സ്വർണ്ണവില വീണ്ടും കുറഞ്ഞു
കൊച്ചി : സംസ്ഥാനത്ത് സ്വർണ വില ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ. ധനമന്ത്രി നിർമല സീതാരാമൻ ബജറ്റിൽ ഇറക്കുമതി തീരുവ കുറച്ച പ്രഖ്യാപനത്തിന് ശേഷം ഇതുവരെ സ്വർണം പവന് കുറഞ്ഞത് 3,560 രൂപയാണ്.
ഇന്ന് രാവിലെ 51,200 രൂപയായിരുന്ന സ്വർണവില പവന് 800 രൂപ കുറഞ്ഞ് 50,400 രൂപയായി. ഗ്രാമിന് 100 രൂപ കുറഞ്ഞ് 6,300 രൂപയിലെത്തി.ഇന്ന് രാവിലത്തെ നിരക്ക് നിർണയ യോഗത്തിൽ നിരക്ക് മാറ്റം വേണ്ടെന്ന് തീരുമാനിച്ച കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ 11 മണിയോടെയാണ് വില കുറയ്ക്കാൻ തീരുമാനമെടുത്തത്.
കേന്ദ്ര ബജറ്റിൽ സ്വർണത്തിന്റെ കസ്റ്റംസ് തീരുവ 15 ശതമാനത്തിൽ നിന്ന് 6 ശതമാനമായാണ് കുറച്ചത്. ഇത് കേരളത്തിലെ വിലയിൽ കുറവുണ്ടാക്കുന്നില്ലെന്ന് വിമർശനമുണ്ടായിരുന്നു.