ലിറ്റിൽ കൈറ്റ്സ് സംസ്ഥാന അവാർഡുകൾ പ്രഖ്യാപിച്ചു; മാതാ എച്ച് എസ് മണ്ണംപേട്ട മികച്ച യൂണിറ്റ്
പൊതുവിദ്യാലയങ്ങളിൽ കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) നടപ്പാക്കുന്ന 'ലിറ്റിൽ കൈറ്റ്സ്' പദ്ധതിയിലെ സംസ്ഥാനതല അവാർഡുകൾ പ്രഖ്യാപിച്ചു. മാതാ എച്ച് എസ് മണ്ണംപേട്ട ജില്ലയിലെ മികച്ച യൂണിറ്റായി തിരഞ്ഞെടുക്കപ്പെട്ടു. എസ്സ്. എച്ച്. സി. ജി. എച്ച്. എസ്സ്. എസ്സ്. ചാലക്കുടി രണ്ടാം സ്ഥാനവും, എസ്സ്. സി. ജി. എച്ച്. എസ്സ്. എസ്സ്. കോട്ടക്കൽ മാള മൂന്നാം സ്ഥാനവും കരസ്ഥമാക്കി. പി. സി. ജി. എച്ച്. എസ്സ്. വെള്ളിക്കുളങ്ങര , എം ആർ ആർ എം എച്ച് എസ് എസ് ചാവക്കാട്, ദീപ്തി എച്ച് എസ് തലോർ, എൻ. എച്ച്. എസ്സ്. എസ്സ്. ഇരിങ്ങാലക്കുട, എസ്സ്. എസ്സ്. എം. എച്ച്. എസ്സ്. അഴീക്കോട്, സെന്റ് ജോസഫ്സ് ആന്റ് സെന്റ് സിറിൽസ് എച്ച്.എസ്.എസ്. വെസ്റ്റ് മങ്ങാട്, എസ്സ്. എൻ. ഡി. പി. എച്ച്. എസ്സ്. എസ്സ്. പാലിശ്ശേരി, സെന്റ് ജോസഫ്സ് എച്ച്.എസ്.എസ്. പാവറട്ടി, സെന്റ് അഗസ്റ്റിൻ എച്ച് എസ് എസ് കുട്ടനെല്ലൂർ, എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര, എൻ എസ് എസ് വി എച്ച് എസ് എസ് മുണ്ടത്തിക്കോട് എന്നീ യൂണിറ്റുകൾ ഉപജില്ലകളിലെ മികച്ച യൂണിറ്റുകളായി തെരഞ്ഞെടുക്കപ്പെട്ടു. ഹൈടെക് പദ്ധതിയുടെ ഭാഗമായി കുട്ടികളുടെ പങ്കാളിത്തം ഉറപ്പാക്കാൻ ലക്ഷ്യമിട്ട് ജില്ലയിലെ 193ഹൈസ്കൂളുകളിലാണ് നിലവിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളുള്ളത്. ജില്ലാതലത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടുന്ന സ്കൂളുകൾക്ക് യഥാക്രമം 40,000, 30,000, 20,000 രൂപ വീതമാണ് ക്യാഷ് അവാർഡ്. പുരസ്കാര തുകയ്ക്ക് പുറമെ പ്രത്യേകം രൂപകല്പന ചെയ്ത ട്രോഫിയും പ്രശംസാപത്രവും ഈ സ്കൂളുകൾക്ക് ലഭിക്കും. ഉപജില്ലാതല മികവിനായി സർട്ടിഫിക്കറ്റുകളും വിതരണം ചെയ്യുന്നതാണ്. യൂണിറ്റുകളുടെ ദൈനംദിന പ്രവർത്തനം, സാമൂഹിക ഇടപെടൽ, സ്കൂൾ വിക്കി, ഹൈടെക് ക്ലാസ്റൂം പരിപാലനം തുടങ്ങി 16 മേഖലകളിലെ പ്രവർത്തനങ്ങൾ പരിശോധിച്ചാണ് കൈറ്റ് സി.ഇ.ഒ കെ. അൻവർ സാദത്ത് ചെയർമാനായ സമിതി അവാർഡ് ജേതാക്കളെ നിശ്ചയിച്ചത്. അവധിക്കാലത്ത് നടക്കുന്ന ലിറ്റിൽ കൈറ്റ്സ് സംസ്ഥാന ക്യാമ്പിനോടനുബന്ധിച്ച് അവാർഡുകൾ വിതരണം ചെയ്യും. വിജയികളുടെ പൂർണ്ണരൂപം www.kite.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.


