ജനകീയമാക്കാനും ശാസ്ത്രീയ അന്വേഷണ രീതികൾ നടപ്പിലാക്കാനും സർക്കാർ ലക്ഷ്യമിടുന്നതായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു .

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.