സീറോ മലബാർ സഭയിൽ നാലു പുതിയ അതിരൂപതകൾ; അദിലാബാദ്, ബൽത്തങ്ങാടി കല്ല്യാൺ രൂപതകളിൽ പുതിയ മെത്രാന്മാർ
മാർ കുര്യാക്കോസ് ഭരണികുളങ്ങര, മാർ സെബാസ്റ്റ്യൻ വടക്കേൽ, മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ, മാർ പ്രിൻസ് ആന്റണി പാണേങ്ങാടൻ എന്നിവരെ മെത്രാപ്പോലീത്തൻ ആർച്ചുബിഷപ്പുസ്‌ഥാനത്തു നിയമിച്ചു
 
                                    കാക്കനാട്: സീറോമലബാർ മേജർ ആർക്കിഎപ്പിസ്കോപ്പൽ സഭയുടെ മുപ്പത്തിമൂന്നാമത് മെത്രാൻ സിനഡിൻ്റെ രണ്ടാം സമ്മേളനത്തിനോട് അനുബന്ധിച്ച് ഇന്ന് നടത്തിയ മാധ്യമ സമ്മേളനത്തില്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ സഭയിലെ പുതിയ നിയമനങ്ങള്‍ പ്രഖ്യാപിച്ചു. സീറോമലബാർസഭയിൽ ഫരീദാബാദ്, ഉജ്ജയിൻ, കല്യാൺ, ഷംഷാബാദ് രൂപതകളെ അതിരൂപതകളായി ഉയർത്തി.
മാർ കുര്യാക്കോസ് ഭരണികുളങ്ങര, മാർ സെബാസ്റ്റ്യൻ വടക്കേൽ, മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ, മാർ പ്രിൻസ് ആന്റണി പാണേങ്ങാടൻ എന്നിവരെ മെത്രാപ്പോലീത്തൻ ആർച്ചുബിഷപ്പുസ്‌ഥാനത്തു നിയമിച്ചുകൊണ്ടും ബൽത്തങ്ങാടി രൂപതാമെത്രാനായി ക്ളരീഷ്യൻ സന്യാസസമൂഹാംഗമായ ഫാ. ഡോ. ജെയിംസ് പട്ടേരിലിനെയും അദിലാബാദ് രൂപതാധ്യക്ഷനായി സിഎംഐ സന്യാസസമൂഹാംഗമായ ഫാ. ഡോ. ജോസഫ് തച്ചാപറമ്പത്തിനെയും നിയമിച്ചു.
കേരളത്തിനു പുറത്തുള്ള പന്ത്രണ്ടു രൂപതകളുടെ അതിർത്തി പുനർനിർണയിച്ചു. സീറോമലബാർ സഭാകേന്ദ്രത്തിൽ ആഗസ്‌റ്റ് പതിനെട്ടാം തീയതി ആരംഭിച്ച മുപ്പത്തിമൂന്നാമതു മെത്രാൻ സിനഡിന്റെ രണ്ടാമത്തെ സമ്മേളനമാണ് പുതിയ അതിരൂപതകളെയും ആർച്ചുബിഷപ്പുമാരെയും പുതിയ രൂപതാമെത്രാന്മാരെയും രൂപതകളുടെ അതിർത്തി പുനർനിർ ണയത്തെയും സംബന്ധിച്ചുള്ള തീരുമാനമെടുത്തത്.
സിനഡുതീരുമാനങ്ങൾക്കു വത്തിക്കാന്റെ അംഗീകാരം ലഭിച്ചതോടെ മേജർ ആർച്ചുബിഷപ്പ് ഇതുസംബന്ധിച്ച കല്പനകൾ പുറപ്പെടുവിച്ചു. ഇന്ന്‍ ആഗസ്റ്റ് 28നു സഭയുടെ ആസ്‌ഥാന കാര്യാലയത്തിൽ നടന്ന പൊതു സമ്മേളനത്തിലാണ് സിനഡുപിതാക്കന്മാരുടെ സാന്നിധ്യത്തിൽ മേജർ ആർച്ചു ബിഷപ്പ് ഇക്കാര്യങ്ങൾ പ്രസിദ്ധപ്പെടുത്തിയത്. ഇതു സംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഇന്ന് ഇറ്റാലിയൻ സമയം ഉച്ചയ്ക്ക് 12 മണിക്കു വത്തിക്കാനിലും നടന്നു.
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 




 
                                                                                                                                             
                                                                                                                                             
                                                                                                                                             
                                             
                                             
                                             
                                             
                                             
                                            