ഭാവിയിൽ ലോകം ശ്രദ്ധിക്കുന്ന മാതൃകയായി സുശക്തി മിഷൻ മാറും: മുഖ്യമന്ത്രി

Mar 9, 2026
ഭാവിയിൽ ലോകം ശ്രദ്ധിക്കുന്ന മാതൃകയായി സുശക്തി മിഷൻ മാറും: മുഖ്യമന്ത്രി
c m

മൂന്നു പതിറ്റാണ്ടുകൾക്കു മുൻപ് തുടക്കമിട്ട കുടുംബശ്രീ പോലെ ഭാവിയിൽ ലോകം ശ്രദ്ധിക്കുന്ന മാതൃകയായി സുശക്തി മിഷൻ മാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഭിന്നശേഷിക്കാരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും സമഗ്ര പുനരധിവാസം ലക്ഷ്യമിട്ടുള്ള പദ്ധതി എന്ന രൂപത്തിലാണ് ഇത് നടപ്പിലാക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.  സംസ്ഥാന ഭിന്നശേഷി ക്ഷേമ കോർപ്പറേഷൻ ഭിന്നശേഷിക്കാരുടെ ശാക്തീകരണത്തിനായി ആരംഭിച്ച സുശക്തി സ്വയംസഹായ സംഘങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം സെൻട്രൽ സ്റ്റേഡിയത്തിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെയും വിവിധ ഏജൻസികളുടെയും ക്ഷേമപദ്ധതികളെയും തൊഴിൽ പദ്ധതികളെയും യോജിപ്പിച്ചുകൊണ്ടാണ് സുശക്തി നടപ്പാക്കുന്നത്. ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നതോടൊപ്പം അവയുടെ ഗുണമേന്മ ഉറപ്പുവരുന്നതിനും പുതിയ വിപണി സാധ്യതകൾ കണ്ടെത്തുന്നതിനും ബ്രാൻഡിംഗിനും സഹായം നൽകും. ശാരീരികമോ മാനസികമോ ബൗദ്ധികമോ ആയ വെല്ലുവിളികൾ നേരിടുന്ന ഏതൊരാൾക്കും മിഷനിൽ അംഗമാകാം.10 മുതൽ 20 വരെ വ്യക്തികൾ അടങ്ങുന്ന യൂണിറ്റുകളായാണ് പ്രവർത്തനം. തദ്ദേശ സ്വയംഭരണ സ്ഥാപന തലത്തിൽ ലോക്കൽ ഡെവലപ്‌മെന്റ് സൊസൈറ്റികളും ജില്ലാതല ഏകോപന സംവിധാനങ്ങളും ഇതിനുണ്ട്. അംഗങ്ങൾക്കിടയിൽ സമ്പാദ്യശീലം വളർത്തുന്നതിനൊപ്പം സംരംഭങ്ങൾക്കായി വായ്പകളും ലഭ്യമാക്കും. ഭിന്നശേഷിക്കാരോടുള്ള വിവേചനങ്ങൾ അവസാനിപ്പിക്കുന്നതിന് സാമൂഹിക ബോധവൽക്കരണ പരിപാടികളും സുശക്തി മിഷൻ ഏറ്റെടുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായി സർക്കാർ നിരവധി പദ്ധതികളാണ് നടപ്പിലാക്കി വരുന്നത്. ഭിന്നശേഷി കേസുകൾ കൈകാര്യം ചെയ്യാൻ പ്രത്യേക കോടതികൾ രൂപീകരിച്ച് പബ്ലിക് പ്രോസിക്യൂട്ടർമാരെ നിയമിച്ചു. എല്ലാ ജില്ലകളിലും സേവനങ്ങൾ ലഭ്യമാക്കാൻ കമ്മിറ്റികൾ രൂപീകരിച്ചു.  സർക്കാർ തലത്തിൽ 1458 തസ്തികകളിൽ റിക്രൂട്ട്‌മെന്റ് നടത്തി. സർക്കാർ ജോലികളിൽ 4ശതമാനം സംവരണവും ഉന്നത വിദ്യാഭ്യാസ മേഖലയിൽ 5 ശതമാനം സംവരണവും ഉറപ്പാക്കി. ബാരിയർ ഫ്രീ കേരള പദ്ധതിയിലൂടെ പൊതു ഇടങ്ങൾ ഭിന്നശേഷി സൗഹൃദമാക്കി. ഭിന്നശേഷിക്കാരായ കുട്ടികളുടെ കുടുംബങ്ങൾക്ക് ഒരുമിച്ച് താമസിക്കാവുന്ന മാതൃകാ അസിസ്റ്റഡ് ലിവിങ് കേന്ദ്രങ്ങൾക്ക് തുടക്കമിട്ടു. സമഗ്ര അവകാശങ്ങളെ അടിസ്ഥാനമാക്കി സേവനങ്ങൾ നടപ്പിലാക്കാൻ അനുയാത്ര പദ്ധതി ആരംഭിച്ചു. ഭിന്നശേഷി കുട്ടികളുടെ അമ്മമാർക്ക് സ്വയംതൊഴിൽ സഹായവും നൽകിവരുന്നു. ഇപ്രകാരം ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും സർക്കാരും പൊതുസമൂഹവും അവർക്കൊപ്പം ഉണ്ട്. എല്ലാ വിഭാഗം ജനങ്ങളെയും ഉൾക്കൊള്ളുന്ന വികസനവും ക്ഷേമപദ്ധതികളും എല്ലാവർക്കും ലഭ്യമാകുന്ന ഒരു നവകേരളം സൃഷ്ടിക്കുകയാണ് ഈ പ്രവർത്തനങ്ങളുടെയെല്ലാം അന്തിമ ലക്ഷ്യമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സുശക്തി ലോഗോ മുഖ്യമന്ത്രി  ഭിന്നശേഷി ക്ഷേമ കോർപ്പറേഷൻ ചെയർപേഴ്സൺ അഡ്വ എം വി ജയഡാളിക്ക്  നൽകി പ്രകാശനം ചെയ്തു. സുശക്തിയുടെ ആദ്യ അംഗത്വം മുഖ്യമന്ത്രിയിൽ നിന്നും ഡയറക്ടർ ഗിരീഷ് കീർത്തി ഏറ്റുവാങ്ങി.

