വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിക്കുന്നതിനുള്ള വെയർഹൗസ് സമയബന്ധിതമായി നിർമിക്കും- മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ
 
                                     
കോട്ടയം: കോട്ടയത്ത് ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിക്കുന്നതിനുള്ള വെയർ ഹൗസിന്റെ നിർമാണം സമയബന്ധിതമായി പൂർത്തീകരിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. ഖേൽക്കർ അറിയിച്ചു. നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വോട്ടർ പട്ടിക പരിഷ്‌കരണ പ്രവർത്തനങ്ങൾ വിലയിരുത്താൻ എത്തിയതായിരുന്നു അദ്ദേഹം.
വെയർ ഹൗസ് നിർമാണത്തിനായി മുട്ടമ്പലത്ത് കണ്ടെത്തിയിട്ടുള്ള റവന്യു വകുപ്പിന്റെ ഉടമസ്ഥതയിലുള്ള സ്ഥലം മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ സന്ദർശിച്ചു. സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് വിഭാഗത്തിന് സ്വന്തമായി വെയർഹൗസില്ലാത്ത ഏകജില്ലയാണ് കോട്ടയം. നഗരസഭയുടെ ഉടമസ്ഥതയിൽ തിരുവാതുക്കലിലുള്ള എപിജെ അബ്ദുൽ കലാം ഓഡിറ്റോറിയമാണ് നിലവിൽ വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിക്കാൻ ഉപയോഗിക്കുന്നത്.
വോട്ടർ പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട് അപേക്ഷകളിൽ തീർപ്പുകൽപ്പിക്കുന്നതിൽ കോട്ടയം ജില്ല ഗണ്യമായ പുരോഗതി കൈവരിച്ചതായി അദ്ദേഹം പറഞ്ഞു. പുതിയതായി പേരു ചേർക്കുന്നതിനും തിരുത്തലുകൾ വരുത്തുന്നതിനും സ്ഥലം മാറ്റുന്നതിനും ഉൾപ്പെടെയുള്ള ലഭിച്ചിട്ടുള്ള അപേക്ഷകളിൽ ഓഗസ്റ്റ് 31ന് മുൻപ് നടപടി സ്വീകരിക്കണമെന്നാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശം. ഇതനുസരിച്ച് പ്രവർത്തനം ഊർജ്ജിതമാക്കണമെന്ന് ഡോ. രത്തൻ ഖേൽക്കർ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
കളക്ടറേറ്റിൽ ചേർന്ന അവലോകന യോഗത്തിൽ ജില്ലാ കളക്ടർ ചേതൻകുമാർ മീണ, തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടർ ഷീബ മാത്യു, ഇലക്ട്രറൽ രജിസ്ട്രേഷൻ ഓഫീസർമാരായ ഡെപ്യൂട്ടി കളക്ടർമാർ എന്നിവർ പങ്കെടുത്തു.
ഫോട്ടോക്യാപ്ഷൻ:
ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിക്കുന്നതിനു വെയർ ഹൗസ് നിർമിക്കുന്നതിനായി കണ്ടെത്തിയ മുട്ടമ്പലത്തെ സ്ഥലം മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. ഖേൽക്കർ സന്ദർശിക്കുന്നു. ജില്ലാ കളക്ടർ ചേതൻകുമാർ മീണ സമീപം.
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 




 
                                                                                                                                             
                                                                                                                                             
                                                                                                                                             
                                             
                                             
                                             
                                             
                                             
                                            