കരിയിലക്കുളം കറിയാച്ചേട്ടൻ ഇനി ഓർമ്മ ,വിട ചൊല്ലി ഇടകടത്തി നാട്

Oct 18, 2026
കരിയിലക്കുളം കറിയാച്ചേട്ടൻ ഇനി ഓർമ്മ ,വിട ചൊല്ലി ഇടകടത്തി നാട്
CHIEF MINISTER SRI V D SATHEESAN

കരിയിലക്കുളം കറിയാച്ചേട്ടൻ ഇനി ഓർമ്മ ,വിട ചൊല്ലി ഇടകടത്തി നാട് 

എരുമേലി: മറുനാടന്‍ മലയാളി ചീഫ് എഡിറ്റര്‍ ഷാജന്‍ സ്‌കറിയയുടെ പിതാവ് കെ.ടി. സ്‌കറിയയ്ക്ക് നാടൊന്നാകെ കണ്ണീരില്‍ കുതിര്‍ന്ന അന്ത്യയാത്രയേകി. ഭാര്യ അന്നമ്മ സ്‌കറിയയ്ക്കരികില്‍ ഏഴു മക്കളും മരുമക്കളും കൊച്ചുമക്കളും ഒത്തുചേര്‍ന്നുനിന്ന കാഴ്ച, പതിറ്റാണ്ടുകളായി ഒരു കുടുംബത്തെ സ്‌നേഹത്തോടെ ചേര്‍ത്തുനിര്‍ത്തിയ ഗൃഹനാഥന്റെ ജീവിതത്തിന്റെ നേര്‍ചിത്രമായി. പ്രിയപ്പെട്ടവനെ യാത്രയാക്കാനുള്ള വേദനയിലും കുടുംബാംഗങ്ങള്‍ ബന്ധുക്കളെയും സുഹൃത്തുക്കളെയും സ്‌നേഹത്തോടെ സ്വീകരിച്ചു. വീട്ടിലെ പ്രാര്‍ത്ഥനകള്‍ക്കുശേഷം ആരംഭിച്ച സംസ്‌കാരശുശ്രൂഷകളില്‍ ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കുമൊപ്പം രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക, മാധ്യമ രംഗങ്ങളിലെ പ്രമുഖരും പങ്കുചേര്‍ന്നു. വൈദികന്‍ കൂടിയായ മൂത്ത മകന്‍ ഫാ. ടോമി കരിയിലക്കുളം പിതാവിനെ സന്തോഷത്തോടെയാണ് യാത്രയാക്കുന്നതെന്ന് പറഞ്ഞപ്പോഴും ഇടറിയ ശബ്ദവും നിറഞ്ഞ കണ്ണുകളും ദേവാലയത്തില്‍ സന്നിഹിതരായവരെ ഈറനണിയിച്ചു. മറ്റൊരു മകനായ ഷാജന്‍ സ്‌കറിയ സംസ്‌കാരശുശ്രൂഷയ്ക്കിടെ പിതാവിന്റെ ഭവനത്തിലേക്കുള്ള മടക്കത്തെക്കുറിച്ചുള്ള പ്രാര്‍ത്ഥനാഭാഗം വായിച്ചപ്പോഴും ദുഃഖം താങ്ങാനാകാതെ പലരുടെയും ഓർമ്മകൾ വിതുമ്പലായി .

കര്‍ണാടകത്തിലെ ഭദ്രാവതി രൂപതയില്‍ നിന്ന് 16 മണിക്കൂറോളം യാത്ര ചെയ്‌തെത്തിയ ബിഷപ് മാര്‍ ജോസഫ് അരുമച്ചാടത്ത് സംസ്‌കാരശുശ്രൂഷകള്‍ക്ക് മുഖ്യകാര്‍മികത്വം വഹിച്ചു.

മുഖ്യമന്ത്രി വി.ഡി. സതീശന്‍, മുന്‍ കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍, നിയമസഭാ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, മന്ത്രിമാരായ സണ്ണി ജോസഫ്, സി.പി. ജോണ്‍, മോന്‍സ് ജോസഫ്, എം. ലിജു, പി.സി. വിഷ്ണുനാഥ്, എ.പി. അനില്‍കുമാര്‍, കായികമന്ത്രി ഒ.ജെ. ജനീഷ്, ബിജെപി നേതാവ് ഷോണ്‍ ജോര്‍ജ്, രാഹുല്‍ മാങ്കൂട്ടത്തില്‍, സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാം, കെപിസിസി രാഷ്ട്രീയകാര്യ സമിതിയംഗം പി.ജെ. കുര്യന്‍, തിരുവനന്തപുരം മേയര്‍ വി വി രാജേഷ് ,കേരളാ കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി , റോഷി അഗസ്റ്റിൻ ,പൂഞ്ഞാർ എം എൽ എ എം ജെ സെബാസ്റ്റ്യൻ , റാന്നി എം എൽ എ  പഴകുളം മധു ,ടോമി കല്ലാനി ,മനുഷ്യാവകാശ പ്രവർത്തകൻ ജോമോൻ പുത്തൻപുരക്കൽ,കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറൽ ഫാ ബോബി അലക്സ് മണ്ണംപ്ളാക്കൽ  തുടങ്ങി വിവിധ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക നേതാക്കള്‍ അന്ത്യോപചാരമര്‍പ്പിക്കാനെത്തി.ഓൺലൈൻ മാധ്യമ കൂട്ടയ്മയായ .കോം  നുവേണ്ടി പ്രസിഡന്റ് വിൻസെന്റ് നെല്ലിക്കുന്നേൽ അന്ത്യോപചാരം അർപ്പിച്ചു .ശബരി  ന്യൂസ്,അക്ഷയ ന്യൂസ്  കേരളക്ക് വേണ്ടി ചീഫ് എഡിറ്റർ സോജൻ ജേക്കബ് അന്ത്യാഞ്ജലി അർപ്പിച്ചു .

രാവിലെ 11.30ന് ആരംഭിച്ച സംസ്‌കാരശുശ്രൂഷകള്‍ ഉച്ചകഴിഞ്ഞ് രണ്ടുമണിയോടെ പൂര്‍ത്തിയായി. ഉമിക്കുപ്പയിലെ ലൂര്‍ദ് മാതാ പള്ളി പരിസരത്ത് നടന്ന ശുശ്രൂഷകള്‍ക്കുശേഷം ഭൗതികശരീരം സെമിത്തേരിയിലേക്ക് കൊണ്ടുപോയി. ദൂരദേശങ്ങളില്‍ നിന്നുള്‍പ്പെടെ എത്തി കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേര്‍ന്ന എല്ലാവര്‍ക്കും ബന്ധുക്കള്‍ നന്ദി അറിയിച്ചു.

Jeferson Mathew Thrissur iRINJALAKUDA AREA RELATED NEWS REPORTING , LAST 18 YEARS RUNNING AKSHAYA CENTRE IN IRINJALAKUDA TOWN