കുടുംബശ്രീ പ്രസ്ഥാനം ഏതു മാതൃകയിലാണോ കേരളീയ സമൂഹത്തിൽ മാറ്റങ്ങൾ കൊണ്ടുവന്നത് അതേപോലെ ഭിന്നശേഷിക്കാരുടെ ദൃശ്യതയും സാന്നിധ്യവും വർദ്ധിപ്പിക്കാനും അവരെ വരുമാനദായകമായ സംരംഭങ്ങളിലേക്ക് നയിക്കാനുമാണ് സുശക്തി നെറ്റ് വർക്ക് വിഭാവനം ചെയ്തിരിക്കുന്നതെന്ന് ചടങ്ങിൽ അദ്ധ്യക്ഷയായ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. ചലനപരിമിതി നേരിടുന്നവർക്ക് സഞ്ചാരസ്വാതന്ത്ര്യം ഉറപ്പാക്കുന്നതിനായി ശുഭയാത്രാ പദ്ധതിയിലൂടെ വിതരണം ചെയ്യുന്ന 1800 സൈഡ് വീൽ സ്‌കൂട്ടറുകളുടെ സംസ്ഥാനതല വിതരണോദ്ഘാടനം നസീറിനും മനുജയ്ക്കും താക്കോലുകൾ കൈമാറി  മന്ത്രി നിർവഹിച്ചു. 18 വയസ്സുവരെ ഇരുപതിനായിരം രൂപ നിക്ഷേപിക്കുക വഴി തീവ്രഭിന്നശേഷിക്കാരായ കുട്ടികളുടെ ഭാവിയിൽ താങ്ങാവുന്ന ഹസ്തദാനം സ്ഥിര നിക്ഷേപ പദ്ധതിയിൽ ഈ വർഷം തിരഞ്ഞെടുക്കപ്പെട്ട 1200 പേരുടെ  സ്ഥിര നിക്ഷേപ സർട്ടിഫിക്കറ്റ് വിതരണത്തിന്റെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു.

സംസ്ഥാന ഭിന്നശേഷി കമ്മീഷണർ  ഡോ. പി ടി ബാബുരാജ്, സാമൂഹ്യനീതി വകുപ്പ് ഡയറക്ടർ ഡോ. അരുൺ എസ് നായർ, പ്ലാനിംഗ് ബോർഡ് അംഗം പ്രൊഫ. മിനി സുകുമാർ, ഭിന്നശേഷി ക്ഷേമ കോർപ്പറേഷൻ  മാനേജിംഗ് ഡയറക്ടർ കെ മൊയ്തീൻകുട്ടി തുടങ്ങിയവർ സംസാരിച്ചു. കെൽട്രോൺ മാനേജിംഗ് ഡയറക്ടർ ശ്രീകുമാർ നായർ, നിപ്മർ എക്സിക്യുട്ടീവ് ഡയറക്ടർ ഡോ. അബ്ബാസ് അലി, ഓർഫനേജ് കൺട്രോൾ ബോർഡ് മെമ്പർ സെക്രട്ടറി അഡ്വ. എം കെ സിനുകുമാർ, ഭിന്നശേഷി ക്ഷേമ കോർപ്പറേഷൻ ഡയറക്ടർ ചാരുമൂട് പുരുഷോത്തമൻ, മുൻ ഡയറക്ടർ ബോർഡ് അംഗം കൊറ്റാമം വിമൽകുമാർ തുടങ്ങിയവർ സംബന്ധിച്ചു.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.