തിരുവനന്തപുരം :എസ്.എസ്.എൽ.സി പരീക്ഷ സർട്ടിഫിക്കറ്റുകളുടെ തിരുത്തലിനും, ഡ്യൂപ്ലിക്കേറ്റ് എടുക്കുന്നതിനും കാലതാമസമുണ്ടെന്ന നിരവധി പരാതി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഇന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ ഷംസുദ്ദീൻ പരീക്ഷ ഭവനിൽ മിന്നൽ പരിശോധന നടത്തി.
പരീക്ഷ ഭവനിൽ എത്തിയ അപേക്ഷകരുടെ പരാതികൾ നേരിട്ട് കേട്ടറിഞ്ഞു.
എസ്.എസ്.എൽ.സി പരീക്ഷ സർട്ടിഫിക്കറ്റുകളുടെ തിരുത്തലിനും, ഡ്യൂപ്ലിക്കേറ്റ് എടുക്കുന്നതിനും രണ്ട് മുതൽ മൂന്ന് മാസം വരെ കാലതാമസമുണ്ടെന്ന വിവരം നേരിട്ട് ബോധ്യപ്പെട്ടതായി വിദ്യാഭ്യാസ വകുപ്പ് മന്ത്രി പറഞ്ഞു.. ഇതിന്റെ അടിസ്ഥാനത്തിൽ കാലതാമസം മാറ്റുന്നതിനുള്ള നടപടി അതിവേഗം നടപ്പിലാക്കണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഡ്യൂപ്ലിക്കേറ്റുകളിലെ വിവരങ്ങൾ സ്കൂളുകളിൽ പോയി തിരുത്തി തിരിച്ചു വരുന്നത് കൊണ്ടുള്ളതാണ് നിലവിലെ കാലതാമസമെന്ന് പരീക്ഷ ഭവനിലെ ജീവനക്കാർ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിൽ അത് ഒഴിവാക്കുന്നതിന് വേണ്ടി കാലാനുസൃതമായി മാറ്റം വരുത്താനുള്ള നിർദ്ദേശം നൽകിയിട്ടുണ്ട്.
അതിന് വേണ്ടി പരീക്ഷാ ഭവനിൽ അടിയന്തരമായി 60 ലാപ്പ്ടോപ്പുകൾ അനുവദിച്ചു.
അപേക്ഷകൾ ലഭിച്ചാൽ 15 ദിവസത്തിനകം സർട്ടിഫിക്കറ്റുകൾ നൽകണം. പരീക്ഷാ ഭവനിലെ റിസപ്ഷനിലെ ഫോണുകൾ എടുക്കുന്നില്ലെന്ന പരാതി നേരിട്ട് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ അപേക്ഷകർക്ക് വിവരങ്ങൾ നൽകാൻ റിസപ്ഷനിലും, സൂപ്രണ്ടുമാർക്കും മൊബൈൽ ഫോൺ സൗകര്യം ഉറപ്പാക്കാനും നിർദ്ദേശിച്ചു. അപേക്ഷകർ കൂടുതൽ സമയം ക്യൂ നിൽക്കുന്നത് ഒഴിവാക്കാൻ കൗണ്ടറിൽ കൂടുതൽ ജീവനക്കാരെ നിയോഗിക്കണമെന്ന് പരീക്ഷ ഭവൻ സെക്രട്ടറിക്കും കർശന നിർദ്ദേശം നൽകി. ഇക്കാര്യങ്ങളെല്ലാം പരീക്ഷാഭവൻ ജോയിന്റ് കമ്മീഷണർ മോണിറ്ററിംഗ് ചെയ്ത് റിപ്പോർട്ട് ചെയ്യണമെന്നും, ഇക്കാര്യത്തിൽ കർശന മാർഗനിർദ്ദേശം തയ്യാറാക്കാൻ പൊതു വിദ്യാഭ്യാസ ഡയറക്ടർക്കും നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു